പദവി മറന്ന് ഗവർണർ പ്രവർത്തിക്കരുത്‌; പ്രവർത്തി ജനങ്ങൾ കാണുന്നുണ്ടെന്ന്‌ പി രാജീവ്

By ETV Bharat Kerala Team

Published : Jan 27, 2024, 4:03 PM IST

thumbnail

എറണാകുളം: പദവി മറന്ന് ഗവർണർ  പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. കൊല്ലത്ത് എസ് എഫ് ഐ പ്രതിഷേധത്തിനെതിരായ ഗവർണറുടെ പ്രതിഷേധത്തെ കുറിച്ച് ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവർണറുടെ പ്രവർത്തി ജനങ്ങൾ കാണുന്നുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന്  കേന്ദ്ര മാർഗ നിർദ്ദേശമുണ്ട്. പ്രതിഷേധം ഉള്ള സ്ഥലത്തേക്ക് പോകാൻ പാടില്ല, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്. സമരങ്ങൾക്ക് സർക്കാർ സഹായം ഉണ്ടെങ്കിൽ വിദ്യാർത്ഥികളോട് ഇങ്ങനെ ചെയ്യുമോ. ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങൾക്ക് പിന്നിലും മുഖ്യമന്ത്രിയെന്ന ഗവർണറുടെ പ്രതികരണം അദ്ദേഹത്തിൻ്റെ ഒരു അവസ്ഥയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ നടന്ന എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിഷേധക്കാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. ശേഷം പതിനേഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ പൊലീസ് കേസെടുത്തത്‌. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഒരു മണിക്കൂറിലധികം ഗവർണർ പാതയോരത്ത് തുടര്‍ന്നു. തുടര്‍ന്ന് ചടയമംഗലം പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് അടിയന്തരമായി എത്തിച്ചതിനു ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.