കേരളം

kerala

മഴയിൽ തളർന്ന് തമിഴ്‌നാട്; സ്‌റ്റാലിൻ നാളെ പ്രധാനമന്ത്രിയെ കാണും

By ETV Bharat Kerala Team

Published : Dec 18, 2023, 9:29 PM IST

Tamil Nadu Rains : മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാൻ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഗവർണർ ആർ.എൻ.രവിയും മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിലയിരുത്തി. തിരുനെൽവേലിയിൽ മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഉന്നതതല സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

T N RAIN  Heavy Rainfall in Southern Districts of Tamil Nadu  Tamil Nadu Rains  തമിഴ്‌നാട് മഴ  തമിഴ്‌നാട്ടിൽ കനത്ത മഴ  തമിഴ്‌നാട് മഴക്കെടുതി  tamilnadu rain  southern Tamil Nadu rain
Heavy Rainfall in Southern Districts of Tamil Nadu

ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ശക്തമായ മഴയിൽ തെക്കൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ (MK Stalin Meets Narendra Modi) ജില്ലാ കളക്‌ടർമാരുമായി കൂടിയാലോചന നടത്തി. ഡൽഹിയിലുള്ള സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെയാണ് കളക്‌ടർമാരുമായി സംസാരിച്ചത് (Tamil Nadu Rain Precautionary Measures).

മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാൻ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇതിന് മറുപടിയായി നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്‌ച അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയും മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്‌റ്റ് ഗാർഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗവർണർ കൂടിയാലോചന നടത്തി.

തിരുനെൽവേലിയിൽ മന്ത്രി ഉദയനിധി സ്റ്റാലിലിന്‍റെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തിരുനെൽവേലി ജംക്‌ഷൻ ബസ് സ്റ്റാൻഡിലെത്തിയ ഉദയനിധി നാശനഷ്‌ടങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും കടകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.

Also Read:തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി

നെല്ലായിയും തൂത്തുക്കുടിയും ഉൾപ്പെടെ 4 ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിതല സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിമാരായ തങ്കം തന്നരസു, ഗീതാജീവൻ, അനിത രാധാകൃഷ്‌ണൻ, മനോ തങ്കരാജ്, കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ, ഉദയനിധി സ്റ്റാലിൻ, എ.വി.വേലു, രാജ കണ്ണപ്പൻ, പി.മൂർത്തി എന്നിവരാണ് സംഘത്തിലുള്ളത്.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തുടര്‍ച്ചയായ 15 മണിക്കൂറിനിടെ പുലര്‍ച്ചെ 1.30 വരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 60 സെന്‍റീമീറ്റര്‍ മഴയാണ് തൂത്തുക്കുടിയിലെ തിരുച്ചെന്തൂരില്‍ മാത്രം പെയ്‌തത് (Rain In Thoothukudi Thiruchendur). ശ്രീവൈകുണ്ടം താലൂക്കിൽ ഇന്നലെ മാത്രം 525 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തിരുനെല്‍വേലിയിലെ പാളയംകോട്ടില്‍ 26 സെന്‍റിമീറ്ററും, കന്യാകുമാരിയില്‍ 17.3 സെന്‍റിമീറ്റർ മഴയും പെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയെ തുടര്‍ന്ന് തിരുനല്‍വേലിയില്‍ നിന്നു് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍: മഴക്കെടുതിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി 250 എസ്‌.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ വിന്യസിച്ചു.

Also Read:തെക്കന്‍ ജില്ലകളില്‍ മഴ ശക്തം, താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

തിരുനെല്‍വേലി ജില്ലയില്‍ 19 ക്യാമ്പുകളാണ് തുറന്നത്. കന്യാകുമാരിയില്‍ നാലും, തൂത്തുക്കുടിയില്‍ രണ്ടും, തെങ്കാശിയില്‍ ഒരു ക്യാമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത് (Relief Camps In Tamil Nadu). ഓരോ ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും ഓരോ പ്രദേശങ്ങളിലും നേരിട്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ABOUT THE AUTHOR

...view details