ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷം നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിച്ചു. മാര്‍ച്ച് 31ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യ വാരം വോട്ടെടുപ്പിലൂടെയാകും തീര്‍പ്പാക്കുക. ഭരണപക്ഷത്തുനിന്നടക്കം പിന്തുണയുള്ളതിനാല്‍ പ്രമേയം പാസാകാനാണ് സാധ്യത. എന്നാല്‍ പരമാവധി പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍.
അഴിമതി, നാണയപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇമ്രാന്‍ ഖാനെതിരെ അവിശ്വാസം കൊണ്ടുവന്നത്. മാർച്ച് എട്ടിന് 100 അംഗങ്ങൾ ഒപ്പിട്ടാണ് പ്രമേയ നോട്ടിസ് നൽകിയത്. 342 അംഗ പാര്‍ലമെന്‍റില്‍ 172 വോട്ടിന്‍റെ പിന്തുണ ഇമ്രാന്‍ ഖാന് വേണം. പ്രതിപക്ഷത്തിന് 162 അംഗങ്ങളുടെ പിന്‍തുണയുണ്ട്. ഇമ്രാൻ ഖാന്‍റെ സ്വന്തം പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിലെ 24 അംഗങ്ങൾ പ്രതിപക്ഷത്തിന് പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.