ETV Bharat / sports

Lionel Messi |കനത്ത മഴയിലും 'ദി അൺവെയിൽ', മെസി അവതരിച്ചു: ആരാധകർ സാക്ഷി

author img

By

Published : Jul 17, 2023, 1:48 PM IST

Lionel Messi introduced by Inter Miami and Major League Soccer  Lionel Messi  Lionel Messi Inter Miami  Inter Miami and Major League Soccer
lionel messi

ഇന്ന് പുലർച്ചെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിൽ നടത്തിയ ചടങ്ങിലാണ് മെസിയെ ഇന്‍റർ മയാമി ആരാധകർ മുന്നിൽ അവതരിപ്പിച്ചത്. മോശം കലാവസ്ഥയിലും ഇരുപതിനായിരിത്തിലധികം ആരാധകരാണ് മെസിയെ വരവേൽക്കാനായി എത്തിയത്.

മയാമി: അവതാരകന്‍റെ ഇടതടവില്ലാത്ത വാക്പ്രയോഗത്താല്‍ മുഖരിതവും ആരാധകരുടെ നിലയ്‌ക്കാത്ത കരഘോഷത്താലും നിറഞ്ഞ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയുടെ തിരശീലയ്‌ക്ക് പിന്നിൽ നിന്നും ലയണൽ മെസി മൈതാനമധ്യത്തിലൂടെ നടന്നുനീങ്ങി. ലോകമെമ്പാടുള്ള മെസി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് 'ദി അൺവെയിൽ' എന്ന പേരിട്ടിരുന്ന പരിപാടിയിലൂടെ സൂപ്പർ താരത്തെ മേജർ സോക്കർ ലീഗ് ക്ലബ് ഇന്‍റർ മയാമി ആരാധകർ മുന്നിൽ അവതരിപ്പിച്ചത്. വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രതീക്ഷയ്ക്കമൊടുവിലാണ് ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റർ മയാമി ലയണൽ മെസിയെ ടീമിലെത്തിച്ചത്.

മെസിയെ ഔദ്യേഗികമായി അവതരിപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കനത്ത മഴയും മോശം കാലാവസ്ഥയും വകവയ്‌ക്കാതെ ഇരുപതിനായിരിത്തിലധികം ആരാധകരാണ് ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലെത്തിയത്. മൈതാനത്തിലേക്ക് പ്രവേശിച്ച മെസിയെ അമേരിക്കയുടെ നമ്പർ 10, ലോകത്തിലെ ഏറ്റവും മികച്ച നമ്പർ 10" എന്ന് പരിചയപ്പെടുത്തിയാണ് വേദിയിലേക്ക് സ്വാഗതം ചെയ്‌തത്.

വേദിയിൽ വച്ച് ടീമിന്‍റ പിങ്ക് നിറത്തിലുള്ള ജഴ്‌സി ഏറ്റുവാങ്ങിയ മെസി വളരെ സന്തോഷത്തോടെയാണ് ആരാധകരെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. 'എന്‍റെ കുടുംബത്തോടൊപ്പം ഈ നഗരത്തിലേക്ക് വരാൻ തീരുമാനിച്ചതിലും ഈ പ്രോജക്റ്റ് തിരഞ്ഞെടുത്തതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾ ഇത് വളരെയധികം ആസ്വദിക്കാൻ പോകുകയാണ് എന്നതിൽ എനിക്ക് സംശയമില്ല' - ലയണൽ മെസി പറഞ്ഞു.

ഞങ്ങൾക്ക് ഒരു നല്ല സമയം ലഭിക്കാൻ പോകുന്നു, വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു. വളരെ നന്ദി, ഈ ദിവസത്തിന് എല്ലാവർക്കും നന്ദി. മത്സരത്തിനുള്ള പരിശീലനം ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. എനിക്ക് എപ്പോഴും മത്സരിക്കണമെന്നും വിജയിക്കണമെന്നും അതിനെ (മിയാമി) വളരാൻ സഹായിക്കണമെന്നാണ് ആഗ്രഹമെന്നും മെസി കൂട്ടിച്ചേർത്തു.

മെസിയുടെ സൈനിംഗിനെ 'സ്വപ്‌ന സാക്ഷാത്കാരം' എന്നാണ് ഇന്‍റർ മിയാമി സഹ ഉടമ ഡേവിഡ് ബെക്കാം പറഞ്ഞത്. ലിയോ, നിങ്ങളുടെ കരിയറിലെ അടുത്ത ഘട്ടത്തിനായി ഞങ്ങളുടെ ക്ലബ് തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ബെക്കാം കൂട്ടിച്ചേർത്തു.

ലയണൽ മെസിയെ അവതരിപ്പിച്ച ചടങ്ങിൽ ബാഴ്‌സലോണയിൽ മെസിയുടെ സഹതാരമായി സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഇന്‍റർ മയാമി ആരാധകർക്ക് മുന്നിലെത്തിച്ചിരുന്നു. ഇതൊരു സവിശേഷവും ആവേശകരവുമായ അവസരമാണ്, അത് സ്വീകരിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്, ബുസ്‌ക്വെറ്റ്‌സ് പറഞ്ഞു.

പിഎസ്‌ജി വിട്ട മെസി ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് നേരത്തേതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, ക്ലബ്ബും താരവുമായുള്ള കരാര്‍ സംബന്ധിച്ച കാര്യങ്ങളിൽ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രതിവർഷം ഏകദേശം 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവച്ചിരിക്കുന്നത്. മേജര്‍ ലീഗ് സോക്കര്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്‌ഫറുകളിലൊന്നാണിത്.

ജൂലൈ 21ന് മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസുലിനെതിരെ (Cruz Azul) നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലൂടെയാകും ലയണല്‍ മെസി ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ പിങ്ക് ജഴ്‌സിയില്‍ കളത്തിലിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ അവസാന സ്ഥാനക്കാരാണ് ഇന്‍റര്‍ മയാമി. ലീഗില്‍ ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ 5 ജയം മാത്രമാണ് അവര്‍ക്ക് നേടാനായിട്ടുള്ളത്.

ALSO READ : Lionel Messi | മെസി ഇനി ഇന്‍റര്‍ മയാമി താരം, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.