ETV Bharat / state

ബംഗാൾ ഉൾക്കടലിൽ ഇന്ന് 'റിമാൽ' രൂപപ്പെടും ; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട് - Weather Update In Kerala

author img

By ETV Bharat Kerala Team

Published : May 25, 2024, 10:31 AM IST

Updated : May 25, 2024, 12:51 PM IST

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

CYCLONE REMAL  BAY OF BENGAL  RAIN IN KERALA  കേരളത്തില്‍ കനത്ത മഴ
WEATHER UPDATE IN KERALA (Source: ETV Bharat)

ഇടുക്കി : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് 27 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് തുടരും.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരുന്ന 5 ദിവസത്തേക്ക് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ റിമാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ നാളെ രാവിലെ വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി അര്‍ദ്ധ രാത്രിയോടെ ബംഗ്ലാദേശിന് സമീപത്തുള്ള ബംഗാള്‍ തീരത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. മലയോര മേഖലകളിലും ജാഗ്രത തുടരണം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യതാപ്രവചനം

യെല്ലോ അലർട്ട്

25-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌

26-05-2024 : ആലപ്പുഴ, എറണാകുളം, തൃശൂർ

27-05-2024 : തിരുവനന്തപുരം, കൊല്ലം

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.

മത്സ്യബന്ധന ജാഗ്രതാനിര്‍ദേശം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കേണ്ടതുണ്ട്.

ഉയർന്ന തിരമാല - ജാഗ്രതാനിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട്‌ വരെ) ഇന്ന് (25-05-2024) ന് രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്‍റെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്ന് (25-05-2024) ന് രാത്രി 11.30 വരെ 0.6 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്‍റെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ALSO READ: അതിശക്തമായ മഴ; മരം കടപുഴകി വീണ് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു

Last Updated : May 25, 2024, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.