കേരളം

kerala

IND vs WI| വിന്‍ഡീസ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചു, ആകെ നേടിയത് 12 വിക്കറ്റ്; തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി അശ്വിന്‍

By

Published : Jul 15, 2023, 8:51 AM IST

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ഏഴും വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്.

IND vs WI  R Ashwin  Ravichandran Ashwin  R Ashwin equals anil kumble Record  IND vs WI First Test  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രവിചന്ദ്രന്‍ അശ്വിന്‍  ആര്‍ അശ്വിന്‍  അശ്വിന്‍  രവിചന്ദ്രന്‍ അശ്വിന്‍ റെക്കോഡ്  രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റ്  രവിചന്ദ്രന്‍ അശ്വിന്‍ കരിയര്‍
R Ashwin

ഡൊമിനിക്ക:രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഡൊമിനിക്കയില്‍ ഇന്ത്യയ്‌ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്‍റെ ഏഴ് വിക്കറ്റുകള്‍ പിഴുത അശ്വിന്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യന്‍ സ്‌പിന്നറുടെ ബൗളിങ് കരുത്തില്‍ ആതിഥേയരെ 130 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ജയം പിടിച്ചത്.

ഡൊമിനിക്കയില്‍ 271 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയായിരുന്നു വിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചത്. നിലയുറപ്പിച്ച് കളിക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്ന പരിചയ സമ്പന്നനായ ബൗളര്‍ക്ക് മുന്നില്‍ വിന്‍ഡീസ് പോരാട്ടം പാഴായിപ്പോയി.

വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സിലെ പത്താം ഓവറില്‍ തഗെനരൈന്‍ ചന്ദര്‍പോളിനെ വീഴ്‌ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ആയിരുന്നു അശ്വിന്‍റെ രംഗപ്രവേശം. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റായിരുന്നു അശ്വിന്‍റെ ആദ്യത്തെ ഇര.

47 പന്ത് നേരിട്ട് ഏഴ് റണ്‍സ് നേടിയ വിന്‍ഡീസ് നായകനെ അശ്വിന്‍ അജിങ്ക്യ രഹാനെയുടെ കൈകളിലേക്ക് എത്തിച്ചു. ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡാണ് (5) പിന്നീട് അശ്വിന് മുന്നില്‍ വീണത്. പിന്നാലെ അലിക്ക് അത്നാസെ (28), അല്‍സാരി ജോസഫ് (13), റഹ്‌കീം കോണ്‍വെല്‍ (4), കെമാര്‍ റോച്ച് (0), ജോമല്‍ വാരികന്‍ (18) എന്നിവരെയും തിരികെ പവലിയനിലെത്തിക്കാന്‍ അശ്വിന് സാധിച്ചു.

മത്സരത്തില്‍ ആകെ 12 വിക്കറ്റുകളാണ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ കൂടിയായ അശ്വിന്‍ നേടിയത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ പ്രാവശ്യം പത്ത് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പമെത്താനും അശ്വിന് സാധിച്ചു. ഇരുവരും ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ എട്ട് തവണയാണ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അശ്വിന്‍റെ 34-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. സജീവ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ് അശ്വിന്‍. വിന്‍ഡീസിനെതിരെ അശ്വിന്‍റെ ആറാമത് അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നുവിത്.

നിലവില്‍ അന്താരാഷ്‌ട്ര കരിയറില്‍ 709 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരനാണ് അശ്വിന്‍. വിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടാനായാല്‍ ഹര്‍ഭജന്‍ സിങ്ങിനെ (711 വിക്കറ്റ്) മറികടന്ന് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ അശ്വിന് സാധിക്കും. 953 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

Also Read :IND vs WI| അശ്വിന്‍ 'മാജിക്ക്', ഏഴ് വിക്കറ്റ് നേട്ടം; ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ജയം പിടിച്ച് ഇന്ത്യ

ABOUT THE AUTHOR

...view details