ETV Bharat / state

പന്തീരാങ്കാവിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് ഇടിഞ്ഞു ; വീടുകളും അമ്പലവും തകർന്നു - Service road collapsed

author img

By ETV Bharat Kerala Team

Published : May 23, 2024, 3:59 PM IST

പന്തീരാങ്കാവിന് സമീപം കൊടൽ നടക്കാവിലെ ചിറക്കലിൽ നാഷണൽ ഹൈവേയുടെ നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൻ്റെ അരിക് ഇടിഞ്ഞുവീണ് 5 വീടുകളും ചിറക്കൽ ക്ഷേത്രവും തകർന്നു.

Etv Bharat
Etv Bharat (Etv Bharat)

പന്തീരാങ്കാവിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് ഇടിഞ്ഞു (ETV Bharat)

കോഴിക്കോട് : പന്തീരാങ്കാവിന് സമീപം കൊടൽ നടക്കാവിലെ ചിറക്കലിൽ നാഷണൽ ഹൈവേയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൻ്റെ അരിക് ഇടിഞ്ഞുവീണു. ഇന്നലെ(22-05-2024) രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ട് ദിവസം മുമ്പ് ഇവിടെ ആഴത്തിൽ വിള്ളൽ വീണത് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു.

ഇന്നലെ വൈകുന്നേരം മുതൽ പെയ്‌ത കനത്ത മഴയിൽ വിള്ളലിൽ വെള്ളം ഇറങ്ങിയാണ് സർവീസ് റോഡ് ഇടിഞ്ഞ് വീണത്. 20 മീറ്ററിൽ ഏറെ ഉയരമുള്ള റോഡിൻ്റെ 50 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞുവീണത്.

സർവീസ് റോഡിൻ്റെ അരികിലുള്ള അഞ്ച് വീടുകളും ഒരു അങ്കണവാടിയും തൊട്ടടുത്ത് തന്നെയുള്ള ചിറക്കൽ ക്ഷേത്രവും തകർന്നിട്ടുണ്ട്. കൂടാതെ റോഡരികിലെ താമസക്കാരൻ ആയ മോഹനൻ എന്നയാൾക്കും പരിക്കേറ്റു.

സർവീസ് റോഡിൻ്റെ അരികിൽ നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് റോഡരികിലെ മരങ്ങളും പൂർണമായി ഒടിഞ്ഞുവീണിട്ടുണ്ട്. ഇത് തൊട്ടടുത്ത വീടുകളിലേക്കും ക്ഷേത്രത്തിലേക്കും അങ്കണവാടിയുടെ മുകളിലേക്കുമാണ് പതിച്ചത്.

വീടുകൾ തകർന്നതോടെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡരിക് ഇടിഞ്ഞുവീഴുന്ന ശബ്‌ദം കേട്ട് ഈ ഭാഗത്തെ വീട്ടുകാർ ഓടി മാറിയതുകൊണ്ട് പലരും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

റോഡ് നിർമ്മാണ സമയത്ത് തന്നെ പ്രവർത്തിയിലെ അപാകത പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ അളവിൽ കമ്പികളും സിമന്‍റും ചേർക്കാതെയാണ് റോഡ് പണി നടത്തിയിരുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മേൽനോട്ടം ഇല്ലാതെയാണ് പല ദിവസങ്ങളിലും പ്രവർത്തി നടത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്.

അതാണ് ഇപ്പോൾ റോഡ് തകരാൻ കാരണമായി കരുതുന്നത്. സർവീസ് റോഡ് തകർന്നതോടെ തൊട്ടുചേർന്നുള്ള നാഷണൽ ഹൈവേയ്ക്കും‌ വലിയ ഭീഷണി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡിൽ വ്യാപകമായി വിള്ളൽ വീണതിനെ തുടർന്ന് അപകട ഭീഷണി ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തി തടഞ്ഞിരുന്നു.

അന്ന് വിള്ളലിൽ കോൺക്രീറ്റ് ചെയ്‌ത് അപാകത മറയ്ക്കാ‌നുള്ള ശ്രമമാണ് കരാറുകാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നത്. അതിനിടെയാണ് ഇപ്പോൾ സർവീസ് റോഡ് ഇടിഞ്ഞത്.

Also Read : കൊച്ചിയിൽ കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് - Heavy Rain Continues In Kochi

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.