കേരളം

kerala

കൊവിഡ് കാലഘട്ടത്തില്‍ രക്ഷയായി മാറുന്ന തൊഴിലുറപ്പ് പദ്ധതിയും കൃഷിയും

By

Published : Aug 15, 2020, 12:00 AM IST

മുംബൈയിലെ ഐ ജി ഐ ഡി ആര്‍ വൈസ് ചാന്‍സിലറാണ് ലേഖകൻ എസ് മഹേന്ദ്ര ദേവ്

MGNREGA and Agriculture as Saviours during Covid-19  MGNREGA  Saviours during Covid-19  Covid-19  ന്യൂഡൽഹി  തൊഴിലുറപ്പ് പദ്ധതിയും കൃഷിയും  കൊവിഡ്  കൊവിഡ് കാലഘട്ടം
കൊവിഡ് കാലഘട്ടത്തില്‍ രക്ഷയായി മാറുന്ന തൊഴിലുറപ്പ് പദ്ധതിയും കൃഷിയും

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് അസാധാരണമായ ഒരു സ്വാതന്ത്ര്യ ദിനമാണ്. കൊവിഡ് ഇപ്പോഴും രാജ്യത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ഈ മഹാമാരി ജീവനുകളേയും ജീവിതോപാധികളേയും ഒരുപോലെ ബാധിച്ചിരിക്കുന്നു. രണ്ട് കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇതുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ക്ഷതം കൂടുതല്‍ ഗുരുതരമായി മാറുന്നു. അതിലൊന്ന് കൊവിഡിന് മുന്‍പ് തന്നെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായിരുന്നു എന്നതാണ്. 2017-18ലെ നാലാം പാദത്തിലുണ്ടായിരുന്ന വളർച്ച 8.1 ശതമാനത്തില്‍ നിന്നും 2019-20-ലെ നാലാം പാദത്തില്‍ 3.1 ശതമാനമായി ഇടിഞ്ഞു. അതോടൊപ്പം തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, ഗ്രാമീണ മേഖലയിലെ അസ്വസ്ഥതകള്‍, വ്യാപകമായ അസമത്വം എന്നിവ കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. രണ്ടാമത്തെ കാരണം ഇന്ത്യയിലെ വളരെ വലിയ അസംഘടിത മേഖല പ്രശ്‌ന ബാധിതമാണ് എന്നുള്ളത് തന്നെ.

മഹാമാരി മൂലം തൊഴില്‍ വിപണിയില്‍ അനിതര സാധാരണമായ തകര്‍ച്ചയാണ് അനുഭവപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും നിശ്ചലമാക്കി കഴിഞ്ഞു. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടവര്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്. പ്രത്യേകിച്ച് അതിഥി തൊഴിലാളികള്‍. സാധാരണ തൊഴിലാളികള്‍ക്ക് വ്യാപകമായ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമാണ് മഹാമാരി വരുത്തി വെച്ചത്. 2020 ഏപ്രില്‍-മെയ് ആയപ്പോഴേക്കും തൊഴിലില്ലായ്മ 27 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ചില്‍ അത് 8.4 ശതമാനം മാത്രമായിരുന്നു. ഏതാണ്ട് 12.2 കോടി തൊഴിലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ 9.1 കോടി തൊഴിലുകള്‍ നഷ്ടപ്പെട്ടത് ചെറുകിട വ്യാപാരികള്‍ക്കും കൂലി തൊഴിലാളികള്‍ക്കും (ദിവസക്കൂലി തൊഴിലാളികള്‍) ആണ്.

രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ജൂണ്‍ മുതലുള്ള ലോക്ക് ഡൗൺ വേണ്ടെന്ന വെച്ചത് ഒരു പരിധി വരെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ഉപജീവന മാര്‍ഗങ്ങള്‍ തിരിച്ചു കൊണ്ടു വരികയും ചെയ്‌തിട്ടുണ്ട്. പക്ഷെ രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങള്‍ ഇപ്പോഴും ലോക്ക് ഡൗണിൽ തന്നെയാണ്. മഹാമാരി എത്രകാലം നീണ്ടു നില്‍ക്കുമെന്നും പടരുമെന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല. രാജ്യത്തെ 70 ശതമാനം ജനങ്ങളും തൊഴില്‍ പടയും ഗ്രാമീണ മേഖലയിലാണ് വസിക്കുന്നത് എന്നതിനാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രകടനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ വാങ്ങുവാനുള്ള കഴിവ് വര്‍ധിക്കുന്നത് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യം മുഴുവന്‍ ആവശ്യകത വര്‍ധിക്കുവാന്‍ വളരെ നിര്‍ണായകമായ ഘടകമാണ്.

