മാഹി: മത്സര രംഗത്ത് 26 സ്ഥാനാർഥികളുണ്ടെങ്കിലും മാഹിയിലെ വോട്ടർമാർ നേരിൽക്കണ്ടത് പുതുച്ചേരി മണ്ഡലത്തിലെ രണ്ടേ രണ്ട് സ്ഥാനാർഥികളെ മാത്രമാണ്. ആകെയുള്ള 10,23,699 വോട്ടർമാരിൽ നാൽപ്പതിനായിരം പേർ മാത്രമാണ് മാഹിയിലുള്ളത്. ഏതാണ്ട് അത്ര തന്നെ പേർ ആന്ധ്ര പ്രദേശിനോട് ചേർന്നു കിടക്കുന്ന യാനത്തുമുണ്ട്. ബാക്കി വരുന്ന 9 ലക്ഷത്തിൽപ്പരം പേർ തമിഴ് രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന പുതുച്ചേരി കാരിക്കൽ മേഖലകളിലുള്ളവരാണ്.
സിറ്റിങ് എംപിയും പിസിസി അധ്യക്ഷനുമായ കോൺഗ്രസ് സ്ഥാനാർഥി വി വൈദ്യലിംഗവും, ആഭ്യന്തരമന്ത്രിയും ബി ജെ പി സ്ഥാനാർഥിയുമായ എ നമശ്ശിവായവും മാഹിയിലുമെത്തി വോട്ടഭ്യർത്ഥിച്ചിരുന്നു. അണ്ണ ഡിഎംകെയിലെ ജി തമിഴ് വേന്ദൻ, നാം തമിഴർ കച്ചിയിലെ ആർ മേനക എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ. മണ്ഡലത്തിലാകെ 967 പോളിങ്ങ് ബൂത്തുകൾ സജ്ജമായിട്ടുണ്ട്. പുതുച്ചേരിക്ക് പൂർണ്ണ സംസ്ഥാന പദവിയെന്ന വാഗ്‌ദാനം പ്രധാന സ്ഥാനാർത്ഥികളെല്ലാം വോട്ടർമാർക്കു മുന്നിൽ നിരത്തിയിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയിൽ പ്രചാരണത്തിനെത്തിയ മുൻനിര നേതാക്കളായ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും മുൻ മുഖ്യമന്ത്രിയും ആൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ മുതിർന്ന നേതാവുമായ എടപ്പാടി പളനിസ്വാമിയുമായിരുന്നു. എൻഡിഎ സ്ഥാനാർഥിക്കു വേണ്ടി മുഖ്യമന്ത്രി എൻ രംഗസ്വാമിയും പ്രചാരണം നയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പുതുച്ചേരിയിൽ റോഡ് ഷോ നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും പുതുച്ചേരിയിൽ പ്രചാരണത്തിനെത്തിയിരുന്നു.
ലോക്കൽ പൊലീസിനു പുറമേ 10 കമ്പനി കേന്ദ്ര അർധസൈനിക വിഭാഗങ്ങളേയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഒബ്‌സർവർമാർ തെരഞ്ഞെടുപ്പ് നടപടികൾ തത്സമയം നിരീക്ഷിക്കും. ഹരിത തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിങ് ബൂത്തുകളിലെത്താൻ മോട്ടോർ വാഹനങ്ങൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 ന് സമാപിക്കും.
Also Read: മാഹിയില്‍ നാളെ ജനാധിപത്യ വിധിയെഴുത്ത്; മേല്‍നോട്ടത്തിന് വനിതകൾ മാത്രം