ETV Bharat / state

സിദ്ധാർഥിന്‍റെ മരണം; സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിദ്ധാർഥിന്‍റെ പിതാവ്

author img

By ETV Bharat Kerala Team

Published : Mar 9, 2024, 2:29 PM IST

സിദ്ധാർഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിദ്ധാർഥിന്‍റെ പിതാവ് ജയപ്രകാശ്. കേസിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളജ് തുറന്നാൽ മതിയെന്ന് ജയപ്രകാശ്.

C M Pinarayi Vijayan  Sidharth Death case  സിബിഐ അന്വേഷിക്കും  പൂക്കോട് വെറ്ററിനറി കോളജ്
സിദ്ധാർഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി

സിദ്ധാർഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാർഥിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർഥിന്‍റെ പിതാവ് ജയപ്രകാശ് (Chief Minister Had Assured That CBI Investigation Would Be Conducted Said Sidharth's Father). മകന്‍റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം ഉണ്ടാകണം. സിദ്ധാർഥിന്‍റെ പോസ്‌റ്റ്മാർട്ടം റിപ്പോർട്ട്‌ മുഖ്യമന്ത്രിയെ കാണിച്ചുവെന്നും എല്ലാം അദ്ദേഹം അനുഭാവപൂർവ്വം കേട്ടുവെന്നും ജയപ്രകാശ് വിശദീകരിച്ചു. അന്വേഷണം സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐക്കെതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ല. ഡീൻ, അസിസ്‌റ്റന്‍റ് വാർഡൻ എന്നിവർക്ക് എതിരെ കൊലക്കുറ്റം ചേർക്കണമെന്നും കേസിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളജ് തുറന്നാൽ മതിയെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.

അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് കൊലപാതകത്തിൽ പങ്ക് ഉണ്ടെന്നും സിദ്ധാർഥിന്‍റെ പിതാവ് വ്യക്തമാക്കി. അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ട്. ആരൊക്കെയോ സമ്മർദ്ദം ചെലുത്തുകയാണ്. ഒരു പാർട്ടി ഒഴിച്ച് ബാക്കി എല്ലാം പാർട്ടികളും പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂത്ത് കോൺഗ്രസും കെഎസ്‌യുവും എബിവിപിയുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോൾ ആണ് അറിഞ്ഞത്. അവരുടെ ആരോഗ്യസ്ഥിതി മോശമാണ് എന്നാണ് കേൾക്കുന്നത്. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണ്. ഇപ്പോൾ സമരപന്തലിൽ പോയി തനിക്ക് അവരെ കാണാൻ കഴിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

മകന്‍റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. സിബിഐ അന്വേഷണം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിട്ടുണ്ട്. എപ്പോൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങൾ അവരെ അറിയിക്കണം. തന്‍റെ മകന് നീതി കിട്ടാൻ വേണ്ടി സമരം ചെയ്യുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.

ALSO READ : സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.