കൊവിഡിന്‍റെ ഗ്രാമീണ മേഖലയില്‍ ഉള്ള പ്രതികൂല പ്രഭാവം നഗര മേഖലകളേക്കാള്‍ വളരെ അധികം കുറവാണ്. മാത്രമല്ല, ലോക്ക് ഡൗണിന് ശേഷം ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കാര്‍ഷിക മേഖലയിലെ പ്രകടനം മാത്രമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇനി രക്ഷിക്കാന്‍ പോകുന്നത് എന്നുള്ള കാര്യം അങ്ങേയറ്റം സത്യമായ ഒന്നാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ ജി ഡി പി 2.5 മുതല്‍ 3 ശതമാനം വരെയായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ ജി ഡി പി അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ചുരുങ്ങുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഖരീഫ്, റാബി സീസണുകളില്‍ ഒരുപോലെ വമ്പന്‍ വിളവെടുപ്പാണ് സാധാരണ നിലയിലുള്ള കാലവര്‍ഷം മൂലം ഉണ്ടാകാന്‍ പോകുന്നത്. അതേ സമയം തന്നെ വമ്പന്‍ വിളവെടുപ്പ് കാര്‍ഷികോല്‍പ്പന്ന വിലകള്‍ കുത്തനെ ഇടിയുവാനും കാരണമായേക്കും. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിന് വിതരണ ചങ്ങലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

അതിലുപരി ഗ്രാമീണ മേഖലയിലെ കഥകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ കാര്‍ഷിക മേഖല. കാര്‍ഷികേതര മേഖലയും കാലക്രമേണ വര്‍ധിച്ചു വരുന്നുണ്ട്. എഫ് എം സി ജി, ട്രാക്‌ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് ഗ്രാമീണ മേഖലയിലുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. പക്ഷെ സമ്പൂര്‍ണ ലോക്ക് ഡൗണിന് ശേഷമുള്ള പെട്ടെന്നുണ്ടായ ഒരു ആവശ്യകതയാണെന്നതിനാല്‍ ഈ ഗ്രാമീണ മേഖല പുനരുജ്ജീവനം അല്‍പ്പം പെരുപ്പിച്ചു കാട്ടിയതാണ്.

ഏതാണ്ട് നാല് മുതല്‍ അഞ്ച് കോടി വരെ അതിഥി തൊഴിലാളികൾ ഗ്രാമീണ മേഖലയിലേക്ക് തിരിച്ചു പോയിരിക്കുന്നു. ഈ തൊഴിലാളികൾക്കും മറ്റ് ഗ്രാമീണ മേഖലാ തൊഴിലാളികള്‍ക്കും തൊഴിലുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ തൊഴിലാളികള്‍ക്ക് ഒരു സുരക്ഷാ വല എന്ന നിലയില്‍ പൊതു മേഖലയിലെ തൊഴിലുകള്‍ ഉപയോഗപ്പെടുത്താം. ഇന്ത്യയില്‍ ബി സി നാലാം നുറ്റാണ്ട് മുതല്‍ തന്നെ പൗരാണിക ഇന്ത്യന്‍ രാഷ്ട്രീയ സമ്പദ് ശാസ്ത്രഞ്ജനായ കൗടില്യന്‍ തന്‍റെ അര്‍ഥശാസ്ത്രത്തില്‍ പൊതു സമാശ്വാസ തൊഴിലുകളെക്കുറിച്ച് ഊന്നി പറയുന്നുണ്ട്. കൊവിഡ് കാലഘട്ടത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ) ഈ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു രക്ഷകനായി മാറും.

