ന്യൂഡല്‍ഹി : ചരിത്രത്തിലെ തന്നെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റന്ന കുപ്രസിദ്ധിയുമായാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അവസാനിച്ചത് (India vs South Africa). കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പേസര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട മത്സരം വെറും ഒന്നര ദിവസത്തിലാണ് തീര്‍ന്നത്. പിച്ചിലെ പേസും അപ്രതീക്ഷിത ബൗണ്‍സുമായിരുന്നു ബാറ്റര്‍മാരെ വലച്ചത്. എന്നാല്‍ ഏഴ് വിക്കറ്റിന്‍റെ വിജയം നേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ മോശം പിച്ചുകളില്‍ പരാതി പറയുന്നതല്ല, മികച്ച പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മോശം പിച്ചുകള്‍ ഇന്ത്യന്‍ ടീമിന്‍റെ മികച്ച പ്രകടനം പുറത്തെടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഒരു ടെസ്റ്റ് മത്സരം ഒന്നര ദിവസം മാത്രം നീണ്ടു നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍, എന്തോ കുഴപ്പമുണ്ട്. പിച്ചിനെ ചുറ്റിപ്പറ്റി ചില ചർച്ചകൾ നടന്നിട്ടുണ്ട്. ചില ചോദ്യങ്ങും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പിച്ചിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ഇന്ത്യ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ മത്സരം നടന്ന വാണ്ടറേഴ്‌സിലെ പിച്ച് മോശമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഏതെങ്കിലും കളിക്കാരന് പരിക്കേൽക്കുമായിരുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രണ്ടാം ടെസ്റ്റ് നടന്ന കേപ്‌ടൗണിലെ പിച്ചും മോശമായിരുന്നു.
എന്നാല്‍ ഇന്ത്യ എപ്പോഴും കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പരാതിയും പറഞ്ഞില്ല. പെർത്തിലെ (ഓസ്‌ട്രേലിയ) പിച്ചും ഞാൻ ഓർക്കുന്നു. വളരെ മോശം പിച്ചായിരുന്നുവത്. ഒരു പന്ത് ഗുഡ് ലെങ്‌ത്തില്‍ നിന്നും വിക്കറ്റ് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ പറക്കുന്ന തരത്തിലുള്ള പിച്ചിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.