ETV Bharat / state

പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയേക്കും ; നിലപാട് മയപ്പെടുത്തി ഗതാഗത മന്ത്രി

author img

By ETV Bharat Kerala Team

Published : Mar 7, 2024, 10:30 AM IST

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പല ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചു.

Motor Vehicle Department  ഡ്രൈവിങ് ടെസ്റ്റ്  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ  Driving Test  Transport Minister K B Ganesh Kumar
Transport Minister's office informed to MVD that conduct the test for all the applicants who booked driving test today

തിരുവനന്തപുരം : മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന്, സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള നിർദേശം മയപ്പെടുത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് സ്ലോട്ട് ബുക്ക് ചെയ്‌ത മുഴുവൻ അപേക്ഷകർക്കും ടെസ്റ്റ് നടത്താൻ എല്ലാ ജില്ലയിലെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പല ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചിരുന്നു (Transport Minister's office).

തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അപേക്ഷകരെ അണിനിരത്തി പ്രതിഷേധം നടത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് മയപ്പെടുത്തിയത്. മുട്ടത്തറയിൽ മാത്രം ഇന്ന് 140 ഓളം അപേക്ഷകരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. എത്തിയവർക്കെല്ലാം ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്താകൂ എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒമാരുടെയും യോഗത്തിലാണ് മന്ത്രി ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറയ്ക്കാ‌നുള്ള നിര്‍ദേശം നല്‍കിയത് (Motor Vehicle Department).

ഇപ്പോള്‍ കേവലം 6 മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. പൊതുവെ ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്. എന്നാല്‍ ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ നിർദ്ദേശിച്ചത്.

പൊതുവിൽ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത്. ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, ഇങ്ങനെ ഒഴിവാക്കുന്നതിന്‍റെ മാനദണ്ഡം എന്ത് ?. ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ, എപ്പോൾ നൽകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉദ്യോഗസ്ഥർ ഉന്നയിച്ചപ്പോള്‍ അതിന് കൃത്യമായ മറുപടി ഇല്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നു (Transport Minister K B Ganesh Kumar).

വ്യക്തമായ കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പൊടുന്നനെ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടേഴ്‌സ് ആന്‍റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.