ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പിരിഞ്ഞ പാകിസ്ഥാന്‍ ദേശീയ അസംബ്ലി മാര്‍ച്ച് 28 ന് വീണ്ടും ചേരും. നിയമസഭാംഗമായ ഖയാൽ സമന്‍റെ നിര്യാണത്തെത്തുടർന്നാണ് വെള്ളിയാഴ്‌ച സമ്മേളനം മാറ്റിവച്ചത്. നിർണായകമായ സമ്മേളനം മാറ്റിയതില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
അന്തരിച്ച അംഗത്തിനായി പ്രത്യേക പ്രാർഥനകള്‍ സഭയില്‍ നടന്നു. ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇൻസാഫ് നേതാവാണ് ഖയാൽ സമന്‍. അതേസമയം, ഇമ്രാന്‍ ഖാനെ സംരക്ഷിക്കാനാണ് സ്‌പീക്കര്‍ ആസാദ് ഖൈസറിന്‍റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ALSO READ: 'ശ്രീലങ്കയെ പുനഃനിർമിക്കാന്‍ സഹകരിക്കണം'; തമിഴ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ഗോതബയ രാജപക്‌സെ
അഴിമതി, നാണയപെരുപ്പം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം. മാർച്ച് എട്ടിന് 100 അംഗങ്ങൾ ഒപ്പിട്ടാണ് പ്രമേയ നോട്ടീസ് നൽകിയത്. 342 അംഗ പാര്‍ലമെന്‍റില്‍ 172 വോട്ടിന്‍റെ പിന്തുണ ഇമ്രാന്‍ ഖാന് വേണം. പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാൻ ഖാന്‍റെ സ്വന്തം പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിലെ 24 അംഗങ്ങൾ പ്രതിപക്ഷത്തിന് പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.