കാര്‍ഷിക, ഗ്രാമീണ വികസനത്തിന് ആസ്തികള്‍ സൃഷ്ടിക്കുന്നതിനാലും, സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനാലും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സഹായമാകുന്നതിനാലും, കടുത്ത ബുദ്ധിമുട്ടുകള്‍ മൂലം ഉണ്ടാകുന്ന കുടിയേറ്റം കുറയ്ക്കുന്നതിനാലും, പഞ്ചായത്തുകളുടെ പങ്കാളിത്തം കാരണവും തൊഴിലുറപ്പ് പദ്ധതി ദ്വിതീയ ഗുണഫലങ്ങളും സൃഷ്ടിക്കും. മഹാരാഷ്ട്രയില്‍ സൃഷ്ടിക്കപ്പെട്ട ആസ്തികളെ കുറിച്ച് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്‍റ് റിസര്‍ച്ച് നടത്തിയ പഠനം കാട്ടി തരുന്നത് 87 ശതമാനം തൊഴിലുകളും നില നില്‍ക്കുന്നു എന്നും പ്രവര്‍ത്തനക്ഷമമാണെന്നും, ഇതില്‍ തന്നെ 75 ശതമാനത്തില്‍ അധികം നേരിട്ടോ അല്ലാതെയോ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണെന്നുമാണ്. പഠനത്തോട് പ്രതികരിച്ച 90 ശതമാനം പേരും പറയുന്നത് ഈ തൊഴിലുകള്‍ വളരെ ഉപകാരപ്രദം അല്ലെങ്കില്‍ ഒരു പരിധി വരെ ഉപകാരപ്രദം എന്നാണ്.

ലോക്ക് ഡൗണിനും തൊഴില്‍ നഷ്ടങ്ങള്‍ക്കും ഇടയില്‍ സമീപ മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യകത കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് ഒന്നാമത്തെ ആഴ്ച വരെയായി ഏതാണ്ട് 170 കോടി വ്യക്തി ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2019-20 കാലഘട്ടത്തിലെ ഒരു വര്‍ഷം മുഴുവന്‍ 265 കോടി വ്യക്തി ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വ്യക്തി ദിനങ്ങളുടെ ഏതാണ്ട് 64 ശതമാനവും ഈ വര്‍ഷത്തെ ഏതാനും മാസങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. അതിനു കാരണം ഉയര്‍ന്ന ആവശ്യകത തന്നെ. കഴിഞ്ഞ മൂന്നര മാസത്തില്‍ തെലങ്കാനയും ആന്ധ്രാ പ്രദേശും യഥാക്രമം 106 ശതമാനവും 96 ശതമാനവും മനുഷ്യ ദിനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 2019-20-ല്‍ 365 ദിവസത്തിലും നടത്തിയ തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.

തൊഴിലുറപ്പ് പദ്ധതിയുടെ പുരോഗതി ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കാര്യം തൊഴില്‍ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായതോടു കൂടി ഗ്രാമീണര്‍ ഈ പദ്ധതിയിലേക്ക് കൂട്ടത്തോടെ എത്തി ചേരുന്നു എന്നതാണ്. ഏതാണ്ട് 4.8 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെയായി 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്ന മൊത്തം ചെലവ് ഏതാണ്ട് 48000 കോടി രൂപ വരും. 2021 സാമ്പത്തിക വര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ ഏതാണ്ട് പകുതി വരും ഇത്.

പക്ഷെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിലുകളില്‍ ചില പ്രശ്‌നങ്ങളും കണ്ടു വരുന്നുണ്ട്. തൊഴില്‍ വകുപ്പിന്‍റെ പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കുന്ന വേളയില്‍ ഗ്രാമീണ വികസന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഇനി ഈ ധനകാര്യ വര്‍ഷത്തില്‍ ചെലവഴിക്കാന്‍ വളരെ കുറച്ച് പണം മാത്രമേ ബാക്കിയുള്ളൂ എന്നാണ്. അസിം പ്രേംജി ഫൗണ്ടേഷന്‍ നടത്തിയ ഒരു സര്‍വ്വെ പ്രകാരം രാജ്യത്തെ വലിയ തോതിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ വകയിരുത്തിയിട്ടുള്ള ഫണ്ടുകള്‍ മുഴുവന്‍ ചെലവഴിച്ചു കഴിഞ്ഞു എന്നാണ്.

