ETV Bharat / state

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത്; സ്വരാജ് ട്രോഫി സ്വന്തമാക്കി വലിയപറമ്പ

author img

By ETV Bharat Kerala Team

Published : Feb 17, 2024, 6:45 AM IST

സംസ്ഥാനത്ത് ഒന്നാമതാണ് കടലിന്‍റെയും കായലിന്‍റെയും അപൂർവ സംഗമമുള്ള വലിയപറമ്പ ഗ്രാമപഞ്ചായത്ത്

swaraj trophy valiya parambu  വലിയപറമ്പ ഗ്രാമപഞ്ചായത്ത്  സ്വരാജ് ട്രോഫി  Minister MB Rajesh
Valiaparamba Gram Panchayat Won The Swaraj Trophy

കാസർകോട് : സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പ്രകൃതി രമണീയമായ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് (Valiaparamba Gram Panchayat Won The Swaraj Trophy). കടലിന്‍റെയും കായലിന്‍റെയും അപൂർവ സംഗമമുള്ള സ്ഥലവും ആരെയും കൊതിപ്പിക്കുന്ന ഗ്രാമ ഭംഗി കൂടിയുള്ളതാണ് വലിയപറമ്പ. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞു ദ്വീപ് കൂടിയാണ് ഇവിടം. സമ്പൂര്‍ണ സോക്കേജ് പിറ്റ് ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും വലിയപറമ്പിലാണ്. 14,000 ത്തോളം ജന സംഖ്യ ഉള്ള ഈ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യതൊഴിലാളികളും കർഷകരുമാണ്.

വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം, സംരംഭക പ്രവര്‍ത്തന മികവ്, കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പരിശോധന നടത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വലിയപറമ്പ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ എല്ലാ വീട്ടിലും സമ്പൂര്‍ണ സെപ്റ്റിക് ടാങ്ക് പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി. എല്ലാ വാര്‍ഡിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. 24 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 75,000 കാറ്റാടി തൈകള്‍ സ്വന്തമായി നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് നട്ടുവളര്‍ത്തി. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് 18 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി.

ആരോഗ്യ മേഖലയില്‍ കായകല്‍പം അവാര്‍ഡ് നേടിയത് അടക്കമുള്ള സേവനങ്ങള്‍, ഹരിത കര്‍മ്മ സേന വാതില്‍ പടി സേവനത്തിന്‍റെ ഭാഗമായി ഫീസ് 100 ശതമാനം പിരിച്ചു. സംസ്ഥാനത്ത് ആദ്യമായി നാലാം തവണയും നികുതി പിരിവ് ആദ്യമായി പൂര്‍ത്തീകരിച്ചു. 44 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആദ്യമായി പഞ്ചായത്ത് നേടിയിരുന്നു. വി വി സജീവന്‍ പ്രസിഡന്‍റായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പുരസ്‌കാരം മികച്ച ജനകീയ കൂട്ടായ്‌മയുടെ നേട്ടമാണെന്ന് പ്രസിഡന്‍റ് വി വി സജീവന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും 19ന് കൊല്ലത്ത് നടക്കുന്ന തദ്ദേശ ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. പൊതു ഭരണം, സംരംഭ പ്രവര്‍ത്തനം, വാര്‍ഷിക പദ്ധതികള്‍, ദാരിദ്ര നിര്‍മ്മാര്‍ജനം, ശുചിത്വ ഹരിതാഭ ഗ്രാമം, സ്വയം പര്യാപ്‌ത അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷ ഗ്രാമം, ജല സമൃദ്ധ ഗ്രാമം, ലിംഗ സമത്വ വികസനം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ഗ്രാമപഞ്ചായത്തുകളുടെ മൂല്യ നിര്‍ണയത്തിനായി പരിഗണിച്ചത്.

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ അവാര്‍ഡ് നേട്ടം. പോരായ്‌മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്‌ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഏറെ അഭിമാനകരമായിട്ടുള്ള സമ്മാനമാണ് ലഭിച്ചത്. നമ്മുടെ സ്രോതസുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്‍റെ ഔന്നിത്യം സ്വപ്‌നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.