കേരളം

kerala

MS Swaminathan Passes Away എംഎസ് സ്വാമിനാഥൻ അന്തരിച്ചു

By ETV Bharat Kerala Team

Published : Sep 28, 2023, 12:17 PM IST

Updated : Sep 28, 2023, 7:03 PM IST

MS Swaminathan : ഹരിത വിപ്ലവത്തിന്‍റെ ആചാര്യൻ എംഎസ് സ്വാമിനാഥൻ അന്തരിച്ചു

Sp  MS Swaminathan  MS Swaminathan passes away  MS Swaminathan passes away in chennai  എംഎസ് സ്വാമിനാഥൻ അന്തരിച്ചു  എംഎസ് സ്വാമിനാഥൻ  ഹരിത വിപ്ലവത്തിന്‍റെ ആചാര്യൻ എംഎസ് സ്വാമിനാഥൻ
MS Swaminathan Passes Away

ചെന്നൈ:ഹരിത വിപ്ലവത്തിന്‍റെ ആചാര്യൻ എംഎസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു (MS Swaminathan). അന്ത്യം ചെന്നൈയില്‍. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്‌തതയിലേക്ക് നയിച്ച പ്രതിഭ. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. മഗ്‌സാസെ അവാർഡ് ജേതാവാണ്. രാജ്യം പത്മഭൂഷൺ നല്‍കി ആദരിച്ചു.

1925 ഓഗസ്റ്റ് ഏഴിന് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ 1943ല്‍ ബംഗാൾ ക്ഷാമകാലത്ത് ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി മൂലം മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നു. ഇതോടെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം സമർപ്പിക്കുകയായിരുന്നു. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ നിന്ന് ബിരുദം നേടിയ ശേഷം ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി മാറുകയായിരുന്നു.

നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകർക്കിടയില്‍ പ്രചരിപ്പിച്ചാണ് ഹരിത വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. 1972 മുതല്‍ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസില്‍ ഡയറക്‌ടർ ജനറലായിരുന്നു. ദേശീയ കർഷക കമ്മിഷൻ ചെയർമാൻ, ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്‍റെ പ്രിൻസിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഡയറക്‌ടർ ജനറല്‍ എന്നിങ്ങനെ രാജ്യത്തും പുറത്തും നിരവധി പദവികൾ വഹിച്ചു.

ALSO READ:Kasaragod Farmers Remembering MS Swaminathan : കാസർകോടും ഹരിതവിപ്ലവത്തിന് കൈയൊപ്പ് ചാർത്തിയ എംഎസ് സ്വാമിനാഥൻ ; ഓര്‍ത്തെടുത്ത് കർഷകര്‍

എംഎസ് സ്വാമിനാഥനെ ഓർത്തെടുത്ത് കർഷകർ :പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം എസ് സ്വാമിനാഥനെ ഓർത്തെടുത്ത് കാസർകോട്ടെ കർഷകർ. പല തവണ കാസർകോടെത്തിയ സ്വാമിനാഥൻ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി കാർഷിക വിളകൾ അഭിവൃദ്ധിപ്പെടുത്താൻ പ്രോത്സാഹനം നൽകിയത് കർഷകർ ഇന്നും ഓർക്കുന്നു.

നാളികേരം, അടക്ക, നെൽ തുടങ്ങിയ പരമ്പരാഗത കാർഷിക വിളകളുടെ ഉത്പാദനം വർധിപ്പിക്കാൻ കർഷകർക്ക് ഉപദേശം നൽകിയാണ് അദ്ദേഹം അന്ന് മടങ്ങിയത്.

1999, 2000, 2002 വർഷങ്ങളിൽ മൂന്നുതവണ അദ്ദേഹം കാസർകോട് സിപിഐയിൽ സന്ദർശനം നടത്തിയിരുന്നു. ഡോ. എംഎസ് സ്വാമിനാഥനായിരുന്നു സിപിസിആർഐയിലെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്‍റർ കർഷകർക്കായി തുറന്നുകൊടുത്തത്.

ജില്ലയിലെ നെൽകൃഷി കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കർഷകർക്ക് നിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം മറന്നില്ല. ചെങ്കള പഞ്ചായത്തിലെ എടനീർ, നെക്രാജെ,പാടി എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു.

കാസർകോട് സിപിസിആർഐയിൽ കാർഷിക മേഖലയ്ക്കും കർഷകർക്കും ഏറെ പ്രയോജനപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടത്താൻ നിർദ്ദേശം നൽകിയതാണ് 2002 ലെ സന്ദർശനം.

ഡോ. സ്വാമിനാഥനായിരുന്നു സിപിസിആർഐയിലെ ഐവിഎൽപി എന്ന സാങ്കേതിക വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്ത‌ത്. അന്ന് സിപിസിആർഐ ഡയറക്‌ടർമാരായിരുന്ന ഡോ. എം കെ നായർ, ഡോ. പി വി കെ നമ്പൂതിരി, ഡോ. രാജഗോപാൽ എന്നിവർ മുൻകൈയെടുത്താണ് എം എസ് സ്വാമിനാഥനെ കാസർകോട്ടെത്തിച്ചത്.

Last Updated :Sep 28, 2023, 7:03 PM IST

ABOUT THE AUTHOR

...view details