ETV Bharat / state

കേന്ദ്ര ബജറ്റ്; കേരളത്തെ തഴഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തഴുകിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

author img

By ETV Bharat Kerala Team

Published : Feb 1, 2024, 8:44 PM IST

കേരളത്തിന്‍റെ പ്രഥാമികമായ ആവശ്യങ്ങളോട് പോലും മുഖം തിരിക്കുന്നതാണ് ബജറ്റെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു. അതേ സമയം ബജറ്റ് കേരളത്തിന്‍റെ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.

Etv Bharat
Etv Bharat

തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.കേരളത്തിന്‍റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്.

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്‍റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യുമെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കും: കെ.സുരേന്ദ്രൻ
ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്‍റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയില്‍ നിന്ന് 12,19,783 കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വര്ദ്ധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വര്‍ഷം 23,480.82 കോടി കിട്ടും. ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 2220 കോടി രൂപ അധികമാണിത്.

കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവുണ്ട്.

ആനുപാതികമായി ഇതിന്‍റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ഈ വര്‍ദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാല്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാര്‍ഥതയോടെ നടപ്പിലാക്കിയാല്‍ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാന്‍ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കുക. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നത് പുതിയ ചുവടുവെപ്പാവും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസകരമാവും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

യുപിഎ സർക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയിൽവെക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയിൽവെ വികസനത്തിന് അനുവദിച്ചു. 92 മേൽപ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതൽ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.