ETV Bharat / state

ഡ്രൈവിംഗ് ടെസ്‌റ്റ് സര്‍ക്കുലര്‍: തുഗ്‌ളക് പരിഷ്‌കരണമായി മാറിയെന്ന് എം വിൻസെന്‍റ് - Driving school owners protest

author img

By ETV Bharat Kerala Team

Published : May 13, 2024, 7:00 PM IST

ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്ക്കരണത്തിനെതിരെ നടത്തിവന്ന സമരം സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍.

DRIVING SCHOOL OWNERS MARCH  SECRATERIATE  KOVALAM MLA M VINCENT  ഡ്രൈവിംഗ് ടെസ്‌റ്റ് മാറ്റങ്ങള്‍
Driving school owners protest in secretariat (Source: ETV Bharat reporter)

Driving school owners protest (Source: ETV Bharat Reporter)

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്ക്കരണത്തിനെതിരെ നടത്തിവന്ന സമരം ഭരണസിരാകേന്ദ്രത്തിലേക്കും വ്യാപിപ്പിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകൾ. ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ മെയ്‌ 2 മുതൽ ഡ്രൈവിംഗ് ടെസ്‌റ്റ് കേന്ദ്രങ്ങളിൽ നടത്തി വന്നിരുന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഓൾ കേരള ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പങ്കെടുത്തു.

കോർപ്പറേറ്റുകൾക്ക് വേണ്ടി ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ അടിയറവ് വയ്ക്കാതിരിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ടെസ്‌റ്റിനും പരിശീലനത്തിനും അനുവദിക്കുക, ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ടെസ്‌റ്റിനും പരിശീലനത്തിനും അനുവദിക്കുക, അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പ്രതിദിന ടെസ്‌റ്റ് നടത്തുക, കുത്തകകൾക്ക് വഴിയൊരുക്കുന്ന കരി നിയമങ്ങൾ പിൻവലിക്കുക, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

മുന്നൊരുക്കം ഇല്ലാത്ത പരിഷ്‌കാരം എത്രമാത്രം ദുരന്തമായി മാറും എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്ന ഈ പരിഷ്‌കാരങ്ങളെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത കോവളം എംഎല്‍എയും ടിഡിഎഫ് വർക്കിംഗ്‌ പ്രസിഡന്‍റുമായ എം വിൻസെന്‍റ് പറഞ്ഞു. ഈ സർക്കുലർ യാതൊരു മുന്നൊരുക്കം ഇല്ലാതെയും വരുംവരായ്‌കകളെക്കുറിച്ച് ചിന്തിക്കാതെയും ഇറക്കിയ തുഗ്‌ളക് പരിഷ്‌കരണമായി മാറിയെന്നും ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി അപേക്ഷിച്ച് കാത്തുനിൽക്കുന്നവരുടെ എണ്ണം 10 ലക്ഷം ആയി ഉയർന്നിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാർ ഒരുക്കേണ്ട യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണം കുറയ്ക്കുന്നതിന് പകരം കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം. ബുധനും ശനിയും ടെസ്‌റ്റ് വേണ്ട എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പ്രതിദിനം കൂടുതൽ ടെസ്‌റ്റുകൾ നടത്തുന്നതിന് അധിക ബാച്ച് അനുവദിക്കണം.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. അതിന് മുൻപ് കെഎസ്ആർടിസിയിലേക്ക് മന്ത്രി ഒന്ന് തിരിഞ്ഞു നോക്കണം. സുരക്ഷയുടെ പേരിലാണെങ്കിൽ ആ ബസുകൾ നിരത്തിലിറക്കാതെ പുതിയ ബസുകൾ നിരത്തിലിറക്കാൻ മന്ത്രി തയ്യാറാകുമോ?. ഡ്യുവൽ കൺട്രോൾ സിസ്‌റ്റവും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഉടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി തയ്യാറാകണം. സർക്കാരിന് ഇഷ്‌ടമുള്ള ആളുകളുമായി മാത്രമാണ് ചർച്ച നടത്തുന്നത്. ഇത് അംഗീകരിക്കാനാകില്ല. വിദേശത്തേക്ക് പോയിരിക്കുന്ന മന്ത്രി പിടിവാശി ഉപേക്ഷിച്ച് ചർച്ച നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കെഎസ്‌ആര്‍ടിസി ശമ്പളം വീണ്ടും മുടങ്ങി : സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഎംഎസ്‌ യൂണിയന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.