ജനറേറ്ററുമായി പോയ പിക് അപ്പ് ജീപ്പ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു ; ഡ്രൈവര്‍ക്കും വീട്ടുകാര്‍ക്കും തലനാരിഴയ്‌ക്ക് രക്ഷ

By ETV Bharat Kerala Team

Published : Jan 23, 2024, 8:27 AM IST

thumbnail

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കല്ലാറില്‍ വലിയ പവര്‍ ജനറേറ്ററുമായി പോയ പിക് അപ്പ് ജീപ്പ് 50 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടുകാരും ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനത്തിന്‍റെ പവര്‍ ജനറേറ്ററുമായി പോയ പിക് അപ്പാണ് മറിഞ്ഞത്. കുമളി ആറാം മൈലില്‍ നിന്ന് വരുന്നതിനിടെ മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിക്ക് സമീപമുള്ള കയറ്റത്തിലെ ചെറിയ വളവില്‍ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട പിക് അപ് 50 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു (Nedumkandam Pick up Jeep Accident). തൊട്ടുതാഴെയുള്ള പ്ലാമൂട്ടില്‍ പി സി വര്‍ഗീസിന്‍റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. വീടിന്‍റെ ഷീറ്റുകള്‍ തകര്‍ത്ത് ഭിത്തിയില്‍ ഇടിച്ചാണ് വാഹനം നിന്നത്. അഞ്ച് മീറ്റര്‍ കൂടി മുമ്പോട്ട് പോയിരുന്നെങ്കില്‍ വീട് തകരുമായിരുന്നു. തലകീഴായി മറിഞ്ഞ പിക് അപ് ജീപ്പ് പൂര്‍ണമായി തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്‌ദം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് ഡ്രൈവറെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. ഇവിടെ നേരത്തെയും അപകടങ്ങൾ നടന്നിട്ടുള്ളതായി വീട്ടുകാര്‍ പറഞ്ഞു. റോഡിന്‍റെ ഒരു വശത്ത് 50 അടി മുതല്‍ 150 അടിക്ക് മുകളില്‍ വരെ താഴ്‌ചയുള്ള കൊക്കയാണ്. എന്നാല്‍ ഈ ഭാഗത്ത് ആവശ്യമായ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ല. വീട്ടുടമസ്ഥര്‍ പലതവണ പൊതുമരാമത്ത് വകുപ്പിന് രേഖാമൂലം പരാതി നൽകിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ അപകട സാധ്യത ഇല്ലാത്ത സ്ഥലത്ത് ചെറിയൊരു ബാരിയര്‍ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. പൂര്‍ണമായി ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഇല്ലാതാക്കി, വീടുകള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.