കേരളം

kerala

Neymar| മെസിയെ കിട്ടിയില്ല, നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സ; പിഎസ്‌ജിയുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്

By

Published : Jul 2, 2023, 7:18 PM IST

പിഎസ്‌ജിയില്‍ നിന്നും നെയ്‌മറെ തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

Barcelona to re sign Neymar  Barcelona  Neymar  Neymar transfer  psg  നെയ്‌മര്‍  ബാഴ്‌സലോണ  പിഎസ്‌ജി  നെയ്‌മര്‍ ബാഴ്‌സയിലേക്ക്  നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സ
മെസിയെ കിട്ടിയില്ല, നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സ

ബാഴ്‌സലോണ:അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ തിരികെ എത്തിക്കാന്‍ സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍ മെസിക്കൊപ്പം തങ്ങള്‍ക്കായി പന്തു തട്ടിയ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മറെ കൂടാരത്തിലേക്ക് വീണ്ടും എത്തിക്കാന്‍ കറ്റാലന്മാര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി 31-കാരനായ നെയ്‌മറുടെ നിലവിലെ ക്ലബ് പിഎസ്‌ജിയുമായി ബാഴ്‌സലോണ ചില കാര്യങ്ങളില്‍ ധാരണയിലെത്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

എന്നാല്‍ താരത്തിന്‍റെ ശമ്പളത്തിന്‍റെ കാര്യത്തില്‍ ഇരു ക്ലബുകളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടില്ലെന്നുമാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെ 2013 മുതല്‍ 2017 വരെയാണ് നെയ്‌മര്‍ ബാഴ്‌സയ്‌ക്ക് ഒപ്പമുണ്ടായിരുന്നത്. ടീമിനായി 123 മത്സരങ്ങള്‍ കളിച്ച താരം 68 ഗോളുകളാണ് നേടിയത്.

തുടര്‍ന്ന് 2017-ല്‍ 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്‌മറെ പിഎസ്‌ജി പാരിസിലേക്ക് എത്തിച്ചത്. 2025 വരെ പിഎസ്‌ജിയുമായി കരാറുണ്ടെങ്കിലും ക്ലബിലെ താരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണത്താല്‍ നെയ്‌മറെ കയ്യൊഴിയാന്‍ പിഎസ്‌ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സീസണ്‍ പൂര്‍ത്തിയാക്കാന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ പരിക്കിന് പിന്നീട് താരം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുകയും ചെയ്‌തു. ബാഴ്‌സയിൽ നിന്നെത്തിയ ശേഷം ഒരു സീസണിൽ മാത്രമാണ് നെയ്‌മര്‍ക്ക് പിഎസ്‌ജിക്കായി 30-ലധികം മത്സരങ്ങൾ കളിക്കാന്‍ കഴിഞ്ഞത്. വലിയ തുക പ്രതിഫലമായി നല്‍കുന്ന ഒരു താരത്തെ സീസണ്‍ മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയാത്തതും പിഎസ്‌ജിയെ ചിന്തിപ്പിച്ചിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ സീസണില്‍ നെയ്‌മറും എംബാപ്പെയും ലയണല്‍ മെസിയും അണി നിരന്നിട്ടും കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുകയാണ് പിഎസ്‌ജി. ഇതിന്‍റെ ഭാഗമായി മുഖ്യപരിശീലകന്‍ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറുമായും ക്ലബ് വേര്‍പിരിഞ്ഞിരുന്നു.

ചെൽസി, ന്യൂകാസിൽ അടക്കമുള്ള പ്രീമിയർ ലീഗ് ടീമുകൾ നെയ്‌മറിനായി രംഗത്തുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ- ഹിലാലിന്‍റെ പേരും താരത്തെ ചേര്‍ത്ത് പറഞ്ഞു കേള്‍ക്കുന്നുണ്ട്. നേരത്തെ പിഎസ്‌ജിയുമായി കരാര്‍ അവസാനിച്ച ലയണല്‍ മെസിയ്‌ക്കായും അൽ- ഹിലാല്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ച മെസി ഇതു നടക്കാതെ വന്നതോടെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയിരുന്നു.

36-കാരനായ ലയണല്‍ മെസി ടീമിനായി ജൂലായ് 21-ന് അരങ്ങേറ്റം നടത്തുമെന്നാണ് വിവരം. ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയിലെ ക്രൂസ് അസുലിനെയാണ് അന്ന് ഇന്‍റര്‍ മിയാമി നേരിടുന്നത്. ഇന്‍റര്‍ മിയാമിയ്‌ക്കൊപ്പമുള്ള വെല്ലുവിളികള്‍ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.

ALSO READ: Lionel Messi| ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോള്‍; ഹാലന്‍ഡ് പിന്നില്‍, പുരസ്‌കാരം തൂക്കി ലയണല്‍ മെസി

ABOUT THE AUTHOR

...view details