ETV Bharat / state

തോപ്പുംപടിയില്‍ കടയില്‍ക്കയറി കുത്തിക്കൊന്ന സംഭവം : പ്രതി പിടിയില്‍ - Thoppumpady Murder Accused

author img

By ETV Bharat Kerala Team

Published : May 16, 2024, 4:07 PM IST

തോപ്പുംപടിയിൽ ബിനോയ് സ്റ്റാൻലി എന്ന യുവാവിനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയൽവാസി അലന്‍ പൊലീസിന്‍റെ പിടിയിലായി

THOPPUMPADY MURDER  ARREST IN THOPPUMPADY MURDER  തോപ്പുംപടി കൊലപാതകം പ്രതി  തോപ്പുംപടി യുവാവിന്‍റെ കൊലപാതകം
Thoppumpady Murder Accused arrested (Source : Etv Bharat Network)

എറണാകുളം : തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. ബിനോയ് സ്റ്റാൻലിയെ കൊലപ്പെടുത്തിയ അയൽവാസിയായ അലനെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. തോപ്പുംപടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരാണ് കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി പൊലീസ് ഇതര ജില്ലകളിലേക്ക് ഉൾപ്പടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മയക്കുമരുന്നിന് അടിമയായ പ്രതിയെ ഡീ-അഡിക്ഷൻ സെൻ്ററിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ബിനോയിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ബുധനാഴ്‌ച വൈകുന്നേരം ഏഴേമുക്കാലോടെയാണ് തോപ്പുംപടിയിലെ കടയിൽ ബിനോയ് സ്റ്റാൻലി കുത്തേറ്റ് മരിച്ചത്. അയൽവാസിയായ അലൻ വാക്കുതർക്കത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി അലൻ, ബിനോയിയുമായി തർക്കിക്കുകയും കയ്യിൽ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയുമായിരുന്നു.

അലറിവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബിനോയിയെ പ്രതി വലിച്ച് നിലത്തിട്ട ശേഷവും നിരവധി തവണ കുത്തി മരണമുറപ്പാക്കി. ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംഭവസമയം ആക്രമണം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കുത്തേറ്റ് രക്തം വാർന്ന നിലയിൽ നിലത്ത് വീണുകിടന്ന ബിനോയിയെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാർ അറിയിച്ചതുപ്രകാരമെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി അലൻ എന്നാണ് പൊലീസ് നൽകുന്ന വിവരം.

Also Read : പന്തീരങ്കാവ് കെഎസ്‌ഇബിയുടെ ബോർഡ് തകർത്ത സംഭവം; നാലുപേർ അറസ്‌റ്റിൽ - Pantheerankavu KSEB Office Attack

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.