കേരളം

kerala

ICC T20 rankings| മുഹമ്മദ് റിസ്‌വാന്‍ ഒന്നാമത്; സൂര്യകുമാറിന് ഒരു സ്ഥാനം നഷ്‌ടം

By

Published : Sep 7, 2022, 5:22 PM IST

ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് പാകിസ്ഥാന്‍റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍.

ICC T20 rankings  Suryakumar Yadav  Mohammad Rizwan  Mohammad Rizwan top batter in T20I  Suryakumar Yadav T20 rankings  Mohammad Rizwan T20 rankings  Rohit sharma T20 rankings  Virat Kohli  Virat Kohli T20 rankings  ഐസിസി ടി20 റാങ്കിങ്  സൂര്യകുമാർ യാദവ്  സൂര്യകുമാർ യാദവ് ടി20 റാങ്കിങ്  വിരാട് കോലി  രോഹിത് ശര്‍മ  മുഹമ്മദ് റിസ്‌വാന്‍  ബാബര്‍ അസം
ICC T20 rankings| മുഹമ്മദ് റിസ്‌വാന്‍ ഒന്നാമത്; സൂര്യകുമാറിന് ഒരു സ്ഥാനം നഷ്‌ടം

ദുബായ്‌: ഐസിസി ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൂര്യകുമാർ യാദവ് ഒരു സ്ഥാനം താഴ്‌ന്ന് നാലാം സ്ഥാനത്തെത്തി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 13ാമതെത്തി.

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ അര്‍ധ സെഞ്ചുറി പ്രകടനമാണ് രോഹിത്തിന് തുണയായത്. മത്സരത്തില്‍ 41 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി 29ാം റാങ്കിലേക്ക് ഉയര്‍ന്നു.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ അര്‍ധ സെഞ്ചുറി പ്രകടനമാണ് കോലിയെ മുന്നിലേക്ക് നയിച്ചത്. ആര്‍ അശ്വന്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 50ാം സ്ഥാനത്തും, അര്‍ഷ്‌ദീപ് സിങ് 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62ാം റാങ്കിലുമെത്തി.

മുഹമ്മദ് റിസ്‌വാന്‍ ഒന്നാമത്:ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് പാകിസ്ഥാന്‍റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യ കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് റിസ്‌വാനെ ഒന്നാമതെത്തിച്ചത്.

ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് റിസ്‌വാന്‍. മൂന്ന് മത്സരങ്ങളില്‍ നിന്നും 192 റണ്‍സാണ് താരം ഇതുവരെ അടിച്ചെടുത്തത്. താരത്തിന്‍റെ കരിയറില്‍ ആദ്യമായാണ് ടി20 റാങ്കിങ്ങില്‍ തലപ്പത്തെത്തുന്നത്.

ബാബര്‍ അസമിനും മിസ്ബാ ഉൾ ഹഖിനും ശേഷം ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ പാകിസ്ഥാൻ ബാറ്ററാണ് റിസ്‌വാന്‍. ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഏഷ്യ കപ്പിലെ പ്രകടനത്തോടെ ശ്രീലങ്കന്‍ ബാറ്റര്‍മാരായ പഥും നിസ്സാങ്ക, കുശാല്‍ മെന്‍ഡിസ്, ദസുന്‍ ഷാനക എന്നിവരും നേട്ടം കൊയ്‌തു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ നിസ്സാങ്ക എട്ടാം റാങ്കിലെത്തി. 18 സ്ഥാനങ്ങള്‍ ഉയര്‍ന്ന മെന്‍ഡിസ് 42ാം റാങ്കിലെത്തിയപ്പോള്‍ ഏഴ്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷാനക 39ാമതെത്തി.

also read: Asia Cup| 'തോന്നിയ ഇടത്തല്ല, യോജിച്ച സ്ഥാനത്ത് കളിപ്പിക്കണം'; ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനെതിരെ റോബിന്‍ ഉത്തപ്പ

ABOUT THE AUTHOR

...view details