പഞ്ചായത്തുകളില്‍ ഓഗസ്റ്റ് 2020 ഓടു കൂടി പദ്ധതികളുടെ എല്ലാം കാലാവധി അവസാനിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ധനകാര്യ വര്‍ഷം 2021 അവസാനിക്കുന്നതു വരെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലുകളുടെ ആവശ്യകത വളരെ ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് ഫൗണ്ടേഷന്‍റെ സര്‍വ്വെ പറയുന്നത്. ഒരു പക്ഷെ ഖരീഫ് സീസണില്‍ മാത്രം ചെറുതായി ആവശ്യകത കുറഞ്ഞു എന്നു വരാം. പദ്ധതിക്ക് കീഴിലുള്ള വകയിരുത്തല്‍ ഒരു ലക്ഷം കോടി രൂപ കൂടി ഉയര്‍ത്തി കൊണ്ട് രണ്ട് ലക്ഷം കോടി രൂപയാക്കി മാറ്റണമെന്ന് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. അതുപോലെ ഓരോ കുടുംബത്തിനും നല്‍കുന്ന തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കി ഉയര്‍ത്തണമെന്നും ശുപാര്‍ശ ചെയ്യപ്പെടുന്നു.

തൊഴിലാളികള്‍ക്ക് ജീവനോപാധിയും വരുമാന പിന്തുണയും നല്‍കുക എന്ന ലക്ഷ്യമിട്ടു കൊണ്ട് മുന്‍ ആര്‍ ബി ഐ ഗവര്‍ണറായ സി രംഗരാജനും ഈ ലേഖകനും നടത്തിയ ഒരു പഠനം നിര്‍ദ്ദേശിക്കുന്നത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴില്‍ ദിനങ്ങള്‍ 150 ദിവസമായി ഉയര്‍ത്തണമെന്നാണ്. നഗര മേഖലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തണമെന്നും ഈ പഠനം നിര്‍ദേശിക്കുന്നു. എന്നാല്‍ അതിന്‍റെ രൂപകല്‍പ്പന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും അല്‍പം വ്യത്യാസമുള്ളതായിരിക്കണം. കാരണം നഗര മേഖലകളില്‍ നൈപുണ്യമില്ലാത്തവര്‍ക്കും അര്‍ദ്ധ നൈപുണ്യമുള്ളവര്‍ക്കും തൊഴിലുകള്‍ നല്‍കുവാന്‍ സാധിക്കും. പ്രത്യേകിച്ച് അര്‍ദ്ധ നൈപുണ്യമുള്ള തൊഴിലാളികളെ നഗര മേഖലയില്‍ ഏറെ ആവശ്യമുണ്ട് എന്നതിനാല്‍. ഗ്രാമീണ നഗര മേഖലകളില്‍ ഒരുപോലെ നിര്‍ദേശിക്കപ്പെടുന്ന 150 ദിവസത്തേക്കുള്ള തൊഴിലുകള്‍ക്ക് ആവശ്യമായ അധിക പണ ചെലവ് 2.48 ലക്ഷം കോടി രൂപയായിരിക്കും. ജി ഡി പി യുടെ 1.22 ശതമാനം വരും ഇത്. നഗര ഗ്രാമീണ മേഖലകളില്‍ ഒരുപോലെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ചെലവിടാനുള്ള സാമ്പത്തിക ഇടം സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്.

ഇതിനു പുറമെ അടിയന്തിരമായി തന്നെ നിരവധി സംസ്ഥാനങ്ങളിലെ ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതികള്‍ക്ക് കൂടുതല്‍ കാലാവധി ഉണ്ടാക്കുന്ന പ്രക്രിയ ത്വരിത ഗതിയില്‍ ആക്കേണ്ടതുണ്ട്. ഓരോ ഗ്രാമത്തിലും പൊതു മരാമത്തുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടായിരിക്കണം. വിതരണത്തിന് അനുസരിച്ചുള്ള ഒരു പദ്ധതി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നടപ്പിലാക്കി തുടങ്ങുന്നുണ്ട്. മറിച്ച്, നിയമത്തിന്‍റെ പിന്തുണയോടെ ആവശ്യകതയെ അടിസ്ഥാനമാക്കി ഉറപ്പാക്കുന്ന ഒന്നായി വേണം അത് നടത്തി കൊണ്ടു പോകുവാന്‍.

കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമങ്ങളിലെത്തുവാനായി ആയിരകണക്കിന് കിലോമീറ്റര്‍ നടന്നു നീങ്ങുന്നത് രാജ്യം മുഴുവന്‍ കാണുകയുണ്ടായി. ഇക്കൂട്ടരിലെ നൈപുണ്യമുള്ള തൊഴിലാളികളടക്കം ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുകള്‍ തേടുകയാണ്. തൊഴില്‍ നഷ്‌ടപ്പെട്ട വാഹന തൊഴിലാളികള്‍, കാര്‍ ഡ്രൈവര്‍മാര്‍, പെയിന്‍റര്‍മാര്‍, ആശാരിമാര്‍ എന്നിവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് അര്‍ദ്ധ നൈപുണ്യവും, നൈപുണ്യവും ആവശ്യമായ തൊഴിലുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. മഹാമാരിക്ക് നടുവില്‍ നിരവധി അതിഥി തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളായി മാറുന്നത് രാജ്യം കണ്ടു. അതുകൊണ്ട് തൊഴില്‍ നഷ്‌ടപ്പെട്ട കുടിയേറ്റക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും എല്ലാം തന്നെ ഈ കടുത്ത കാലഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതി ഒരു പ്രതീക്ഷയുടെ കിരണമായി മാറുന്നു എന്നിവിടെ അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുന്നതിനു പുറമെ കൃഷിയും ഗ്രാമീണ ജീവിതവും പുനരുജ്ജീവിപ്പിക്കുന്നതിലും ചില നടപടികള്‍ ആവശ്യമുണ്ട്. ആദ്യം തന്നെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണം. മിനിമം താങ്ങുവില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. പക്ഷെ ഉയര്‍ന്ന വില ഉറപ്പാക്കുന്നതിനായി വിതരണ ചങ്ങലകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ആത്മ നിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ കുറച്ച് കാലത്തേക്ക് സഹായകരമാവും. എന്നാല്‍ കേന്ദ്ര സംസ്ഥാന ഏകോപനമടക്കമുള്ള കാര്യങ്ങളില്‍ ഈ പരിഷ്‌കാരമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട് സര്‍ക്കാര്‍.

രണ്ടാമതായി കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കയറ്റുമതിയും ഭാവി വിപണികളും സംബന്ധിച്ചുള്ള ഒരു ദീര്‍ഘകാല സുസ്ഥിര നയത്തിന്‍റെ ആവശ്യമുണ്ട്. ആത്മ നിര്‍ഭര്‍ എന്നാല്‍ നമ്മള്‍ ആത്മവിശ്വാസം ഉള്ളവര്‍ കൂടിയാവണം എന്നതാണ്. വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഇന്ത്യ സംസ്‌കരിച്ച് എടുക്കാറുള്ളൂ. വന്‍ തോതില്‍ ഭക്ഷ്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് സര്‍ക്കാര്‍.

മൂന്നാമതായി പറയാനുള്ളത് കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടായി ഒരു ലക്ഷം കോടി രൂപ ഈയിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ കുറിച്ചാണ്. ഈ തുക മുഴുവനും നാല് വര്‍ഷത്തിനുള്ളില്‍ തന്നെ വിതരണം ചെയ് തു തീര്‍ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ ധനകാര്യ വര്‍ഷത്തേക്ക് ആകെ നല്‍കിയിരിക്കുന്നത് വെറും 10000 കോടി രൂപ മാത്രം. തൊഴില്‍ സാധ്യതകളും ശമ്പളവും ഉയര്‍ത്തുന്നതിന് അനിവാര്യമാണ് ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലയിലെ മുതല്‍ മുടക്ക്. കൃഷിക്ക് അപ്പുറത്തേക്ക് നീങ്ങി കൊണ്ട് സംഭരണ ശാലകള്‍, മറ്റ് ഗതാഗത സൗകര്യങ്ങള്‍, സംസ്‌കരണം, ചില്ലറ വില്‍പന എന്നിവയും നമ്മള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. മൂല്യ ചങ്ങലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപകാരപ്രദമായിരിക്കും കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട്. ഇത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കും. അതേ പോലെ തന്നെ തൊഴില്‍ സൃഷ്ടിക്കുന്നതിനും ഗ്രാമീണ ശമ്പളങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വളരെ പ്രധാനമാണ് ഗ്രാമീണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2004-05 മുതല്‍ 2011-12 വരെ ഉള്ള കാലയളവില്‍ ഗ്രാമീണ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

