ETV Bharat / state

'എസ്‌ഡിപിഐ പിന്തുണ വേണ്ട': ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം - vd satheeshan against pinarayi

author img

By ETV Bharat Kerala Team

Published : Apr 4, 2024, 3:38 PM IST

SDPI SUPPORTS CONGRESS  VD REJECTS THE SUPPORT OF SDPI  VD SATHEESHAN  PINARAYI VIJAYAN
vd satheeshan against pinarayi vijayan and he rejects the support of SDPI

എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് വി ഡി സതീശൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും പ്രതിപക്ഷ നേതാവ്.

വി ഡി സതീശന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ്. എസ്‌ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. വി ഡി സതീശനും എം എം ഹസനും ചേര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. മുഖ്യമന്ത്രി എല്‍ഡിഎഫിന്‍റെ കാര്യം നോക്കിയാല്‍ മതിയെന്നും യുഡിഎഫിലെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ലീഗിന്‍റെയും, കോണ്‍ഗ്രസിന്‍റെയും കൊടി ഉയര്‍ത്താത്തതില്‍ മുഖ്യമന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. കൊടിയുള്ള പരിപാടിക്കും, ഇല്ലാത്ത പരിപാടിക്കും താന്‍ പങ്കെടുക്കാറുണ്ട്. കൊടികളുടെ ഉപയോഗത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യുനപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസ് എതിര്‍ക്കും. ഈ പശ്ചാതലത്തിലാണ് എസ്‌ഡിപിഐയുടെ പിന്തുണയെയും കാണുന്നത്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാകകള്‍ കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങളുടെ പ്രചരണത്തെ കുറിച്ച് മുഖ്യമന്ത്രി സ്‌റ്റഡി ക്ലാസെടുക്കണ്ട. ഞങ്ങളുടെ പ്രചരണ രീതി എകെജി സെന്‍ററില്‍ നിന്ന് തീരുമാനിക്കുന്നതല്ലെന്നും വിഡി പറഞ്ഞു.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ പതാക വിവാദമുണ്ടാക്കിയത് ബിജെപി ആയിരുന്നു. ഇത്തവണ അതേ പതാക വിവാദം ഉണ്ടാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചിഹ്നം നഷ്‌ടപ്പെടാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മാറുകയും, മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള രീതികളുമാണ് സിപിഎം സ്വീകരിക്കുന്നത്.

മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ബിജെപിയെ സന്തോഷിപ്പിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി മണികുമാറിനെ നിയമിക്കുന്ന സമിതിയില്‍ താന്‍ എതിര്‍പ്പ് അറിയിച്ചതാണ്. അതിന് ശേഷം എന്തുകൊണ്ടാണ് എതിര്‍പ്പ് അറിയിക്കാന്‍ കാരണമെന്ന് ഗവര്‍ണറെ ധരിപ്പിച്ചതുമാണ്. ഇത്രയും നാള്‍ തീരുമാനമെടുക്കാതെ ഇപ്പോള്‍ പെട്ടെന്ന് തീരുമാനമെടുത്തത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.