കേരളം

kerala

കര്‍ണാടകയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

By ETV Bharat Kerala Team

Published : Jan 17, 2024, 5:56 PM IST

Acid Attack In Karnataka: ചിത്രദുര്‍ഗയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. മുഖത്തും കൈയ്‌ക്കും പരിക്ക്. കാമുകിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവിന്‍റെ ആരോപണം. സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

Acid Attack In Karnataka  യുവാവിന് ആസിഡ് ആക്രമണം  കര്‍ണാടക ആസിഡ് ആക്രമണം  Acid Attack
Youth Injured In Acid Attack In Chitradurga In Karnataka

ബെംഗളൂരു:കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. ഹോളൽകെരെ സ്വദേശി അരുണ്‍ കുമാറിന് (29) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ (ജനുവരി 16) ഹിരിയൂരിലെ കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്ക് മുന്നിലാണ് സംഭവം.

ബെംഗളൂരുവിൽ ഗോഗാസ് എൽപിജി സ്റ്റേഷനിലെ ജീവനക്കാരനാണ് അരുണ്‍. ജോലിക്കായി ചിത്രദുര്‍ഗയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ബസ് ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ബസില്‍ നിന്നും പുറത്തിറങ്ങിയ അരുണ്‍ ഹോട്ടലില്‍ നിന്നും ചായ കുടിച്ച് ശുചിമുറിയില്‍ പോയി തിരിച്ച് ബസില്‍ കയറാന്‍ വരുമ്പോഴാണ് പിന്നില്‍ നിന്നെത്തിയ അക്രമി ആസിഡ് ഒഴിച്ചത്.

ആസിഡ് ഒഴിച്ചതിന് പിന്നാലെ അക്രമി മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് അരുണിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ആക്രമണത്തില്‍ അരുണിന് കൈയ്‌ക്കും മുഖത്തും പരിക്കേറ്റു.

''ബംഗളൂരുവിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും അതിനായി ബസില്‍ പോകുന്നതിനിടെയാണ് തനിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതെന്നും അരുണ്‍ പറഞ്ഞു. താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്നും അതില്‍ യുവതിയുടെ വീട്ടുക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നും അതാകാം തനിക്ക് നേരെയുള്ള ആക്രമണത്തിന് കാരണമെന്നും അരുണ്‍ പറഞ്ഞു. താന്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഏതാനും ചിലര്‍ താന്‍ എവിടെ പോയെന്ന് അന്വേഷിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഏതാനും ചിലര്‍ തന്നെ പിന്തുടരുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു.

ആസിഡ് ആക്രമണത്തിന് മുമ്പായി ഒരു അജ്ഞാതന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും താന്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ ഫോണില്‍ വിളിച്ച് ആരെങ്കിലും തന്നെ പറ്റിക്കുകയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും'' അരുണ്‍ പറഞ്ഞു. സംഭവത്തില്‍ അരുണ്‍ ഹിരിയൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അരുണിന്‍റെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ആസിഡ് ആക്രമണക്കേസുകള്‍ വര്‍ധിക്കുന്നു:രാജ്യത്ത് ആസിഡ് ആക്രമണ കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ബെംഗളൂരുവിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ആസിഡ് ആക്രമണ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന കണക്കുകള്‍. ആസിഡ് ആക്രമണ കേസുകളില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നാം സ്ഥാനത്തും അഹമ്മദാബാദുമാണുള്ളത്.

Also Read:പ്രണയം നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ABOUT THE AUTHOR

...view details