കേരളം

kerala

Shikhar Dhawan| എന്നും വിശ്വസ്തൻ, പകരക്കാരൻ നായകൻ...വിട പറയാനൊരു അവസരമില്ലാതെ ശിഖർ ധവാൻ

By

Published : Jul 15, 2023, 12:42 PM IST

ഇന്ത്യയ്‌ക്കായി ഇതേവരെ 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 ടി20 മത്സരങ്ങളുമാണ് ശിഖര്‍ ധവാന്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ 2013-ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ ഏറെ നിര്‍ണായകമായ പങ്കാണ് താരത്തിനുള്ളത്.

Ruturaj Gaikwad  BCCI  shikhar dhawan Ruturaj  Asian games 2023  Asian games  Shikhar Dhawan career  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ സ്‌ക്വാഡ്  ശിഖര്‍ ധവാന്‍  റിതുരാജ് ഗെയ്‌ക്‌വാദ്  ബിസിസിഐ
ശിഖര്‍ ധവാന്‍

ഹൈദരാബാദ്:ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്ന പേരാണ് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റേത്. സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത് പരിഗണിച്ച് യുവ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബിസിസിഐ ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചത്. ഏറെ നാളായി ഇന്ത്യന്‍ ടീമിനു പുറത്തുള്ള ശിഖര്‍ ധവാന്‍ ഗെയിംസിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടായില്ല.

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും പുറത്തായ ധവാന് നേരത്തെ തന്നെ ടെസ്റ്റ്, ടി20 ടീമുകളില്‍ നിന്നും സ്ഥാനം നഷ്‌ടമായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ശിഖര്‍ ധവാന്‍ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്. പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്ന ധവാന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് മത്സരങ്ങളിലായി 7, 8, 3 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇതോടെ ഈ വര്‍ഷം ആദ്യത്തില്‍ ശ്രീലങ്കയ്‌ക്കും പിന്നീട് ന്യൂസിലന്‍ഡിനും എതിരായ നടന്ന പരമ്പരകളില്‍ നിന്നും ധവാന്‍ ഒഴിവാക്കപ്പെടുകയും ചെയ്‌തു.

എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടായിരുന്നു ഏഷ്യന്‍ ഗെയിംസിനുള്ള ടീം തെരഞ്ഞെടുപ്പുണ്ടായത്. സീസണില്‍ പരിക്ക് വലച്ചുവെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് 37-കാരനായ ധവാന്‍ നടത്തിയത്. 11 മത്സരങ്ങളില്‍ നിന്നും 41.44 ശരാശരിയില്‍ 373 റണ്‍സായിരുന്നു താരം നേടിയത്. 142.91 ആയിരുന്നു പ്രഹര ശേഷി.

ഇന്ത്യന്‍ ടീമിലെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഏകദിന ലോകകപ്പിലേക്ക് ധവാനെ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്‌ധരും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇതോടെ ധവാന്‍റെ കരിയര്‍ അവസാനിച്ചുവെന്നും താരത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിട പറയാന്‍ ബിസിസിഐക്ക് ഒരു അവസരം നല്‍കാമായിരുന്നുവെന്നുമാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.

ഇന്ത്യയ്‌ക്കായി 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 ടി20 മത്സരങ്ങളുമാണ് ധവാന്‍ ഇതേവരെ കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 2315 റണ്‍സും ഏകദിനത്തില്‍ 6793 റണ്‍സും ടി20യില്‍ 1759 റണ്‍സുമാണ് ധവാന്‍ നേടിയിട്ടുള്ളത്. 2013-ല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായകമാവാന്‍ ധവാന് കഴിഞ്ഞിരുന്നു. അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്നും 363 റണ്‍സ് അടിച്ച് കൂട്ടിക്കൊണ്ട് ടൂര്‍ണമെന്‍റിലെ എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. തുടര്‍ന്നും മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ ധവാന്‍ മുതല്‍ക്കൂട്ടായി.

ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുടെ വരവും മോശം പ്രകടനവുമാണ് ധവാനെ ഇന്ത്യന്‍ ടീമിന് പുറത്തിരുത്തിയത്. എന്നാല്‍ മഹത്തായ ഒരു കരിയറിന് ഇത്രയും ദുഃഖകരമായ അന്ത്യം വേണ്ടിയിരുന്നില്ലെന്ന് തന്നെയാവും ഓരോ ആരാധകരും പറയുകയെന്നുറപ്പ്. സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദിന് കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുക.

ALSO READ: Asian Games 2023| റിതുരാജ് നയിക്കും, എതിരാളികളെ അടിച്ചുപറത്താന്‍ റിങ്കുവും ജയ്‌സ്വാളും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details