കേരളം

kerala

Mohammad Habib | ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

By

Published : Aug 16, 2023, 7:11 AM IST

ഡിമെൻഷ്യ, പാർക്കിൻസണ്‍സ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

മുഹമ്മദ് ഹബീബ്  Indian football legend Mohammed Habib dead  Mohammed Habib  Mohammad Habib passed away  Indian football legend Mohammad Habib  മുഹമ്മദ് ഹബീബ് അന്തരിച്ചു  ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ്  പെലെ  കൊൽക്കത്ത  മോഹൻ ബഗാൻ  ഇന്ത്യൻ പെലെ
മുഹമ്മദ് ഹബീബ്

ഹൈദരാബാദ് : ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഡിമെൻഷ്യ, പാർക്കിൻസണ്‍സ് രോഗങ്ങൾ മൂലം ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാജ്യം കണ്ട ഏറ്റവും മികച്ച മിഡ്‌ ഫീൽഡറും പ്ലേ മേക്കറുമായിരുന്ന ഹബീബ് 'ഇന്ത്യൻ പെലെ' എന്നാണ് അറിയപ്പെട്ടിരുന്നത്. 1965നും 1976 നും ഇടയിലാണ് മുഹമ്മദ് ഹബീബ് ഇന്ത്യക്ക് വേണ്ടി പന്ത് തട്ടിയത്. 1970ലെ ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹബീബ്.

ശ്യാം ഥാപ്പയുടെ ബൈസിക്കിൾ കിക്കോ, സുഭാഷ് ഭൗമിക്കിന്‍റെ കരുത്തോ, പ്രസൂൺ ബാനർജിയുടെ ഇടത് കാൽ ഷോട്ടുകളോ പോലെ ഒന്നും തന്നെ മുഹമ്മദ് ഹബീബിന് അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നിട്ടും ആരാധകരുടെ ഹൃദയത്തിൽ ഇത്രമേൽ സ്ഥാനമുണ്ടായിരുന്ന, മുഹമ്മദ് ഹബീബിനെപ്പോലൊരു ക്രൗഡ് പുള്ളർ ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

പെലെയുടെ പ്രശംസ : 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ കളിച്ച മത്സരത്തിൽ ഹബീബ് സ്കോര്‍ ചെയ്‌തിരുന്നു. അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിനായി. പെലെ, കാർലോസ് ആൽബെർട്ടോ, ജോർജിയോ ചിനാഗ്ലിയ തുടങ്ങിയ വമ്പൻ താരങ്ങളുള്ള ന്യൂയോര്‍ക്ക് കോസ്മോസിനെ മോഹൻ ബഗാൻ 2-2 ന് സമനിലയിൽ കുരുക്കുകയായിരുന്നു.

കൊൽക്കത്തയെ സ്‌നേഹിച്ച ഹബീബ് : മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്പോർട്ടിങ് തുടങ്ങിയ കൊൽക്കത്തയിലെ വമ്പൻ ക്ലബുകൾക്കായി മുഹമ്മദ് ഹബീബ് ബൂട്ടുകെട്ടി. ഈ ക്ലബുകളിൽ നിന്നായി അഞ്ച് ഡ്യൂറാൻഡ് കപ്പ്, ഏഴ് റോവേഴ്‌സ് കപ്പ്, 10 കൽക്കട്ട ലീഗ് കിരീടങ്ങൾ, രണ്ട് ഫെഡറേഷൻ കപ്പ് എന്നിവയും ഹബീബ് നേടി.

ഈസ്റ്റ് ബംഗാളിന് വേണ്ടി ഐഎഫ്എ ഷീല്‍ഡും, ഫെഡറേഷന്‍ കപ്പും നേടിയിട്ടുള്ള മുഹമ്മദ് ഹബീബ് മോഹന്‍ ബഗാന്‍ കുപ്പായത്തിലും ഫെഡറേഷന്‍ കപ്പ് നേടിയിട്ടുണ്ട്. ഡുറാൻഡ് കപ്പ് ഫൈനലിൽ വിജയിക്കുന്ന ടീമിനായി മൂന്ന് ഗോളുകൾ നേടിയ ഒരേയൊരു കളിക്കാരനും മുഹമ്മദ് ഹബീബാണ്.

ഇന്ത്യന്‍ കുപ്പായത്തില്‍ 35 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടിയിട്ടുണ്ട്. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയില്‍ ബംഗാളിനായാണ് കളിച്ചത്. 1969ല്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളുമായി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററുമായി. 1969, 1971, 1972, 1975 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ടീമിന്‍റെ ഭാഗമായിരുന്നു.

മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിന്‍റെ മുന്‍ പരിശീലകനായിരുന്ന ഹബീബ് ഹാൽദിയയിലെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അക്കാദമിയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു. 1980ല്‍ രാജ്യം അർജുന അവാർഡ് നല്‍കി ഹബീബിനെ ആദരിച്ചു. ബംഗാള്‍ സര്‍ക്കാരിന്‍റെ ഭാരത് ഗൗരവ് പുരസ്‌കാരം, ബംഗ ബിഭൂഷണ്‍ പുരസ്‌കാരം എന്നിവയും ഹബീബിനെ തേടിയെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details