മാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി: ബസുകൾ പരസ്‌പരം കൂട്ടിയിടിപ്പിച്ചു: ജീവനക്കാർക്കെതിരെ കേസ്

By ETV Bharat Kerala Team

Published : Mar 6, 2024, 10:45 PM IST

thumbnail

കോഴിക്കോട്: മാവൂരിൽ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. ക്ഷുഭിതരായ ജീവനക്കാർ ബസുകൾ കൂട്ടിയിടിപ്പിച്ച്
ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. സംഭവത്തിൽ മാവൂർ പോലീസ് കേസെടുത്തു. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിക്കുന്നതിലേക്കും ജീവനക്കാരുടെ കയ്യാങ്കളിയിലേക്കും നയിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും മാവൂർ സ്റ്റാൻഡിലേക്ക് എത്തിയ സ്വകാര്യ ബസ്, സ്റ്റാൻഡിൽ നിർത്തിയിട്ട മറ്റൊരു ബസിന് മുന്നിൽ വിലങ്ങനെ നിർത്തിയിട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തുടർന്ന് സ്റ്റാൻഡിലുള്ള ബസ് മുന്നോട്ടെടുത്ത് വിലങ്ങനെയിട്ട ബസിനെ ഇടിപ്പിച്ചു. അതിനുശേഷം ബസ്‌ സ്റ്റാൻഡിൻ്റെ ഉള്ളിലുള്ള ബസ് മറ്റൊരു വശത്ത് കൂടെ റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഇതിനിടയിൽ വിലങ്ങനെയിട്ട ബസ് മുന്നോട്ടെടുത്ത് വീണ്ടും വിലങ്ങു വയ്ക്കുകയും പരസ്‌പരം കൂട്ടിയിടിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇരു ബസിലെയും ജീവനക്കാർ തമ്മിൽ കയ്യാങ്കളിയും അസഭ്യം പറച്ചിലും ഉണ്ടായി. നേരത്തെയും നിരവധി തവണ ഇതിനു സമാനമായ സംഭവങ്ങൾ മാവൂർ ബസ്‌ സ്റ്റാൻഡിൽ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ബസ് ഓണേഴ്‌സ് അസോസിയേഷൻ മാവൂർ സ്റ്റാൻഡിൽ ബസുകളുടെ സമയം കൃത്യമായി നോക്കുന്നതിന് ഒരു ജീവനക്കാരനെ നിർത്തിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.