ETV Bharat / business

നികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; എട്ടുമാസത്തെ നേട്ടം 27,896 കോടി, ജിഎസ്ടിയിൽ 21.78% വർധന

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,794.33 കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 15.74 ശതമാനമാണ് വരുമാന വളർച്ച

Kerala GST Collection Update State Economy Growth Rate Finance Minister VD Satheesan Kerala Tax Revenue Increase
Government secretariat, Representational image (Special Arrangement)
author img

By ETV Bharat Kerala Team

Published : September 22, 2026 at 7:16 AM IST

2 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ നികുതി വരുമാനത്തിൽ വൻ വർധന. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിൻ്റെ ആകെ വരുമാനം 27,896.01 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24,101.68 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,794.33 കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 15.74 ശതമാനമാണ് വരുമാന വളർച്ച. ജിഎസ്ടി വരുമാനത്തിലാണ് പ്രധാന വർധനയുണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ 13,312.23 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം ഇത്തവണ 16,211.26 കോടി രൂപയായി ഉയർന്നു. 21.78 ശതമാനം വർധനയാണ് ഈ ഇനത്തിൽ രേഖപ്പെടുത്തിയത്.

ഓഗസ്റ്റിൽ മാത്രം 3,268 കോടി
ഓഗസ്റ്റ് മാസത്തിൽ മാത്രം ജിഎസ്ടി ഇനത്തിൽ 3,268 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. ഇതിൽ 1,368 കോടി രൂപ പണമായി ലഭിച്ച എസ്ജിഎസ്ടിയും 1,899 കോടി രൂപ ഐജിഎസ്ടി സെറ്റിൽമെൻ്റുമാണ്. ജിഎസ്ടി കലക്ഷനിലും വലിയ വർധനയുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 14,939.50 കോടി രൂപയിൽനിന്ന് 9.94 ശതമാനം ഉയർന്ന് 16,424.09 കോടി രൂപയായി ഈ വർഷത്തെ ജിഎസ്ടി കലക്ഷൻ മാറി.

കെജിഎസ്ടി 11,528 കോടി
കെജിഎസ്ടി വരുമാനം 8.26 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയുള്ള 10,648.36 കോടി രൂപയിൽനിന്ന് ഇത്തവണ 11,528.30 കോടി രൂപയായി കെജിഎസ്ടി വരുമാനം ഉയർന്നു. വാറ്റ് വരുമാനത്തിലും മികച്ച വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയുള്ള 141.09 കോടി രൂപയിൽനിന്ന് ഈ വർഷം ഓഗസ്റ്റിൽ 156.45 കോടി രൂപയായി വാറ്റ് വരുമാനം ഉയർന്നു. 10.89 ശതമാനമാണ് ഇതിലെ വളർച്ച.

ഓഗസ്റ്റിലെ ആകെ വരുമാനം 5,559 കോടി
ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തിന് ലഭിച്ച നോൺ ജിഎസ്ടി വരുമാനം 2,292 കോടി രൂപയാണ്. ജിഎസ്ടി ഉൾപ്പെടെ ഈ മാസത്തെ ആകെ വരുമാനം 5,559 കോടി രൂപയിലെത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് നികുതി വരുമാനത്തിൽ ഈ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ഈ വരുമാന വർധന സർക്കാരിന് വലിയ ആശ്വാസമാകും.

ധനകാര്യ മാനേജ്മെൻ്റ്: മുഖ്യമന്ത്രിക്ക് നേട്ടം
കേന്ദ്ര സർക്കാരിൽനിന്നുള്ള സാമ്പത്തിക വിഹിതം കുറയുന്ന സാഹചര്യത്തിൽ തനത് ഫണ്ട് വർധിപ്പിക്കുക എന്നത് സംസ്ഥാനത്തിന് അനിവാര്യമായിരുന്നു. ഇതിനായി നികുതി വെട്ടിപ്പുകൾ തടയാനും കുടിശികകൾ വേഗത്തിൽ പിരിച്ചെടുക്കാനും ധനവകുപ്പ് പ്രത്യേക കർമപദ്ധതികൾ നടപ്പിലാക്കിയിരുന്നു. നികുതി വരുമാനത്തിലുണ്ടായ ഈ വർധന സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നികുതി പിരിവിലെ കാര്യക്ഷമതയും വരുമാന ശേഖരണത്തിലെ പുരോഗതിയും സാമ്പത്തിക മാനേജ്മെൻ്റിലെ ദീർഘവീക്ഷണവുമാണ് ഈ സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തിലും മികച്ച ധനകാര്യ മാനേജ്മെൻ്റിലൂടെ വരുമാന വർധന സൃഷ്ടിച്ചെടുത്തതിൻ്റെ നേട്ടം ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് അവകാശപ്പെട്ടതാണെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

Also Read:- സിഎംഎഫ് ഇനി ഇന്ത്യൻ കമ്പനിയാകും, ഗവേഷണവും വികസനവും ഇന്ത്യയിൽ തന്നെ: കാൾ പെ