ETV Bharat / bharat

ചിഹ്നം നൽകിയില്ല; ബംഗാളിലെ റെജിനഗർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ആർഎസ്‌പി പിന്മാറി

സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നാണ് ഒക്ടോബർ ആറിന് നടക്കുന്ന റെജിനഗറിലേത്

REJINAGAR BYPOLL  RSP  Rejinagar byelection  Trinamool Congress
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : September 22, 2026 at 7:41 AM IST

2 Min Read
Choose ETV Bharat

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെജിനഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ ആർഎസ്പി സ്ഥാനാർഥി പിന്മാറി. തെരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി ചിഹ്നം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇടത് മുന്നണി ഘടകകക്ഷിയായ ആർഎസ്പിയുടെ അപ്രതീക്ഷിത പിന്മാറ്റം. ഇതോടെ മണ്ഡലത്തിലെ പ്രതിപക്ഷ വോട്ടുകളിൽ പുതിയ സമവാക്യങ്ങൾക്ക് കളമൊരുങ്ങി.

സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നാണ് ഒക്ടോബർ ആറിന് നടക്കുന്ന റെജിനഗറിലേത്. ഇടത് മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും ആർഎസ്പിയും സ്വന്തം നിലയ്ക്ക് ഇവിടെ സ്ഥാനാർഥികളെ നിർത്തിയിരുന്നു. സയ്യിദ് അസദ് അലിയെയാണ് സിപിഎം ഔദ്യോഗികമായി കളത്തിലിറക്കിയത്. ഇതിൽ പ്രതിഷേധിച്ച് ബികാഷ് ചന്ദ്ര മിശ്രയെ ആർഎസ്പിയും സ്ഥാനാർഥിയാക്കി.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ സ്ഥാനാർഥിയെ പിൻവലിക്കാൻ സിപിഎം നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ആർഎസ്പി വഴങ്ങിയിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയുടെ പരമ്പരാഗത ചിഹ്നമായ മൺവെട്ടിയും കോരികയും അനുവദിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ സ്ഥാനാർഥിയെ പിൻവലിക്കാൻ അവർ നിർബന്ധിതരായത്. പകരം ബക്കറ്റ് ചിഹ്നമാണ് കമ്മിഷൻ അനുവദിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19ന് കഴിഞ്ഞതിനാൽ ഈ പിന്മാറ്റം സാങ്കേതികമായി മാത്രമായിരിക്കും.

അതേസമയം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരരംഗത്ത് തുടരും. തൃണമൂൽ സ്ഥാനാർഥി അവസാന നിമിഷം പിന്മാറിയേക്കുമെന്ന് നേരത്തെ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഒടുവിൽ മത്സരരംഗത്ത് ഉറച്ചുനിൽക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. സ്ഥാനാർഥിയെ പിൻവലിച്ചെങ്കിലും ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആർഎസ്പി ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. തൃണമൂൽ സ്ഥാനാർഥി മത്സരരംഗത്ത് തുടരുന്നതും ആർഎസ്പി പിന്മാറിയതും റെജിനഗറിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ സ്വഭാവം പൂർണമായും മാറ്റാൻ സാധ്യതയുണ്ട്.

നിയമനടപടിക്ക് ഒരുങ്ങി പാർട്ടി
തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷ പാർട്ടികളോട് തികച്ചും വിവേചനപരമായാണ് പെരുമാറുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി തപൻ ഹോർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. റെജിനഗർ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥിക്ക് മനഃപൂർവം ചിഹ്നം നിഷേധിക്കുകയായിരുന്നു.

സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇക്കാര്യം കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തൃപ്തികരമായ യാതൊരു വിശദീകരണവും ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ ചിഹ്നങ്ങൾ റദ്ദാക്കിയും ചിഹ്നം അനുവദിക്കുന്നതിൽ സാങ്കേതിക സങ്കീർണതകൾ സൃഷ്ടിച്ചും ബിജെപിക്ക് എളുപ്പത്തിൽ വിജയമൊരുക്കാനാണ് അണിയറയിൽ ശ്രമം നടക്കുന്നതെന്നും പ്രസ്താവനയിൽ രൂക്ഷമായി കുറ്റപ്പെടുത്തുന്നു.

ഒരു വശത്ത് ചിഹ്നം അനുവദിക്കുന്നതിൽ തടസങ്ങൾ സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനെ ആയുധമാക്കുമ്പോൾ, മറുവശത്ത് പൊലീസിനെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് ഉപതെരഞ്ഞെടുപ്പ് പ്രഹസനമാക്കാനാണ് ഭരണകൂടത്തിൻ്റെ നീക്കം. ചിഹ്നം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കമ്മിഷനോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ അന്തിമ തീരുമാനമെടുത്തതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടികൾ. പിന്മാറ്റത്തിന് പുറമെ ഭാവി പരിപാടികളെക്കുറിച്ച് അടിയന്തരമായി നിയമോപദേശം തേടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ഭരണകൂടത്തിൻ്റെ ഇടപെടലുകളും സൂക്ഷ്മമായി പരിശോധിക്കുമെന്ന് തപൻ ഹോർ അറിയിച്ചു. ബിജെപിയുടെ ഗൂഢാലോചനകൾക്കെതിരെ നിരന്തരമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ തുടരാനും ജനങ്ങളെ ബോധവത്കരിക്കാനും പാർട്ടി ആഹ്വാനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കാൻ ശക്തമായ ബഹുജന പ്രക്ഷോഭം കെട്ടിപ്പടുക്കാൻ ആർഎസ്പി പ്രവർത്തകരോടും അനുഭാവികളോടും സംസ്ഥാന സെക്രട്ടറി അഭ്യർഥിച്ചു.

Also Read: വോട്ടർപട്ടിക വിവാദം; സോണിയ ഗാന്ധിക്കെതിരായ എഫ്‌ഐആർ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കി ഡല്‍ഹി കോടതി