ETV Bharat / state

സ്വര്‍ണ മാലയ്‌ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍ - Son Arrested In Mothers Murder Case

author img

By ETV Bharat Kerala Team

Published : May 6, 2024, 10:45 PM IST

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മൂന്ന് പവന്‍റെ മാലയ്‌ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതിയായ ജോജോ പൊലീസിനോട്.

SON ARRESTED IN MOTHERS MURDER CASE  OLD WOMAN MURDER CASE  മൂവാറ്റുപുഴയിലെ കൗസല്യ കൊലക്കേസ്  വയോധികയെ കൊലപ്പെടുത്തി മകന്‍
Son Arrested In Mothers Murder Case (Source: ETV Bharat Reporter)

Son Arrested In Mothers Murder Case (Source: ETV Bharat Reporter)

എറണാകുളം: മൂവാറ്റുപുഴയില്‍ സ്വര്‍ണ മാലയ്‌ക്ക് വേണ്ടി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ആയവന സ്വദേശിനി ജോജോയാണ് അറസ്റ്റിലായത്. ഇയാളുടെ മാതാവ് കൗസല്യയാണ് (67) മരിച്ചത്.

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണ മാല തട്ടിയെടുക്കാനായാണ് മകന്‍ ക്രൂര കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് പിന്നാലെ ശുചിമുറിയില്‍ ഒളിപ്പിച്ച അമ്മയുടെ മാലയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് (മെയ്‌ 6) രാവിലെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് മാലയും ഷാളും കണ്ടെടുത്തത്.

ഞായറാഴ്‌ചയാണ് (മെയ്‌ 5) രാത്രി ഏഴരയോടെയാണ് കേസിനാസ്‌പദമായ സംഭവം. കൗസല്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ മക്കളായ സിജോയും ജോജോയും നാട്ടുകാരെയും പഞ്ചായത്ത് അംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു. ഹൃദയഘാതമെന്നാണ് ആദ്യം നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍ മരണം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് അംഗങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുടെ സഹായം തേടി. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളുകളഴിഞ്ഞത്.

കഴുത്തിലുണ്ടായ മുറിവുകളാണ് സംശയത്തിന് കാരണമായത്. ഇതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ കൗസല്യയുടെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിയെ പ്രാഥമിക തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു.

കൗസല്യയുടെ മൃതദേഹം നാളെ (മെയ്‌ 7) പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസറ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും കേസിലെ തുടര്‍ നടപടികള്‍. യുകെയിലുള്ള കൗസല്യയുടെ മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിന് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.