കേരളം

kerala

കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലി ; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ സെഞ്ചുറി

By

Published : Mar 12, 2023, 1:01 PM IST

Updated : Mar 12, 2023, 1:45 PM IST

അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 241 പന്തുകളിലാണ് 34കാരന്‍ മൂന്നക്കം തൊട്ടത്

border gavaskar trophy  virat kohli century  virat kohli  IND vs AUS  Ahmedabad test  IND vs AUS 4th Test Day 4 score updates  വിരാട് കോലി  വിരാട് കോലി സെഞ്ചുറി  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലി

അഹമ്മദാബാദ് : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്‌റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 241 പന്തുകളിലാണ് കോലി സെഞ്ചുറി തികച്ചത്. ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഫ്ലിക്ക് ചെയ്‌ത് സിംഗിള്‍ ഓടിയാണ് കോലി മൂന്നക്കം തൊട്ടത്.

വലങ്കയ്യന്‍ ബാറ്ററുടെ 28ാം ടെസ്റ്റ് സെഞ്ചുറിയും 75ാമത്തെ അന്താരാഷ്‌ട്ര സെഞ്ചുറിയുമാണിത്. അഹമ്മദാബാദിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിക്കായുള്ള ഏറെ നാളത്തെ കാത്തിരിപ്പാണ് 34കാരനായ വിരാട് കോലി അവസാനിപ്പിച്ചത്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും 2019 നവംബറിലായിരുന്നു ഇതിന് മുന്‍പ് കോലിയുടെ ടെസ്റ്റ് സെഞ്ചുറി പിറന്നത്. ഇതിന് ശേഷം 41 ഇന്നിങ്‌സുകളില്‍ കളിച്ചുവെങ്കിലും സെഞ്ചുറി അകന്ന് നില്‍ക്കുകയായിരുന്നു. 79 റണ്‍സ് നേടിയതായിരുന്നു ഇക്കാലയളവില്‍ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഇന്ത്യ പൊരുതുന്നു:മത്സരത്തില്‍ ഇന്ത്യ ലീഡിലേക്ക് അടുക്കുകയാണ്. 145 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 419 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുള്ളത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 480 റണ്‍സിന് 61 റണ്‍സ് മാത്രം പിറകിലാണ് നിലവില്‍ ഇന്ത്യ. സെഞ്ചുറി പിന്നിട്ട കോലിക്കൊപ്പം അക്ഷര്‍ പട്ടേലാണ് (14*) ക്രീസില്‍ തുടരുന്നത്.

മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് മൂന്നിന് 289 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. കളിയുടെ ആദ്യ സെഷനില്‍ തന്നെ ജഡേജയെ ടോഡ് മര്‍ഫി ഉസ്‌മാന്‍ ഖവാജയുടെ കയ്യിലെത്തിക്കുകയായിരുന്നു.

84 പന്തുകളില്‍ നിന്നും 28 റണ്‍സെടുത്താണ് ജഡേജ തിരിച്ച് കയറിയത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ചേര്‍ന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് ജഡേജയുടെ പുറത്താവല്‍. തുടര്‍ന്നെത്തിയ ശ്രീകര്‍ ഭരത് കോലിക്കൊപ്പം ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാല്‍ ഭരത്തിനെ പീറ്റര്‍ ഹാന്‍ഡ്‌കോംബിന്‍റെ കയ്യിലെത്തിച്ച് ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 88 പന്തില്‍ 44 റണ്‍സെടുത്താണ് ഭരത് പുറത്തായത്.

ശ്രേയസിന്‍റെ പരിക്കില്‍ അശങ്ക : മധ്യനിര താരം ശ്രേയസ്‌ അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങാന്‍ കഴിയാത്തത് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ്. നടുവേദനയാണ് താരത്തിന് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് 28കാരനായ ശ്രേയസിനെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.

ബിസിസിഐ മെഡിക്കൽ ടീമും താരത്തെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ശ്രേയസിന്‍റെ പരിക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. അഞ്ചാം നമ്പറിലാണ് ബാറ്റിങ് ഓര്‍ഡറില്‍ സാധാരണയായി ശ്രേയസ്‌ എത്താറുള്ളത്.

ALSO READ:IPL 2023 : പരിക്ക് ഭേദമാകാതെ ഇംഗ്ലീഷ് സൂപ്പര്‍ താരം ; പഞ്ചാബ് കിങ്‌സിന് വമ്പന്‍ ആശങ്ക

മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ മൂന്നാം വിക്കറ്റായി ചേതേശ്വര്‍ പുജാര തിരിച്ച് കയറിയപ്പോള്‍ ശ്രേയസ് ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. താരത്തിന് പകരം രവീന്ദ്ര ജഡേജയാണ് സ്ഥാനക്കയറ്റം ലഭിച്ച് ബാറ്റ് ചെയ്യാനെത്തിയത്.

ഇന്ന് ജഡേജ പുറത്തായതിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്റര്‍ കെഎസ് ഭരത് ക്രീസിലെത്തിയതോടെ ശ്രേയസിന് എന്തുപറ്റിയെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ അറിയിപ്പ് വന്നത്.

Last Updated :Mar 12, 2023, 1:45 PM IST

ABOUT THE AUTHOR

...view details