ETV Bharat / state

ചുറ്റും ആളിക്കത്തുന്ന പന്തങ്ങൾ: രൗദ്രഭാവത്തിൽ നിറഞ്ഞാടി കുടകിലെ പുതിയ ഭഗവതി തെയ്യം - Puthiya Bhagavathy theyyam

author img

By ETV Bharat Kerala Team

Published : Apr 22, 2024, 9:26 PM IST

നൂറ്റാണ്ടുകൾക്ക് മുൻപുള്ള അതേ ആചാരങ്ങൾ പിന്തുടർന്നു കൊണ്ട് എല്ലാ വർഷവും മേടം മൂന്നിനാണ് പൊന്നലം കാവില്‍ കളിയാട്ടം നടത്തുന്നത്. ആളിക്കത്തുന്ന പന്തങ്ങളുമായി രൗദ്രഭാവത്തിൽ നിറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം ചൊരിയുകയാണ് പുതിയ ഭഗവതി.

പുതിയ ഭഗവതി തെയ്യം  PUTHIYA BHAGAVATHY THEYYAM  തെയ്യം  THEYYAM IN KODAGU
Puthiya Bhagavathy theyyam in Kodagu

ആളിക്കത്തുന്ന പന്തങ്ങളുമായി രൗദ്രഭാവത്തിൽ നിറഞ്ഞാടി കുടകിലെ പുതിയ ഭഗവതി തെയ്യം

കണ്ണൂര്‍: ഉത്തര കേരളത്തിലെ നാട്ടുപരദേവതയായ പുതിയ ഭഗവതി കുടക് നാട്ടിലെ ഗ്രാമദൈവമാണ്. മലയാളനാട്ടിലെ ദൈവം കുടകിലെ ബ്രാഹ്മണപദവിയുള്ള അമ്മകുടകരുടേയും ഗൗഡന്‍മാരുടേയും ആരാധന മൂര്‍ത്തിയാണ്. മലയാളികളായ കോലധാരിയും രൗദ്രതാളക്കാരും മുറതെറ്റാതെ കുടകിലെ പൊന്നലം വയലില്‍ തെയ്യാട്ടം നടത്തുന്നു. ആചാരാനുഷ്‌ഠാനങ്ങളില്‍ ഉത്തര കേരളത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നെങ്കിലും കുടകില്‍ കഠിനമാണ് തെയ്യാട്ടം.

രണ്ട് നൂറ്റാണ്ട് മുമ്പുളള പട്ടോല നോക്കിയാണ് ഇന്നും ഇവിടെ തിറയാട്ടം നടത്തുന്നത്. ഭഗവതിക്ക് മേലേരി തീര്‍ക്കാന്‍ അധികാരപ്പെട്ട ദേശവാസികളുടെ കുടുംബങ്ങളില്‍ നിന്ന് മരക്കുട്ടകളെത്തിക്കും. ഭഗവതിയുടെ ആടകള്‍ക്ക് ചുറ്റുമുള്ള പന്തങ്ങള്‍ തെയ്യം കഴിയുന്നതു വരെ ആളിക്കത്തണം. ഭക്തജനങ്ങള്‍ പശുവിന്‍ നെയ്യും വെളിച്ചെണ്ണയും ധാര ചെയ്‌ത് നേര്‍ച്ച നിറവേറ്റുന്നു.

ദക്ഷിണ കന്നഡത്തിലെ വില്ലാപുരത്തു നിന്ന് പ്രതികാര ദേവതയായി കോലത്തു നാട്ടിലെത്തിയ ദൈവമാണ് പുതിയ ഭഗവതി. വില്ലാപുരം കോട്ടപ്പടി അഗ്നിക്കിരയാക്കി അറുപത്തിനാല് പുഴകള്‍ കടന്നാണ് ഭഗവതി കോലത്തു നാട്ടില്‍ പ്രവേശിച്ചതെന്നാണ് പറയപ്പെടുന്നത്. ഉത്തര കേരളത്തിലെത്തിയ ഭഗവതിക്ക് തിറ കൽപിക്കുകയും കളിയാട്ടം നടത്തുകയും ചെയ്‌തു പോന്നു.

