കേരളം

kerala

Igor Stimac |'നിങ്ങൾ എംബാപ്പെയെ കുറിച്ച് പറഞ്ഞില്ലേ, സ്വന്തം താരങ്ങൾക്ക് അവസരം തരൂ': സ്റ്റിമാക്

By

Published : Jul 17, 2023, 4:28 PM IST

തുടര്‍ച്ചയായ പിന്തുണയുണ്ടെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആഗോള തലത്തിലെ വലിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന ദിവസം വിദൂരമല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പരിശീലകന്‍ ഇഗോർ സ്റ്റിമാക്.

Igor Stimac Writes To Narendra modi  Igor Stimac  Narendra modi  Asian Games  Asian Games 2023  India Football  all india football federation  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍  ഇന്ത്യന്‍ ഫുട്‌ബോള്‍  ഇഗോർ സ്റ്റിമാക്  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് 2023  നരേന്ദ്ര മോദി  അനുരാഗ് താക്കൂര്‍  നരേന്ദ്ര മോദിയ്‌ക്ക് കത്തെഴുതി ഇഗോർ സ്റ്റിമാക്
ഇഗോർ സ്റ്റിമാക്

ന്യൂഡല്‍ഹി:കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം വിലങ്ങുതടി ആയതോടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് (Asian Games ) പങ്കാളിത്തം നഷ്‌ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രം ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ തീരുമാനമാണ് ടീമിന് തിരിച്ചടിയായത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ച് ഇന്‍ര്‍ കോണ്ടിനെന്‍റര്‍ കപ്പും സാഫ് കപ്പും വിജയിച്ച ഇന്ത്യ നിലവില്‍ മികച്ച കുതിപ്പാണ് നടത്തുന്നത്.

പക്ഷെ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇതോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ടീമിന് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനാവാത്ത സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെ ടീമിനെ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും (Narendra modi ) കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാക് (Igor Stimac).

വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തം മുതല്‍ക്കൂട്ടാവുമെന്നാണ് ഏറെ വൈകാരികമായി എഴുതിയ കത്തിലൂടെ യുക്രൈന്‍ കാരനായ ഇഗോർ സ്റ്റിമാക് പറയുന്നത്. "2017-ൽ അണ്ടർ 17 ഫിഫ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയും പുതിയ തലമുറയിലെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ വലിയ നിക്ഷേപം നടത്തുകയും ചെയ്‌തു.

ഫിഫ ലോകകപ്പ് കളിക്കുക എന്ന ഇന്ത്യയുടെ സ്വപ്നത്തെ നിങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച രീതിയിൽ നിങ്ങളുടെ തുടർച്ചയായ പിന്തുണ ഉണ്ടെങ്കിൽ, നമ്മള്‍ ആഗോള തലത്തിലെ വലിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ദേശീയ ടീമെന്ന നിലയിൽ കഴിഞ്ഞ 4 വർഷമായി ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുകയും ചില മികച്ച ഫലങ്ങളുണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.

കൂടുതല്‍ പിന്തുണയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണത്. നിങ്ങളുടെ സമീപകാല ഫ്രാൻസ് സന്ദർശനത്തിൽ ഫുട്‌ബോളിനെയും എംബാപ്പെയെയും കുറിച്ചുള്ള നിങ്ങളുടെ പ്രസംഗം ഇന്ത്യൻ ഫുട്‌ബോളിനായി സ്വപ്നം കാണുകയും വേരൂന്നുകയും ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും സ്പർശിച്ചിട്ടുണ്ട്. ടീമിന്‍റെ പങ്കാളിത്തം ഇല്ലാതാക്കുന്ന തരത്തിലുള്ള യോഗ്യത മാനദണ്ഡം അന്യായമാണ്.

ഇന്ത്യയുടെ ദേശീയ ടീം പരിശീലകൻ എന്ന നിലയിൽ, ഇക്കാര്യം നിങ്ങളുടെയും അറിവിലേക്ക് ഉടൻ എത്തിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ ഇടപെടല്‍ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സഹായിക്കാനാകും. ഒരു ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും മനോഹരമായ ഈ ഗെയിമിനൊപ്പമുണ്ട്.

ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ വേദിയിലെ പങ്കാളിത്തം കളിക്കാര്‍ക്കും ടീമിനും അവശ്യമാണ്. റാങ്കിങ്ങിന്‍റെ പേരില്‍ നമ്മുടെ തന്നെ മന്ത്രാലയമാണ് പങ്കാളിത്തം നിഷേധിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിച്ചിട്ടുള്ള മറ്റ് ചില കായിക ഇനങ്ങളിലെ ടീമുകളെ അപേക്ഷിച്ച് നമ്മുടെ ഫുട്ബോൾ ടീം മികച്ച റാങ്കിലാണ് എന്നതാണ് വസ്തുത.

കൂടാതെ, താഴ്ന്ന റാങ്കിലുള്ള ടീമിന് ഒന്നാം റാങ്കിലുള്ള ടീമിനെ തോൽപ്പിക്കാൻ അവസരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ എന്നതിന് ചരിത്രവും കണക്കുകളും സാക്ഷ്യയാണ്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ നമ്മുടെ ടീമിനെ അനുവദിക്കണമെന്ന് മുഴുവൻ ഇന്ത്യൻ ഫുട്ബോൾ സാഹോദര്യത്തിനും വേണ്ടി ഏറെ താഴ്‌മയോടെ അഭ്യർഥിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ അഭിമാനത്തിനായി ഞങ്ങൾ പോരാടും"- ഇഗോർ സ്റ്റിമാക് എഴുതി.

സെപ്റ്റംബർ ആദ്യവാരം തായ്‌ലൻഡിൽ നടക്കുന്ന കിങ്‌സ് കപ്പിന് ശേഷം ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി ഇഗോർ സ്റ്റിമാകിന്‍റെ കീഴില്‍ അണ്ടർ -23 ടീമിനെ അയയ്‌ക്കാനായിരുന്നു ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പദ്ധതിയിട്ടിരുന്നത്. 2002 മുതൽ, ഏഷ്യൻ ഗെയിംസ് ഫുട്ബോൾ കളിക്കുന്ന താരങ്ങളുടെ പ്രായപരിധി 23 വയസാണ്. ഇതിന് മുകളിലുള്ള മൂന്ന് കളിക്കാരെയും ഒരു ടീമിൽ അനുവദിക്കും. 2017-ലെ അണ്ടർ 17 ടീം കഴിവുറ്റതാണെന്നും കഴിഞ്ഞ അണ്ടർ 23 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു സംഘം നടത്തിയതെന്നും സ്റ്റീമാക് തന്‍റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ:Lionel Messi |കനത്ത മഴയിലും 'ദി അൺവെയിൽ', മെസി അവതരിച്ചു: ആരാധകർ സാക്ഷി


ABOUT THE AUTHOR

...view details