കേരളം

kerala

എംബാപ്പെയ്‌ക്കും നെയ്‌മര്‍ക്കും പകരക്കാരന്‍?; ഉസ്‌മാൻ ഡെംബെലെ പിഎസ്‌ജിയില്‍

By

Published : Aug 12, 2023, 9:27 PM IST

ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ഫോര്‍വേഡ് ഉസ്‌മാൻ ഡെംബെലെയെ (Ousmane Dembele) കൂടാരത്തില്‍ എത്തിച്ച് പിഎസ്‌ജി.

PSG signs Ousmane Dembl from Barcelona  PSG  Ousmane Dembl  Barcelona  Ousmane Dembl transfer  പാരിസ് സെന്‍റ് ജെർമെയ്‌ന്‍  പിഎസ്‌ജി  കിലിയന്‍ എംബാപ്പെ  ഉസ്‌മാൻ ഡെംബെലെ  ഉസ്‌മാൻ ഡെംബെലെ പിഎസ്‌ജിയില്‍  ബാഴ്‌സലോണ
ഉസ്‌മാൻ ഡെംബെലെ

പാരിസ്:സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും നെയ്‌മറും ക്ലബില്‍ തുടരുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കെ മുന്നേറ്റ നിരയിലേക്ക് പുതിയ താരത്തെ എത്തിച്ച് ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പാരിസ് സെന്‍റ് ജെർമെയ്‌ന്‍ (പിഎസ്‌ജി). സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഫ്രഞ്ച് ഫോര്‍വേഡ് ഉസ്‌മാൻ ഡെംബെലെയെയാണ് (Ousmane Dembele) പിഎസ്‌ജി റാഞ്ചിയത്. 50.4 മില്യൺ യൂറോ (458 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ട്രാന്‍സ്‌ഫര്‍ ഫീ. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

പാരിസിന്‍റെ പ്രാന്തപ്രദേശമായ വെർനോണിൽ ജനിച്ച 26-കാരനായ ഡെംബെലെ റെനൈസ് യൂത്ത് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. 2016-17 സീസണിന് ശേഷം ജര്‍മന്‍ ക്ലബായ ബോറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നുമാണ് താരം ബാഴ്‌സലോണയില്‍ എത്തുന്നത്. അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പകരക്കാരനെന്ന നിലയിലായിരുന്നു ഉസ്‌മാൻ ഡെംബെലെയെ സ്‌പാനിഷ്‌ വമ്പന്മാര്‍ തൂക്കിയത്.

147 മില്യണ്‍ യൂറോയായിരുന്നു ബാഴ്‌സ ഡെംബെലെയ്‌ക്കായി മുടക്കിയത്. സ്‌പാനിഷ് ക്ലബിനൊപ്പമുള്ള തുടക്കത്തില്‍ പരിക്ക് വലച്ചിരുന്നുവെങ്കിലും, പിന്നീട് ടീമിന്‍റെ പ്രധാനിയായി താരം വളര്‍ന്നു. വേഗവും പ്ലേ മെയ്‌ക്കിങ് മികവുമാണ് ഡെംബെലെയെ വേറിട്ട് നിര്‍ത്തിയത്.

ബാഴ്‌സലോണയ്‌ക്കായി 185 മത്സരങ്ങളിൽ നിന്നും 62 ഗോളുകളാണ് ഫ്രഞ്ച് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ടീമിന്‍റെ മൂന്ന് സ്പാനിഷ് ലീഗ് വിജയത്തിലും രണ്ട് കോപ്പ ഡെൽ റേ കിരീട നേട്ടത്തിലും താരം പ്രധാനിയായിട്ടുണ്ട്. ലാ ലിഗയുടെ നിയമം പാലിക്കുന്നതിനായി കടം കുറയ്ക്കുന്നതിനും കളിക്കാരുടെ വേതനഭാരം കുറയ്ക്കുകയും ചെയ്യേണ്ടി വന്നതിനാലാണ് ബാഴ്‌സ സൂപ്പര്‍ വിങ്ങറെ കയ്യൊഴിഞ്ഞത്.

നേരത്തെ പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സയിലേക്ക് തിരികെ എത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലാ ലിഗ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമം വിലങ്ങുതടിയായതോടെ പഴയ തട്ടകത്തിലേക്ക് തിരികെ എത്താമെന്ന പ്രതീക്ഷകള്‍ അവസാനിപ്പിച്ച് 36-കാരന്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറുകയായിരുന്നു.

അതേസമയം 2025 വരെ ക്ലബിനൊപ്പം തുടരാനാവില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് എംബാപ്പെയും പിഎസ്‌ജിയുമായുള്ള ഉടക്ക് ആരംഭിച്ചത്. 2024-ല്‍ അവസാനിപ്പിക്കുന്ന കരാര്‍ 12 മാസത്തേക്ക് കൂടെ നീട്ടാന്‍ പിഎസ്‌ജിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നുവെങ്കിലും അതിന് തയ്യാറല്ലെന്ന് താരം ക്ലബിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലബിന്‍റെ പ്രീ സീസണ്‍ ടൂറില്‍ താരം പങ്കെടുത്തിരുന്നില്ല.

സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപ്പെ ശ്രമം നടത്തുന്നത്. എന്നാല്‍ ഫ്രീ ഏജന്‍റായി ക്ലബ് വിടാന്‍ താരത്തെ പിഎസ്‌ജി അനുവദിക്കില്ല. നേരത്തെ സമാന സാഹചര്യത്തില്‍ ലയണല്‍ മെസി ക്ലബ് വിട്ടത് സാമ്പത്തികമായി ഗുണം ചെയ്യാത്തതാണ് എംബാപ്പെയെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ പിഎസ്‌ജിയെ പ്രേരിപ്പിച്ചത്. അതേസമയം ക്ലബില്‍ തുടരാന്‍ താത്‌പര്യമില്ലെന്നും പുതിയ ടീമിലേക്ക് പോരാന്‍ അനുവദിക്കണമെന്നും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ പിഎസ്‌ജിയോട് ആവശ്യപ്പെട്ടതായാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ALSO READ: Harry Kane| 'ഇനി ഞാന്‍ ഒരു ആരാധകന്‍ മാത്രം'; ടോട്ടനത്തോടും ആരാധകരോടും വിട പറഞ്ഞ് ഹാരി കെയ്‌ന്‍

ABOUT THE AUTHOR

...view details