നാലാമതായി എം എസ് എം ഇകളിലെ 51 ശതമാനവും ഗ്രാമീണ മേഖലകളിലാണ് എന്നുള്ള കാര്യമാണ്. എന്‍ ബി എഫ് എസ് ഇകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തന്നെ ബുദ്ധിമുട്ടി കൊണ്ടിരുന്ന എം എസ് എം ഇ കള്‍ക്ക് കൊവിഡ് ഒരു വലിയ ഇരുട്ടടി തന്നെയായി മാറി. ഗ്രാമീണ മേഖലയിലും എം എസ് എം ഇകളെ പുനരുജ്ജീവിപ്പിക്കണം. ചൈന ഒഴിച്ചിട്ട് പോയിരിക്കുന്ന ഇടം ധാരാളം അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. അതിശക്തമായ എം എസ് എം ഇകള്‍ ഇല്ലാതെ ഇന്ത്യക്ക് സ്വയം പര്യാപ്ത ഇന്ത്യയായി മാറാന്‍ കഴിയുകയില്ല.

അവസാനത്തേത് കൃഷിയും കാര്‍ഷികേതര മേഖലയും തമ്മിലുള്ള ബന്ധങ്ങളും, ഗ്രാമീണ-നഗര ബന്ധങ്ങളും ഗ്രാമീണ പുനരുജ്ജീവനത്തിന് പ്രധാനമാണ് എന്നുള്ള കാര്യമാണ്. അതുപോലെ നഗരത്തിലെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്നത് കോര്‍പ്പറേറ്റ് മേഖലയുടെ ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നം പരിഹരിക്കും. അതുപോലെ ഗ്രാമീണ-നഗര ബന്ധങ്ങള്‍ മൂലം ബാങ്കുകള്‍ക്കും ഗ്രാമീണ മേഖലകളെ സഹായിക്കുവാന്‍ കഴിയും.

കൊവിഡ് മഹാമാരിയുടെ പ്രതികൂല പ്രഭാവങ്ങള്‍ തൊഴില്‍ മേഖലയില്‍ 2020-21 വരെ നില നില്‍ക്കാന്‍ പോകുന്നതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും സാധ്യമായ പരിഹാരം തൊഴിലുറപ്പ് പദ്ധതിയാണെന്ന് കാണുന്നു. ഈ പദ്ധതിക്ക് വേണ്ടി കൂടുതല്‍ ഫണ്ട് വകയിരുത്തുവാനും അടിസ്ഥാന തലത്തില്‍ പദ്ധതിയുടെ കാലയളവ് വര്‍ദ്ധിപ്പിക്കുവാനും ഫലപ്രദമായി നടപ്പിലാക്കുവാനും കേന്ദ്രം തയ്യാറാവണം. അതിഥി തൊഴിലാളികള്‍ക്കും മറ്റ് ഗ്രാമീണ തൊഴിലാളികള്‍ക്കും ഒരുപോലെ തൊഴില്‍ രക്ഷകനാണ് തൊഴിലുറപ്പ് പദ്ധതി. അതുപോലെ തന്നെ ഉല്‍പാദനം, സേവന മേഖലകളും തകര്‍ന്നു കിടക്കുന്നതിനാല്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ കഴിയുന്നത് കാര്‍ഷിക മേഖലക്ക് മാത്രമാണെന്ന് തോന്നുന്നു.

ABOUT THE AUTHOR

...view details