ETV Bharat / state

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; സബ് കോടതി ശിക്ഷിച്ച പ്രതിയെ മേല്‍ കോടതി വെറുതെ വിട്ടു - Accused Acquitted in Murder attempt

author img

By ETV Bharat Kerala Team

Published : May 26, 2024, 12:19 PM IST

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നെയ്യാറ്റിന്‍കര സബ് കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയെ അഡിഷണല്‍ ജില്ല ജഡ്‌ജി വെറുതെ വിട്ടു.

THIRUVANANTHAPURAM DISTRICT COURT  WIFE MURDER ATTEMPT NEYYATINKARA  നെയ്യാറ്റിന്‍കര ഭാര്യ കൊലപാതക ശ്രമം  തിരുവനന്തപുരം അഡീഷണല്‍ ജില്ല ജഡ്‌ജി
Representative Image (ETV Bharat)

തിരുവനന്തപുരം : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സബ് കോടതി ശിക്ഷിച്ച പ്രതിയെ മേല്‍ കോടതി വെറുതെ വിട്ടു. നെയ്യാറ്റിന്‍കര സബ് കോടതി ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ച പ്രതിയെയാണ് അഡിഷണല്‍ ജില്ല ജഡ്‌ജി വെറുതെ വിട്ടത്.

പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധവും കൃത്യ സമയത്ത് ഉപയോഗിച്ച വസ്ത്രവും മറ്റും ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും കൃത്യം നടന്ന സമയത്ത് പ്രതി കൃത്യം നടത്തുന്ന തരത്തിലുള്ള ശാരീരിക അവസ്ഥയിൽ ആയിരുന്നില്ല എന്നതും കോടതി പരിഗണിച്ചു. പ്രധാനപ്പെട്ട സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിക്കാതെ ഒഴിവാക്കിയെന്നും കോടതി കണ്ടെത്തി. 308 ഐപിസി പ്രകാരം ശിക്ഷ പ്രതിക്ക് എന്തിന് നൽകി എന്നതിനെ കുറിച്ച് വിധി ന്യായത്തിൽ വ്യക്തത ഇല്ല എന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദവും കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ജില്ല കോടതി പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ട് ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകനായ അഫ്‌സല്‍ ഖാന്‍ ഹാജരായി.

12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇറച്ചി വെട്ടുകാരനായ ജാഫർ ജോലിക്ക് ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടി എന്നായിരുന്നു കേസ്. ഭാര്യയെ കത്തി ഉപയോഗിച്ച് വെട്ടുകയും നെഞ്ചിലും വയറിലും കുത്തുകയും ചെയ്‌തിരുന്നു. ജാഫറിന്‍റെ ആക്രമണത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.

നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപ വാസികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭാര്യ പരാതി നല്‍കുകയും കേസ് കോടതിക്ക് മുന്നില്‍ എത്തുകയും ചെയ്‌തു.

പിന്നീട് നടന്ന വിചാരണയില്‍ 2023-ല്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ സബ് കോടതി പ്രതിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ജില്ല കോടതി ഉത്തരവിട്ടത്.

Also Read : കുറ്റാരോപിതനും പരാതിക്കാരിയും വിവാഹം കഴിച്ചു; ശിക്ഷ റദ്ദാക്കി സുപ്രീംകോടതി - TELANGANA STALKING CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.