Jai Bhim Marakkar fail to make the cut for Oscar : ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹ'വും 'ജയ് ഭീമും' പുറത്ത്. കഴിഞ്ഞ ദിവസം വൈകുന്നേരം 94ാമത് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ പ്രേമികള്‍ നിരാശരായി.
276 ചിത്രങ്ങള്‍ക്കൊപ്പം 'മരക്കാറും' 'ജയ് ഭീമും' ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും അന്തിമ പട്ടികയ്‌ക്ക് പുറത്തായി. ജനുവരി 21ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട മത്സര പട്ടികയിലാണ് 'മരക്കാറും' 'ജയ് ഭീമും' ഇടംപിടിച്ചത്. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ ഇഫക്‌ട്‌സ്, വസ്‌ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് 'മരക്കാര്‍'. സൂര്യ നായകനായ 'ജയ് ഭീമും' ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ റോട്ടന്‍ ടൊമാറ്റോസ് എഡിറ്റര്‍ ജാക്വലിന്‍ കോലി ചെയ്‌ത ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു. 94ാമത് ഓസ്‌കര്‍ നോമിനേഷനില്‍ മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ 'ജയ് ഭീം' ഉള്‍പ്പെടുമെന്ന് ജാക്വലിന്‍ കോലി ട്വീറ്റ് ചെയ്‌തിരുന്നു.
ഇതുപോലെ നിരവധി പേരാണ് 'ജയ് ഭീമി'ലും 'മരക്കാറി'ലും പ്രതീക്ഷ പുലര്‍ത്തിയത്. ഈ പ്രതീക്ഷകള്‍ തെറ്റിച്ചാണ് 'ജയ് ഭീമും' 'മരക്കാറും' ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയ്‌ക്ക് പുറത്തുപോയത്. അതേസമയം ഇന്ത്യന്‍ ഡോക്യുമെന്‍ററി 'റൈറ്റിംഗ് വിത്ത് ഫയര്‍' നോമിനേഷനില്‍ ഇടംപിടിച്ചു.