പോര്‍ട്ട് എലിസബത്ത്:ഇന്ത്യ- ദക്ഷിണാഫ്രിക്കരണ്ടാം ടി20 നാളെ (India vs South Africa 2nd T20 Preview). പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് കളി നടക്കുക. ഡെര്‍ബനില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇതോടെ നാളെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ടി20യില്‍ മഴ മറി നില്‍ക്കുമോയെന്ന് ഉറ്റുനോക്കുന്ന ആരാധകര്‍ക്ക് നിരാശപകരുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അക്യുവെതർ റിപ്പോര്‍ട്ട് അനുസരിച്ച് പ്രദേശത്ത് നാളെ മഴയ്ക്ക് പെയ്യാം. പ്രാദേശിക സമയം വൈകിട്ട് നാലിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് മഴയ്ക്ക് 63 ശതമാനമാണ് സാധ്യതയുള്ളത്. എന്നാല്‍ വൈകീട്ട് അഞ്ചോടെ മഴ പെയ്യാനുള്ള സാധ്യത എട്ട് ശതമാനത്തിലേക്ക് താഴുന്നത് ആരാധകര്‍ക്ക് ആശ്വാസിക്കാനുള്ള വകയാണ്. (IND vs SA 2nd T20I Weather Report).
സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴില്‍ യുവനിരയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെ അടുത്തിടെ അവസാനിച്ച പരമ്പര സ്വന്തമാക്കിയാണ് സൂര്യയും പിള്ളേരും പ്രോട്ടീസിനെതിരെ എത്തിയിരിക്കുന്നത്. ഓസീസിനെതിരെ അഞ്ച് മത്സര പരമ്പ 4-1നായിരുന്നു ആതിഥേയരായ ഇന്ത്യ നേടിയത്.
ഏകദിന ലോകകപ്പിന്റെ ഇടവേള കഴിഞ്ഞ് ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, എന്നിവര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ പ്ലേയിങ് ഇലവന് തിരഞ്ഞെടുപ്പ് മാനേജ്മെന്റിനെ സംബന്ധിച്ച് തലവേദനയാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് ഗില്ലെത്തുമ്പോള്‍ ആരാവും പുറത്താവുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.