കേരളം

kerala

റിതുരാജിന്‍റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക്‌ കൂറ്റന്‍ സ്‌കോര്‍, ഓസ്‌ട്രേലിയക്ക് 223 റണ്‍സ് വിജയലക്ഷ്യം

By ETV Bharat Kerala Team

Published : Nov 28, 2023, 9:11 PM IST

Updated : Nov 28, 2023, 9:29 PM IST

India vs Australia 3rd T20I score updates : അന്താരാഷ്‌ട്ര ടി20 യിലെ ആദ്യ സെഞ്ച്വറി നേടി റിതുരാജ് ഗെയ്‌ക്‌വാദ്. ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍.

India vs Australia 3rd T20I score updates  India vs Australia 3rd T20I score  ruturaj gaikwad  ruturaj gaikwad century  ruturaj gaikwad India vs Australia 3rd T20  ഇന്ത്യ ഓസ്‌ട്രേലിയ  റിതുരാജ് ഗെയ്‌ക്‌വാദ്  റിതുരാജ് ഗെയ്‌ക്‌വാദ് സെഞ്ച്വറി  സൂര്യകുമാര്‍ യാദവ്
India vs Australia 3rd T20I score updates

ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 223 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 57 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയില്‍ 123 റണ്‍സാണ് റിതുരാജ് അടിച്ച് കൂട്ടിയത്. അന്താരാഷ്‌ട്ര ടി20യില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത് (India vs Australia 3rd T20I score updates).

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വെയ്‌ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങില്‍ ടീം സ്‌കോര്‍ 14 റണ്‍സില്‍ നില്‍ക്കെ യശസ്വി ജയ്‌സ്വാളിനെ(6) ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ജയ്‌സ്വാളിനെ മാത്യൂ വെയ്‌ഡിന്‍റെ കൈകളിലെത്തിച്ച് ജേസണ്‍ ബെഹെന്‍ഡ്രോഫ്‌ ആണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

തുടര്‍ന്ന് ഇറങ്ങിയ ഇഷാന്‍ കിഷന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. കെയ്‌ന്‍ റിച്ചാര്‍ഡ്‌സണായിരുന്നു വിക്കറ്റ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മത്സരത്തില്‍ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു റിതുരാജ്. മൂന്നാം വിക്കറ്റില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് ഗെയ്‌ക്‌വാദ് ടീം സ്‌കോര്‍ ഉയര്‍ത്തി. 29 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത സൂര്യകുമാര്‍ റിതുവിന് മത്സരത്തില്‍ മികച്ച പിന്തുണയാണ് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. ടീം സ്‌കോര്‍ 81 റണ്‍സില്‍ നില്‍ക്കെയാണ് സൂര്യയുടെ പുറത്താവല്‍. പിന്നാലെ ഇറങ്ങിയ തിലക് വര്‍മയും റിതുരാജിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുവരും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. നാലാം വിക്കറ്റില്‍ 141 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് റിതുരാജും തിലകും ചേര്‍ന്ന് ഉണ്ടാക്കിയത്.

24 പന്തുകള്‍ നേരിട്ട തിലക് 31 റണ്‍സോടെ കളിയില്‍ റിതുവിനൊപ്പം പുറത്താവാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്തിലാണ് റിതുരാജ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും റിതുരാജ് ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, ആരോണ്‍ ഹാര്‍ഡീ തുടങ്ങിയവര്‍ ഒരു വിക്കറ്റ് വീഴ്‌ത്തി.

Also Read :'ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനം, അത് അവൻ ഉറപ്പിച്ചെന്ന് ഓസീസ് മുൻ താരം'

Last Updated :Nov 28, 2023, 9:29 PM IST

ABOUT THE AUTHOR

...view details