കേരളം

kerala

'പാവം പ്രസിദ്ധ്, ആ ചെക്കന്‍ ടെസ്റ്റ് ക്രിക്കറ്റിന് പാകമായിട്ടില്ല'; വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരം

By ETV Bharat Kerala Team

Published : Dec 31, 2023, 3:54 PM IST

Criticism Against Prasidh Krishna: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പ്രസിദ്ധ് കൃഷ്‌ണ ഫോര്‍മാറ്റില്‍ കളിക്കാന്‍ പാകമായിട്ടില്ലെന്ന് മുന്‍ പേസറുടെ വിമര്‍ശനം.

Prasidh Krishna  India vs South Africa  പ്രസിദ്ധ് കൃഷ്‌ണ  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Criticism Against Prasidh Krishna after India vs South Africa 1st Test

മുംബൈ:കരിയറിലെ ആദ്യ ടെസ്റ്റാണ് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനില്‍ കളിച്ചത്. എന്നാല്‍ മത്സരത്തില്‍ തിളങ്ങാന്‍ പ്രസിദ്ധിന് കഴിഞ്ഞിരുന്നില്ല. പേസര്‍മാരെ പിന്തുണച്ച സെഞ്ചൂറിയനിലെ പിച്ചില്‍ 20 ഓവറില്‍ 90 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങിയ മത്സരത്തിന് പിന്നാലെ പ്രസിദ്ധിന്‍റെ പന്തിന്‍റെ ലൈനിനും ലെങ്ത്തിനുമെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടെ കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ഒരു മുന്‍ പേസര്‍. ടെസ്റ്റ് കളിക്കാന്‍ പ്രസിദ്ധ് പാകമായിട്ടില്ലെന്നാണ് പേരുവെളിപ്പെടുത്താത്ത ഇന്ത്യയുെട മുന്‍ താരം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്. (Criticism Against Prasidh Krishna after India vs South Africa 1st Test)

"പാവം പ്രസിദ്ധ്, ആ ചെക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനായി പാകമായിട്ടില്ല. രണ്ടാമത്തേയും മൂന്നാമത്തേയും സ്‌പെല്‍ എറിയുന്നതിനുള്ള കഴിവ് അവനില്ല. പ്രസിദ്ധ് എന്നാണ് അവസാനമായി ശരിയ്‌ക്കുമുള്ള ഒരു രഞ്‌ജി ട്രോഫി സീസണ്‍ കളിച്ചതെന്ന് ടീം മാനേജ്‌മെന്‍റ് മറന്ന് പോയിരിക്കുന്നു. ടെസ്റ്റ് കളിക്കാന്‍, ഇന്ത്യ എയ്‌ക്ക് ആയുള്ള ഒരൊറ്റ മത്സരം മാത്രം പോര"- അദ്ദേഹം പറഞ്ഞു.

സെഞ്ചൂറിയനിലെ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് പ്രസിദ്ധ് ഉള്‍പ്പെടെയുള്ള പേസര്‍മാരുടെ മോശം പ്രകടനമാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കേപ്‌ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ആവേശ് ഖാനെ കൂട്ടിച്ചേര്‍ത്തിരുന്നു. സ്‌ക്വാഡില്‍ നിന്നും പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയ്‌ക്ക് പകരമാണ് ആവേശിന് നറുക്ക് വീണത്.

രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധിന് പകരം ആവേശ് കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിലും ഇന്ത്യയുടെ മുന്‍ പേസര്‍ പ്രതികരിച്ചു. ഇരു താരങ്ങളുടേയും അവസ്ഥ ഏറെക്കുറെ സമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. "ബുംറ, ഷമി, ഇഷാന്ത്, സിറാജ് എന്നിവർ ഉണ്ടാക്കിയ അതേ തരത്തിലുള്ള ആവേശവും ആത്മവിശ്വാസവും ഇന്ത്യയുടെ അടുത്ത തലമുറ പേസർമാർക്കില്ല എന്നതാണ് പ്രശ്‌നം.

പ്രസിദ്ധിനെപ്പോലെ തന്നെയുള്ള ബോളറാണ് ആവേശ്. പക്ഷേ, പതിവായി റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ ഭേദപ്പെട്ട ലെങ്ത്തില്‍ അവന് എറിയാന്‍ കഴിഞ്ഞേക്കാം. നവ്‌ദീപ് സെയ്‌നി കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇന്ത്യ എയ്‌ക്കായി കളിക്കുകയാണ്. ചില കാര്യങ്ങള്‍ അതു നിങ്ങളോട് പറയും" അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ജനുവരി മൂന്ന് മുതല്‍ക്ക് കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സെഞ്ചൂറിയനില്‍ വിജയിച്ചതോടെ രണ്ട് മത്സര പരമ്പരയില്‍ പ്രോട്ടീസ് 1-0ന് നിലവില്‍ മുന്നിലാണ്. ഇതോടെ പരമ്പരയില്‍ സമനില പിടിക്കണമെങ്കില്‍ കേപ്‌ടൗണില്‍ ഇന്ത്യയ്‌ക്ക് വിജയിച്ചേ മതിയാവൂ.

ALSO READ: എന്തുകൊണ്ട് ഫസ്റ്റ്‌ ക്ലാസ് പരിശീന മത്സരം കളിക്കുന്നില്ല?; മറുപടിയുമായി രോഹിത് ശര്‍മ

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം:രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.

ABOUT THE AUTHOR

...view details