ETV Bharat / state

'നിരന്തരം അവഗണന മാത്രം'; കെപിസിസി എക്‌സിക്യൂട്ടീവ് അംഗത്വമൊഴിഞ്ഞ് ശരത്ചന്ദ്ര പ്രസാദ്, പാര്‍ട്ടിവിടുമെന്ന് അഭ്യൂഹം - Sarath Chandra Prasad Resign KPCC

author img

By ETV Bharat Kerala Team

Published : Apr 2, 2024, 11:00 PM IST

SARATH CHANDRA PRASAD  CONGRESS  RESIGNED FROM KPCC  KPCC MEMBER RESIGNED
Sarath Chandra Prasad resigned from the primary membership of congress

കോണ്‍ഗ്രസിന് അടുത്ത തലവേദനയായി ശരത് ചന്ദ്രപ്രസാദിന്‍റെ അംഗത്വമൊഴിയല്‍.തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സൂചന. അനുനയിപ്പിക്കാനൊരുങ്ങി പാര്‍ട്ടി നേതൃത്വം.

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുകയുന്ന അസ്വസ്ഥതകളില്‍ ഏറ്റവും ഒടുവലത്തേതും തെരഞ്ഞടുപ്പ് കാലത്ത് മറ നീക്കി പുറത്ത് വന്നു. കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്‍റും കെപിസിസി എക്‌സിക്യുട്ടീവ് അംഗവും തലസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ ടി. ശരത് ചന്ദ്രപ്രസാദ് പാര്‍ട്ടി നേതൃത്വത്തോട് ഇടയുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ദീര്‍ഘകാലമായി പാര്‍ട്ടി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ടി.ശരത് ചന്ദ്രപ്രസാദ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗത്വം രാജി വച്ചു. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ചില മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തന്നെ ഒതുക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

തിരുവനന്തപുരം ലോക്‌സഭ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഏതാനും ചിലര്‍ ചേര്‍ന്ന് അവസാന നിമിഷം ശരത് ചന്ദ്ര പ്രസാദിനെ മാറ്റി നിര്‍ത്തുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പകരം തിരുവനന്തപുരം നിയമസഭ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചെങ്കിലും അവിടെയും ഇതേ നേതാക്കള്‍ ഇടപെട്ട് ശരതിനെ ഒഴിവാക്കി. തുടര്‍ന്ന് ആ സ്ഥാനത്ത് മുസ്‌ലീം ലീഗ് നേതാവ് ബീമാപള്ളി റഷീദിനെ കൊണ്ടുവന്നു. ഇതോടെയാണ് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ പ്രതിഷേധ രാജി.

രാജിക്കത്ത് കെപിസിസിയുടെ താത്കാലിക ചുമതല വഹിക്കുന്ന എം.എം ഹസന് കൈമാറി. അതേസമയം ടി.ശരത്ചന്ദ്ര പ്രസാദിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടല്‍ തുടങ്ങിയതായാണ് സൂചന.

1980കളുടെ അവസാനം കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായിരുന്നു ടി. ശരത് ചന്ദ്രപ്രസാദ്. പാര്‍ട്ടിയില്‍ അദ്ദേഹം അവഗണനകളുടെ പരമ്പരയാണ് അനുഭവിച്ച് വരുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നവര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റാകുന്ന പതിവ് ശരത് ചന്ദ്രപ്രസാദിന്‍റെ കാര്യത്തില്‍ ഒഴിവാക്കി.

നിരവധി തവണ തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് ക്മ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കി. പകരം കരകുളം കൃഷ്‌ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി എന്നിവര്‍ ഡിസിസി പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു. 1991ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ വിജയിച്ചത് ഒഴിച്ചാല്‍ അദ്ദേഹത്തിന് പിന്നീട് വിജയ സാധ്യതയുള്ള ഒരു സീറ്റും നല്‍കിയില്ല.

ഇപ്പോള്‍ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്ത് സാമുദായിക പിന്തുണ കൂടിയുള്ള ശരത്‌ ചന്ദ്ര പ്രസാദിന്‍റെ കടുത്ത തീരുമാനം യുഡിഎഫിന് തിരിച്ചടി നല്‍കുന്നതായിരിക്കും. അതേസമയം താന്‍ എക്‌സിക്യൂട്ടീവില്‍ നിന്ന് രാജി വച്ചിട്ടില്ലെന്നും പാര്‍ട്ടി വിടുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ശരത്‌ ചന്ദ്ര പ്രസാദ് ഇടിവി ഭാരതിനോട് പറഞ്ഞു. സോണിയ ഗാന്ധി പാര്‍ട്ടി വിട്ടാലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസിനൊപ്പം ആയിരിക്കുമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും മഹിള കോണ്‍ഗ്രസ് മുന്‍ നേതാവും ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന തങ്കമണി ദിവാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സഹോദരിയാണ്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തമ്പാനൂര്‍ സതീഷ്, കോര്‍പ്പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍നായര്‍ എന്നിവര്‍ അടുത്തയിടെ തലസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് വിട്ടിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ശരത്‌ ചന്ദ്ര പ്രസാദും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.