മന്നാന്‍ സമുദായത്തിന്‍റെ 'കാലാവൂട്ട്' ; ആചാരാനുഷ്‌ഠാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആദിവാസി രാജവംശം

By ETV Bharat Kerala Team

Published : Feb 21, 2024, 1:53 PM IST

thumbnail

ഇടുക്കി : പരമ്പരാഗത ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പിന്തുടരുന്നവരാണ് ഗോത്ര ജനതയായ മന്നാൻ സമൂഹം (Kerala Mannan Tribe Idukki). ഇന്ത്യയിൽ നിലവിലുള്ള ആദിവാസി രാജവംശങ്ങളിൽ ഒന്ന് എന്ന പ്രത്യേകതയും മന്നാന്‍ സമൂഹത്തിനുണ്ട്. വിളവെടുപ്പ് ഉത്സവമായ കാലാവൂട്ടും പാരമ്പര്യ കൂത്തും മന്നാൻ ജനതയുടെ ഒത്തുചേരൽ കൂടിയാണ്. കോവിലമല മുത്തിയമ്മ ദേവീക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനത്തോടെയാണ് കാലാവൂട്ടിന്‍റെ തുടക്കം. വിളവെടുപ്പ് ഉത്സവമായും മരിച്ചവരുടെ ആത്മശാന്തിക്ക് വേണ്ടിയുമാണ് കാലാവൂട്ടും കൂത്തും നടത്തുന്നത്. മല ദൈവങ്ങളെ സാക്ഷി നിര്‍ത്തിയുള്ള കോവിലാന്‍ പാട്ട് കൂത്തില്‍ അവതരിപ്പിക്കും. പുരുഷന്മാര്‍ സ്‌ത്രീ വേഷം കെട്ടിയാണ് കൂത്ത് ആടുന്നത്. തനത് ആചാരങ്ങളും വ്യത്യസ്‌ത അനുഷ്‌ഠാനങ്ങളും പാരമ്പര്യ കലകളുമുള്ളവരാണ് മന്നാന്‍ സമുദായം. കാലാവൂട്ട് ദിനം കേരളത്തിന്‍റെ വിവിധ മേഖലകളിൽ ഉള്ള 46 ഊരുകളില്‍ നിന്നുള്ളവര്‍ രാജാവായ രാമന്‍ രാജമന്നാന്‍റെ ആസ്ഥാനമായ കോവിലമലയില്‍ എത്തും. സൂര്യന്‍ അസ്‌തമിക്കാറാകുമ്പോൾ തുടങ്ങുന്ന കൂത്ത് പുലര്‍ച്ചെ വരെ നീളും. ഏഴ്‌ ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ അവസാന ദിനമാണ് കാലാവൂട്ട് മഹോത്സവം നടക്കുക. ആഘോഷ ദിവസങ്ങളില്‍ മുൻ വര്‍ഷത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മയ്‌ക്കായി അവരുടെ കുടികളില്‍ പായ വിരിച്ച് അതില്‍ വെള്ളത്തുണി വിരിച്ചിടും. അതിന് തൊട്ടടുത്തായി വെള്ളം നിറച്ച ചെറിയ മണ്‍കലം വയ്‌ക്കും. ഈ ഏഴ് ദിവസവും വൈകിട്ട് മരിച്ചവരുടെ ഓര്‍മയ്‌ക്കായി മണ്‍കലം അവരുടെ കല്ലറയില്‍ വച്ച് പതുക്കെ മറിച്ചിട്ട് വെള്ളം ഒഴുക്കും. നൃത്തം ചെയ്യുന്നവരുടെ മുഖത്ത് പ്രത്യേക രീതിയില്‍ ചായം പൂശും. നര്‍ത്തകരുടെ താളത്തിനൊത്ത് കാണികളും നൃത്തം വയ്‌ക്കും. രാജാവിനെയും പ്രത്യേക ക്ഷണിതാക്കളെയും വേദിയിൽ ഇരുത്തിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. മന്നാൻ ജനതയുടെ പരമ്പരാഗത ജീവിത ചര്യകൾ പഠിയ്ക്കുവാനും കൂത്ത് കാണാനും നിരവധി ആളുകൾ ഓരോ വർഷവും കോവിൽമലയിൽ എത്താറുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.