കേരളം

kerala

ചുക്കും ചുണ്ണാമ്പും അറിയാത്ത സെലക്‌ടര്‍മാര്‍, ബിസിസിഐ പണം മാത്രം ഉണ്ടാക്കിയാല്‍ പോര; പൊട്ടിത്തെറിച്ച് ദിലീപ് വെങ്‌സർക്കാര്‍

By

Published : Jun 19, 2023, 2:07 PM IST

ഇന്ത്യയുടെ ചില സെലക്‌ടര്‍മാര്‍ക്ക് അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാടോ ആഴത്തിലുള്ള അറിവോ ഇല്ലെന്ന് ദിലീപ് വെങ്‌സർക്കാര്‍.

Dilip Vengsarkar lashed out at BCCI  Dilip Vengsarkar  BCCI  world test championship  ബിസിസിഐക്കെതിരെ ദിലീപ് വെങ്‌സർക്കാര്‍  ബിസിസിഐ  ദിലീപ് വെങ്‌സർക്കാര്‍  Rohit sharma  രോഹിത് ശര്‍മ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  Shikhar Dhawan  ശിഖര്‍ ധവാന്‍
ദിലീപ് വെങ്‌സർക്കാര്‍

മുംബൈ:ഐസിസി കിരീടങ്ങൾ നേടുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരാജയം നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുമെന്ന് ഉറപ്പാവുകയും ചെയ്‌തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ടീമിനും മാനേജ്മെന്‍റിനുമെതിരെ മുൻ താരങ്ങളും വിദഗ്‌ധരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ബിസിസിഐയ്‌ക്കും സെലക്ഷന്‍ കമ്മിറ്റിയ്‌ക്കുമെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ താരം ദിലീപ് വെങ്‌സർക്കാർ. ചില സെലക്‌ടര്‍മാര്‍ക്ക് അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാടോ ആഴത്തിലുള്ള അറിവോ ഇല്ലെന്നാണ് ദിലീപ് വെങ്‌സർക്കാർ പറയുന്നത്. 2021-ല്‍ മിക്ക സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലായിരുന്നപ്പോൾ ശ്രീലങ്കയില്‍ സമാന്തര പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി ശിഖർ ധവാനെ നിയമിച്ചത് ഇതിന്‍റെ ഉത്തമ ഉദാഹരണമാണെന്നും വെങ്‌സർക്കാർ അഭിപ്രായപ്പെട്ടു.

"നിർഭാഗ്യവശാൽ, കഴിഞ്ഞ ആറ്-ഏഴ് വർഷമായി ഞാൻ കണ്ട സെലക്‌ടർമാർക്ക് ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ബോധമോ കാഴ്‌ചപ്പാടോ ഇല്ലായിരുന്നുവെന്നതാണ് സത്യം. 2021-ല്‍ ശ്രീലങ്കയില്‍ സമാന്തര പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്‍റെ നായകനായി ശിഖര്‍ ധവാനെ നിയമിച്ചത് ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. കാരണം അവിടെയായിരുന്നു നിങ്ങള്‍ക്ക് ഭാവി നായകനെ വളര്‍ത്താന്‍ കഴിയുക"- ദിലീപ് വെങ്‌സർക്കാര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ വാക്കുകള്‍.

ഇന്ത്യൻ ടീമിന്‍റെ ഭാവി ക്യാപ്റ്റനെന്ന നിലയിലേക്ക് ആരെയും വളര്‍ത്തിയെടുക്കാന്‍ സെലക്‌ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഏറെ നിരാശാജനകമായ കാര്യമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ പണം സമ്പാദിക്കുന്നത് മാത്രമാവരുത് ബിസിസിഐയുടെ ലക്ഷ്യമെന്നും ആദ്ദേഹം പറഞ്ഞു.

"ഇന്ത്യന്‍ ടീമിന്‍റെ ഭാവി ക്യാപ്റ്റനെന്ന നിലയിലേക്ക് ആരെയും വളര്‍ത്തിയെടുക്കാന്‍ സെലക്‌ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. സത്യത്തില്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വേണം പറയാന്‍. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നാണ് ഏറ്റവും രസകരം.

എവിടെയാണ് നമ്മുടെ ബെഞ്ച് സ്‌ട്രെങ്ത്? ഐപിഎൽ ഉള്ളത്, കോടിക്കണക്കിന് രൂപ മാധ്യമാവകാശം സമ്പാദിക്കുന്നു. എന്നാല്‍ നമ്മുടെ നേട്ടം അതുമാത്രമാവരുത്"- ദിലീപ് വെങ്‌സർക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നുവിത്. 2021-ലെ പ്രഥമ പതിപ്പില്‍ വിരാട് കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ ഫൈനലില്‍ ന്യൂസിലന്‍ഡായിരുന്നു തോല്‍പ്പിച്ചത്.

ഇത്തവണ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എതിരാളി ഓസ്‌ട്രേലിയയും ആയിരുന്നു എന്ന വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിലെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പടക്കമുള്ള കാര്യങ്ങളില്‍ ക്യാപ്റ്റനും മാനേജ്‌മെന്‍റിനും വീഴ്‌ചയുണ്ടായി എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ താരമായ ആര്‍ അശ്വിനെ പുറത്തിയിരുത്തിയത് ചോദ്യം ചെയ്‌ത് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്.

ALSO READ:ODI WC 2023| 'ആദ്യം ഇന്ത്യന്‍ ടീം ഇവിടേക്ക് വരട്ടെ, എന്നിട്ട് തീരുമാനിക്കാം ലോകകപ്പിന് പോകുന്ന കാര്യം': ജാവേദ് മിയാന്‍ദാദ്

ABOUT THE AUTHOR

...view details