മുംബൈ: അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ വധ ഭീഷണിക്ക് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാർ സ്വന്തമാക്കി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. അടുത്തിടെ മുംബൈയിൽ നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് താരത്തിന്‍റെ പുതിയ കാർ ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്.
വെള്ള നിറത്തിലുള്ള നിസാൻ പട്രോളിൽ രണ്ട് സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ സൽമാൻ ഖാൻ സഞ്ചരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വധഭീഷണി മുഴക്കുന്നുണ്ട്. അതിനാൽ തന്നെ വർഷങ്ങളായി സൽമാൻ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് ഉപയോഗിച്ച് വരുന്നത്.
നേരത്തെ ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്ന ബുള്ളറ്റ് പ്രൂഫ് കാറിലായിരുന്നു താരം സഞ്ചരിച്ചിരുന്നത്. അതേസമയം നിസാൻ പട്രോൾ എസ്‌യുവി ഇന്ത്യയിൽ ഔദ്യോഗികമായി റീട്ടെയിൽ ചെയ്യാത്തതിനാൽ വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌തതായാണ് വിവരം. വാഹനത്തിന്‍റെ വില സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത നിസാൻ പട്രോൾ എസ്‌യുവിക്ക് രണ്ട് കോടിയോളമാണ് വില.
വേട്ടയാടൽ, വധഭീഷണി: 1998-ല്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയത്. കൃഷ്‌ണ മൃഗത്തെ ബിഷ്ണോയ് വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയ കേസിൽ 2018-ല്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ലോറൻസ് ബിഷ്‌ണോയി ഭീഷണിയുമായെത്തിയത്.