കേരളം

kerala

Hardik Pandya | 'ധോണിയാണ് മാതൃകയെന്ന് ഹാർദിക് ഇനി പറയരുത്', വിമർശനം അവസാനിപ്പിക്കാതെ ആകാശ് ചോപ്ര

By

Published : Aug 12, 2023, 1:18 PM IST

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാതിരുന്ന സംഭവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ വിടാതെ ആകാശ് ചോപ്ര.

Aakash chopra  Aakash chopra on Hardik Pandya  MS Dhoni  Tilak Varma  WI vs IND  West indies vs India  Aakash Chopra against MS Dhoni  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഹാര്‍ദിക് പാണ്ഡ്യ  എംഎസ്‌ ധോണി  തിലക് വര്‍മ  ഹാര്‍ദിക്കിനെതിരെ ആകാശ് ചോപ്ര
ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. യുവ താരം തിലക്‌ വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതിന് ആയിരുന്നു സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകള്‍ ഹാര്‍ദിക്കിനെ എടുത്തിട്ട് അലക്കിയത്. തിലക്‌ 49* റണ്‍സില്‍ നില്‍ക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന ഹാര്‍ദിക് ധോണി സ്‌റ്റൈലില്‍ സിക്‌സറടിച്ചുകൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഹാര്‍ദിക്കിന്‍റെ സ്വാര്‍ഥതയാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ധാരാളം പന്തുകള്‍ ബാക്കി നില്‍ക്കെ യുവതാരമായ തിലകിന് അര്‍ധ സെഞ്ചുറി നേടാന്‍ ഹാര്‍ദിക്കിന് അവസരം നല്‍കാമായിരുന്നു എന്നായിരുന്നു ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഹാര്‍ദിക്കിന് പിന്തുണയുമായി പ്രശസ്‌ത കമന്‍റേറ്ററും ക്രിക്കറ്റ് പണ്ഡിതനുമായ ഹർഷ ഭോഗ്‌ലെ ഉള്‍പ്പെടെ ചിലര്‍ രംഗത്ത് എത്തിയിരുന്നു.

ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുകയെന്നത് ഒരു നാഴികകല്ല് അല്ലെന്നാണ് ഹർഷ ഭോഗ്‌ലെ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിഷയത്തില്‍ ഹാര്‍ദിക്കിനെ വിടാതെ പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

ഹാര്‍ദിക്കിന് തിലകിന് അവസരം നല്‍കാമായിരുന്നുവെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ട വ്യക്തിയാണ് ആകാശ് ചോപ്ര. എംസ്‌ ധോണി തന്‍റെ പ്രചോദനമാണെന്ന് പലകുറി ആവര്‍ത്തിച്ച ഹാര്‍ദിക്കിനെ അദ്ദേഹത്തിന്‍റെ പേരുചേര്‍ത്തുവച്ചുകൊണ്ട് തന്നെയാണ് ആകാശ് ചോപ്ര വീണ്ടും എയറില്‍ കയറ്റുന്നത്. എംഎസ്‌ ധോണി തന്‍റെ വലിയ പ്രചോദനമാണെന്ന് എപ്പോഴും പറയുന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ ആരാധ്യ പുരുഷനാണെങ്കിലും ഹാര്‍ദിക്കിന് ഒരിക്കലും ധോണിയാവാന്‍ പറ്റില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

"തീര്‍ച്ചയായും ഇതൊരു രസകരമായ കാര്യമാണ്. തിലകിന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സംഭവത്തില്‍ ഹാർദിക് പാണ്ഡ്യയ്‌ക്ക് എതിരെ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായി. എന്നാൽ ടി20 ക്രിക്കറ്റിലെ നാഴികക്കല്ലുകളെ കുറിച്ച് നിങ്ങൾ എന്തിനാണ് സംസാരിക്കുന്നതെന്ന് പറയുന്ന മറ്റൊരു ചിന്താധാരയും ഉയര്‍ന്ന് വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എംഎസ്‌ ധോണി ഒരു ഫോർവേഡ് ഡിഫൻസീവ് ഷോട്ട് കളിച്ചത് ഞാൻ ഓർക്കുന്നു.

കാരണം മറുവശത്ത് വിരാട് കോലി ഉണ്ടായിരുന്നു. അതുവരെ മികച്ച രീതിയില്‍ കളിച്ച വിരാട് കോലി ആ മത്സരം പൂര്‍ത്തിയാക്കണമെന്നാണ് ധോണി ആഗ്രഹിച്ചത്. അദ്ദേഹത്തിന് ആരുടേയും ശ്രദ്ധപിടിച്ച് പറ്റേണ്ടതുമുണ്ടായിരുന്നില്ല. പക്ഷേ, ഹാർദിക് ഒരു ധോണിയാകണമെന്നില്ല, അവൻ ധോണിയെ ഒരു പ്രചോദനമായി കണക്കാക്കിയാലും"- ആകാശ് ചോപ്ര പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യയുടെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനിടെയാണ് മുന്‍ ഓപ്പണറായ ആകാശ് ചോപ്ര ഇതേക്കുറിച്ച് സംസാരിച്ചത്. ഇന്ന് ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നാലാം ടി20 നടക്കുക. ഇന്ത്യന്‍ സമയം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 2-1ന് പിന്നിലാണ് ഇന്ത്യ. കളി ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് പരമ്പര നഷ്‌ടമാവും.

ALSO READ: 'ഇന്ത്യയുട പോക്ക് നാശത്തിലേക്ക്, ലോകകപ്പിലും ഏഷ്യ കപ്പിലും പാകിസ്ഥാന് മുന്നില്‍ അവര്‍ തകരും..'; മുന്നറിയിപ്പുമായി മുന്‍ താരം

ABOUT THE AUTHOR

...view details