'സ്റ്റോപ്പ് ബോര്‍ഡ് കണ്ടാലും നിര്‍ത്തില്ല'; നോക്കുകുത്തിയായി മൂന്നാറിലെ ഹരിത ചെക്ക്‌ പോയിന്‍റ്

By ETV Bharat Kerala Team

Published : Jan 23, 2024, 6:07 PM IST

thumbnail

ഇടുക്കി: നോക്കുകുത്തിയായി മൂന്നാറിനെ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് സ്ഥാപിച്ച ഹരിത ചെക്ക്‌ പോയിന്‍റ്. ചെക്ക്‌ പോയിന്‍റില്‍ വിനോദ സഞ്ചാരികളുടേത് അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തുന്നില്ലെന്ന് ആരോപണം. മേഖലയിലെത്തുന്ന സഞ്ചാരികളില്‍ നിന്നും പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുക, മാലിന്യ സംസ്‌കരണത്തെ കുറിച്ച് ബോധവത്‌കരണം നടത്തുക, ഇത് സംബന്ധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളില്‍ രണ്ട് പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. എന്നാല്‍ സ്ഥലത്തെത്തുന്ന വാഹനങ്ങള്‍ ഇവിടെ നിര്‍ത്താറില്ലെന്നാണ് ആരോപണം. ചെക്ക്‌ പോസ്‌റ്റിലുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തങ്ങളുടെ കൈവശമുള്ള സ്റ്റോപ്പ് ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയാണ് വാഹനങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ ഇതൊട്ടും ഗൗനിക്കുന്നില്ലെന്നതാണ് വാസ്‌തവം. മൂന്നാറിന്‍റെ പ്രവേശന കവാടമായ  ഹെഡ് വർക്‌സ്‌ ജലാശയത്തിന് സമീപത്താണ് ചെക്ക് പോയിന്‍റുള്ളത്. ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം ശേഖരിച്ച് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇവയെല്ലാം ഉപയോഗശൂന്യമായ അവസ്ഥയിലാണിപ്പോള്‍. ഹരിത ചെക്ക് പോയിന്‍റിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെങ്കില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം. എങ്കില്‍ മാത്രമെ പദ്ധതി വിജയകരമാകുകയുള്ളൂ. മൂന്നാർ- ഉടുമൽപ്പെട്ട്, മൂന്നാർ -ബോഡിമെട്ട് എന്നിവിടങ്ങളിലും ഹരിത ചെക്ക് പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.