ETV Bharat / travel-and-food

പരിസ്ഥിതി സൗഹൃദ യാത്ര: മാട്ടുപ്പെട്ടി ഡാമില്‍ ഇ-ബോട്ട് സര്‍വീസ് ആരംഭിച്ചു - E Boat Service Mattupetty

author img

By ETV Bharat Kerala Team

Published : May 14, 2024, 2:09 PM IST

Updated : May 14, 2024, 3:07 PM IST

മാട്ടുപ്പെട്ടി ഡാമില്‍ സഞ്ചാരികള്‍ക്കായി ഇലക്‌ട്രിക് ബോട്ട് സര്‍വീസ്. 2000 രൂപ നിരക്കില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാനാകും.

BOAT SERVICE IN MATTUPETTY  MATTUPETTY DAM IDUKKI  മാട്ടുപ്പെട്ടി ഇ ബോട്ട് സര്‍വീസ്  ഇടുക്കി വിനോദ സഞ്ചാര കേന്ദ്രം
E BOAT SERVICE (Source: Etv Bharat Reporter)

മാട്ടുപ്പെട്ടി ഡാമില്‍ ഇ-ബോട്ട് സര്‍വീസ് (Source: ETV Bharat Reporter)

ഇടുക്കി: മാട്ടുപ്പെട്ടി ഡാമില്‍ ആദ്യ ഇലക്‌ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്. 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ടാണിത്.

ഓസ്‌ട്രിയയില്‍ നിന്നും ഇറക്കുമതി ചെയ്‌ത 4 ബാറ്ററികളാണ് ബോട്ടില്‍ ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഇവ 4 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുത എഞ്ചിനും ബാറ്ററികളും ഇറക്കുമതി ചെയ്‌താണ് ഹൈഡല്‍ ടൂറിസം അധികൃതര്‍ ഡീസലില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലി ബോട്ട് ഇ ബോട്ടാക്കി മാറ്റിയത്.

ഒരു ദിവസം 12 ട്രിപ്പുകള്‍ വരെ നടത്താന്‍ സാധിക്കും. 20 പേര്‍ക്ക് 2000 രൂപയാണ് യാത്ര നിരക്ക്. കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇ ബോട്ട് പരീക്ഷണയോട്ടം നടത്തിയത്.

വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന ശബ്‌ദ മലിനീകരണം, ഡീസല്‍ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇ-ബോട്ട് സര്‍വീസില്‍ ഉണ്ടാകില്ല. ബോട്ടുകളുടെ അമിത ശബ്‌ദം ആനകളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്നുവെന്ന കാരണത്താല്‍ ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു.

ആനകളുടെ വിഹാര കേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇ-ബോട്ട് സര്‍വീസ് തുടങ്ങിയിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. അണക്കെട്ടിലെ ബോട്ടിങ് തന്നെയാണ് കൂടുതല്‍ പേരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതും.

Last Updated : May 14, 2024, 3:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.