ETV Bharat / state

വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല; വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി - Water Level in Idukki Dam

author img

By ETV Bharat Kerala Team

Published : May 26, 2024, 2:49 PM IST

ശക്തമായ നീരൊഴുക്ക് ഉണ്ടായിട്ടും വെള്ളിയാഴ്‌ച 2333.10 ലേക്ക് ജലനിരപ്പ് താഴ്ന്നു

ELECTRICITY PRODUCTION IN IDUKKI  ഇടുക്കി ഡാം വൈദ്യുതി ഉത്‌പാദനം  WATER LEVEL IN IDUKKI DAM  ഇടുക്കി ഡാം ജലനിരപ്പ്
Idukki Dam (ETV Bharat)

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല (ETV Bharat)

ഇടുക്കി : വേനൽ മഴ ലഭിച്ചതിനാൽ നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു. വൈദ്യുതി ഉത്പാദനം മഴക്കാലത്തിന് മുമ്പ് കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 2333.72 അടിയായിരുന്ന വ്യാഴാഴ്‌ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ്.

ശക്തമായ നീരൊഴുക്ക് ഉണ്ടായിട്ടും വെള്ളിയാഴ്‌ച 2333.10 ലേക്ക് ജലനിരപ്പ് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം. ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്‌ച ഇടുക്കിയിലെ വെള്ളം ഉപയാഗിച്ച് ഉത്പാദിപ്പിച്ചത്. ബുധനാഴ്‌ച 11.98 ദശലക്ഷവും വ്യാഴാഴ്‌ച 15.56 ദശലക്ഷവുമാക്കി.

അഞ്ച് മാസമായി തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്റർ ബുധനാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങിയതോടെ ഉത്‌പാദനം പൂർണതോതിലായിട്ടുണ്ട്. വേനൽക്കാലത്ത് സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭിച്ചിരുന്നു. മഴയെത്തിയതിനാൽ മെയ് മാസത്തിന്‍റെ അവസാനത്തോടെ ഇത് തിരികെ നൽകാൻ തുടങ്ങിയതിനാലാണ് വൈദ്യുതി ഉത്പാദനം കൂട്ടിയതെന്നാണ് കെഎസ്ഇബി പറയുന്നത്.

2022ൽ അണക്കെട്ടിൽ ഉണ്ടായിരുന്നത് 40 ശതമാനത്തോളം വെള്ളമാണ്. മഴ ശക്തമായതോടെ റൂൾ കർവ് പാലിക്കാൻ രണ്ട് തവണ അണക്കെട്ടിന്‍റെ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായി. 32 ശതമാനത്തിലധികം വെള്ളം ഇപ്പോൾ ഇടുക്കിയിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 22.5 ശതമാനമാണുണ്ടായിരുന്നത്. അതായത് പത്ത് ശതമാനം കൂടുതലാണിപ്പോൾ. മൺസൂൺ എത്തുന്നതിന് മുൻപ് ജലനിരപ്പ് 2300 അടിയിലേക്ക് താഴ്ത്തി നിർത്തിയതിനാലാണ് കഴിഞ്ഞ വർഷം ഷട്ടറുകൾ തുറക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്. ഇത് ഇത്തവണയും ആവർത്തിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

Also Read : 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണത്തിന് കേരളത്തെ അനുവദിക്കരുത്'; കേന്ദ്രത്തിന് കത്തയച്ച് എം കെ സ്‌റ്റാലിന്‍ - MK Stalin Against Kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.