അതിനിടെയാണ് പയ്യാവൂരിലെ ഊട്ടുത്സവത്തിന് കുടകിലെ പ്രമുഖ തറവാട്ടുകാരായ തെക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, വട്ടപ്പിറോന്‍, മുണ്ടയോടന്‍ എന്നീ അഞ്ച് തറവാട്ടു കാരണവന്‍മാര്‍ എത്തിയത്. തിരിച്ച് കുടകിലേക്ക് മലകയറി പോകവേ ഉഡുബപ്പുഴയില്‍ കുളിക്കാനിറങ്ങി. കുളിക്കിടയില്‍ പ്രത്യേക രീതിയിലുള്ള ഒരു കല്ല് ശ്രദ്ധയില്‍ പെട്ടു. കല്ലിലെ ദൈവികത കണ്ട് കാരണവന്‍മാര്‍ തങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ അതിന് സ്ഥാനം നല്‍കി. ചെയ്‌നറനയിലെ പൊന്നലം വയലില്‍ സ്ഥാനം നല്‍കപ്പെട്ടതോടെ മലയാള ദൈവം കുടക് നാട്ടില്‍ ദേവിയായി. ഗ്രാമത്തിന്‍റെ സംരക്ഷകയായി.

അതോടെ വര്‍ഷാവര്‍ഷം മേടം മൂന്നിന് പുതിയ ഭഗവതി സോമന്‍ പെരുമലക്കും വലിയട്രയ്‌ക്കും കമ്പന്‍മേടിനും താഴെ പൊന്നലമെന്ന കാവില്‍ കളിയാട്ടം നടത്തും. ഭക്തി ലഹരിയില്‍ ദേവിയെ കൊണ്ടു വന്ന അന്നത്തെ കുടുംബത്തിലെ പിന്‍മുറക്കാര്‍ പ്രതീകാത്മകമായി ഭഗവതി നൃത്തം ചെയ്യുമ്പോള്‍ ആയുധങ്ങളുമായി അകമ്പടി നല്‍കും. മേലേരിക്ക് മുകളിലൂടെ നടത്തവും തീപ്പന്തേറിയുള്ള ആട്ടവും പഴയകാല കേരളത്തിലെ കളിയാട്ടത്തെ പുനര്‍ ജനിപ്പിക്കുന്നു.

ഭക്ത ജനങ്ങളും മേലേരിക്കു മുകളിലൂടെ നടക്കുന്നത് ഇവിടെ മാത്രമുള്ള ആചാരമാണ്. ഉത്തര കേരളത്തില്‍ നിന്ന് കുടകിലേക്ക് ചേക്കേറിയെങ്കിലും പുതിയ ഭഗവതി ഇവിടെ കൂടുതല്‍ രൗദ്രഭാവമണിയുന്നു. പുതിയോതിക്ക് കൂട്ടാളിയായി വീരാളിയും ഇവിടെ കെട്ടിയാടുന്നുണ്ട്. പൊന്നലത്തെ പുതിയോതിക്കാവുമായി പണ്ടു മുതലേ ബന്ധമുള്ള ചൂളിയാട്ടെ വണ്ണാന്‍കണ്ടിക്കാരാണ് തെയ്യം കെട്ടുന്നത്.

ഏതെങ്കിലും കാരണത്താല്‍ തെയ്യം കെട്ടുന്നതിന് മുടക്കം വന്നാല്‍ ഒരു വര്‍ഷത്തിലെ ആഘോഷത്തിന്‍റെ മുഴുവന്‍ ചെലവും അവര്‍ കാവിന് നല്‍കണം. കാവ് നടത്തിപ്പുകാരുടെ കുറ്റം കൊണ്ടാണ് മുടക്കമെങ്കില്‍ അത്രയും തുകയും അരിയും വണ്ണാന്‍കണ്ടിക്കാര്‍ക്ക് നല്‍കണം. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ കരാറിന് ഇരു ഭാഗത്തിനും ലംഘനമുണ്ടായിട്ടില്ല. അതും ദേവിയുടെ ശക്തിയായി ഭക്തജനങ്ങല്‍ വിശ്വസിക്കുന്നു.

Also Read: കാസർകോടൻ കളിയാട്ടക്കാല കാഴ്‌ചകള്‍, കൗതുകമായി ഉടയിലിടല്‍ ചടങ്ങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.