കേരളം

kerala

Nagpur Crime| നാസയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കൊലക്കേസ് പ്രതി കൈക്കലാക്കിയത് അഞ്ചര കോടി രൂപ, കബളിപ്പിച്ചത് 111 പേരെ

By

Published : Aug 5, 2023, 4:23 PM IST

Updated : Aug 5, 2023, 4:35 PM IST

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നടന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്

NASA  Nagpur Murderer Accused Lured Youths To Get Jobs  നാഗ്‌പൂർ  നാസ  നാസയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  കൊലക്കേസ് പ്രതി കൈക്കലാക്കിയത് അഞ്ചര കോടി  ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്
നാസയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്

നാഗ്‌പൂർ: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിൽ (National Aeronautics and Space Administration) ജോലി വാഗ്‌ദാനം ചെയ്‌ത് 111 പേരില്‍ നിന്നായി അഞ്ചര കോടി രൂപ തട്ടിയതായി പരാതി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍, ഓംകാർ മഹേന്ദ്ര തൽമലെ എന്നയാള്‍ക്കെതിരെയാണ് കേസ്. നാഗ്‌പൂർ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഏറ്റെടുത്ത കേസില്‍ അന്വേഷണം ആരംഭിച്ചു.

നേരത്തേ, പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഓംകാർ മഹേന്ദ്ര തൽമലെ. താൻ നാസയിൽ ജൂനിയർ സയന്‍റിസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഓംകാർ മഹേന്ദ്ര ആളുകളെ കബളിപ്പിച്ചത്. നാസയുടെ റീജിയണൽ റിമോട്ട് സെൻസിങ് സെന്‍ററായ നാഗ്‌പൂരിലാണ് (ആര്‍ആര്‍എസ്‌സി) നിലവില്‍ ജോലി ചെയ്യുന്നതെന്നും ധാരാളം സ്റ്റാഫുകളുടെ ഒഴിവുകളുണ്ടെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. ഓംകാർ മഹേന്ദ്രയ്‌ക്കെതിരായി ഉദ്യോഗാര്‍ഥിയായ അശ്വിൻ അരവിന്ദ് വാങ്കഡെയാണ് പരാതി നൽകിയത്.

സൗഹൃദം മുതലെടുത്ത് തട്ടിപ്പ്:അശ്വിൻ വാങ്കഡെയും ഓംകാർ തൽമലെയും നേരത്തേ പരിചയമുണ്ടായിരുന്നു. ഈ മുന്‍പരിചയം മുതലെടുത്ത് നാഗ്‌പൂരിലെ റീജിയണൽ റിമോട്ട് സെൻസിങ് സെന്‍ററില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ആദ്യം ഇയാളില്‍ നിന്നും പ്രതി രണ്ട് ലക്ഷം രൂപ കൈക്കലാക്കി. അശ്വിന്‍റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒഴിവുള്ള തസ്‌തികകളില്‍ പ്രവേശിപ്പിക്കാമെന്നും പ്രതി വാഗ്‌ദാനം ചെയ്‌തു. ഇങ്ങനെ നിരവധി ആളുകളെ ഇയാള്‍ പ്രലോഭിപ്പിക്കുകയും 111 പേരെ തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു.

ഇത്രയും പേരില്‍ നിന്നായി അഞ്ച് കോടി 31 ലക്ഷത്തി 70,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പ്രതി തട്ടിപ്പ് നടത്തിയതായി യുവാക്കൾക്ക് സംശയം തോന്നുകയും തുടര്‍ന്ന് നാഗ്‌പൂരിലെ റീജിയണൽ റിമോട്ട് സെൻസിങ് സെന്‍ററിനെ സമീപിക്കുകയും ചെയ്‌തു. ഇതോടെ, ഈ സ്ഥാപനവുമായി പ്രതിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന്, തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈസ് ചാൻസലറാക്കാമെന്ന് പറഞ്ഞ് 40 ലക്ഷം തട്ടി:ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായി നിയമനം വാഗ്‌ഗാനം നൽകി 40 ലക്ഷം രൂപ തട്ടിയ വാര്‍ത്ത കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഡൽഹി അശോക് വിഹാറിലെ സത്യവതി കോളജിലെ പ്രൊഫസർ തരുൺ കുമാറാണ് തട്ടിപ്പിന് ഇരയായത്. പ്രൊഫസറിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാനിപ്പത്ത് സ്വദേശി നരേന്ദ്ര (48) എന്നയാള്‍ അറസ്റ്റിലായിരുന്നു.

2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. തനിക്ക് അധികാര കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും അതിലൂടെ വൈസ് ചാൻസലര്‍ പദവി നേടിത്തരാന്‍ സാധിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പ്രൊഫസറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. പണം ലഭിച്ച ശേഷം നിയമനം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതി ഒഴിഞ്ഞുമാറി. ഇതോടെ, പ്രൊഫസർ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പല ഒഴിവുകഴിവുകൾ പറഞ്ഞ ശേഷം വെറും ആറ് ലക്ഷം രൂപ മാത്രമാണ് നരേന്ദ്രൻ തിരികെ നൽകിയത്. പിന്നാലെ പ്രൊഫസർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Last Updated : Aug 5, 2023, 4:35 PM IST

ABOUT THE AUTHOR

...view details