ETV Bharat / state

പത്തനംതിട്ടയെന്ന കോൺഗ്രസ് ഉരുക്കുകോട്ടയ്‌ക്ക് വിള്ളൽ വീഴുമോ... വീര്യം കൂടുമോ?

author img

By ETV Bharat Kerala Team

Published : Mar 1, 2024, 10:20 PM IST

Parliament election 2024  Pathanamthitta lok sabha  Lok Sabha Election 2024  പത്തനംതിട്ട ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Lok Sabha Election 2024

തുടർച്ചയായി മൂന്ന് വർഷം കോൺഗ്രസിനൊപ്പം നിന്ന പത്തനംതിട്ട ഇത്തവണ ആരെ തുണയ്‌ക്കും.

2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകൃതമായ മണ്ഡലമാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോക്‌സഭ മണ്ഡലം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടർപ്പട്ടികയിൽ 10,36,488 പേരാണുള്ളത്.

ഇതിൽ 5,44,965 പേർ സ്ത്രീകളും 4,91,519 പേർ പുരുഷന്മാരും നാലുപേർ ട്രാൻസ്‌ജെൻഡർമാരുമാണ്. ഇത്തവണ വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർത്തവർ 15,897 പേരാണ്. ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂർത്തിയായ 1,602 പേരും ഉൾപ്പെടുന്നു. പുതിയ വോട്ടർ പട്ടികയിൽ നിന്ന് 4,736 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.

പത്തനംതിട്ട നിയമസഭ മണ്ഡലംആകെ വോട്ടർമാർസ്‌ത്രീകൾപുരുഷന്മാർ
തിരുവല്ല2,08,7081,09,21899,490
റാന്നി1,90,46898,45192,016
ആറന്മുള2,33,3651,22,9601,10,404
കോന്നി2,0,02101,05,76994,441
അടൂർ2,03,7371,08,56795,168

തിരുവല്ലയിൽ 2,08,708 വോട്ടർമാരാണുള്ളത്. ഇതിൽ 1,09,218 പേർ സ്ത്രീകളും 99,490 പേർ പുരുഷന്മാരുമാണ്. റാന്നി മണ്ഡലത്തിലെ 1,90,468 സമ്മതിദായകരിൽ 98,451 പേർ സ്ത്രീകളും 92,016 പേർ പുരുഷന്മാരും ഒരാൾ ട്രാൻസ്‌ജൻഡറുമാണ്. ആറന്മുളയിൽ ആകെയുള്ള 2,33,365 സമ്മതിദായകരിൽ 1,22,960 പേർ സ്ത്രീകളും 1,10,404 പേർ പുരുഷന്മാരും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. കോന്നിയിലെ 2,0,0210 വോട്ടർമാരിൽ. ഇതിൽ 1,05,769 പേർ സ്ത്രീകളും 94,441 പേർ പുരുഷന്മാരുമാണ്. അടൂരിലെ 2,03,737 വോട്ടർമാരിൽ 1,08,567 പേർ സ്ത്രീകളും 95,168 പേർ പുരുഷന്മാരും രണ്ട് പേർ ട്രാൻസ്‌ജെൻഡർമാരുമാണ്.

കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് പത്തനംതിട്ട ലോകസഭ മണ്ഡലം. പിറിവി എടുത്തത് മുതല്‍ മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് മുന്നണിയുമാണ്. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആന്‍റോ ആന്‍റണി 408232 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. സിപിഎമ്മിന്‍റെ പ്രബലനായ കെ അനന്തഗോപനായിരുന്നു പരാജയപ്പെട്ട ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. അനന്തഗോപന് 297026 വോട്ടുകളാണ് അന്ന് ലഭിച്ചത്. ബിജെപിയുടെ ബി രാധാകൃഷ്‌ണമേനോന് 56294 വോട്ടുകളും ലഭിച്ചു.

2014ല്‍ നടന്ന രണ്ടാം തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ മോദി തരംഗം നിറഞ്ഞിരുന്നു, രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും എതിര്‍പ്പും ഉയര്‍ന്നുവന്നു, കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ഉണ്ടാകുമെന്നുറച്ച് തന്നെയാണ് കേരളവും ബൂത്തിലേക്ക് പോയത്. അന്നും മണ്ഡലം ആന്‍റോ ആന്‍റണിയെ കൈവിട്ടില്ല. 358842 വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു.

വർഷംവിജയിപാർട്ടി
2009ആന്‍റോ ആന്‍റണികോൺഗ്രസ്
2014
2019

ഇടുത് സ്വതന്ത്രന്‍ ഫിലിപ്പോസ് തോസിന് 302651 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ബിജെപി എന്‍ഡിഎ സ്ഥാനര്‍ഥിയായെത്തിയ എം ടി രമേശിന് 138954 വോട്ടുകള്‍ നേടാനായി. തൊട്ട് മുന്‍ വര്‍ഷം ലഭിച്ച വോട്ടിനെക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചത് നേരത്തെ സൂചിപ്പിച്ച മോദിഘടകവും യുപിഎ വിരുദ്ധ വികാരവും കൊണ്ട് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.

2019 ലും മണ്ഡലം ആന്‍റോ ആന്‍റണിയെ കൈവിട്ടില്ല, കോണ്‍ഗ്രസിനൊപ്പം തന്നെയായിരുന്നു മണ്ഡലത്തിന്‍റെ മനസ്. ഇക്കുറി ആന്‍റോ ആന്‍റണിക്ക് 380927 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. തൊട്ടടുത്ത ഇടത് സ്ഥാനാര്‍ഥി വിണ ജോര്‍ജ് ആകട്ടെ ആറന്മുള എംഎല്‍എ എന്ന നിലയിലാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നിട്ടും അവര്‍ക്ക് 336684 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

പ്രളയത്തെ അതീജിവിച്ച കേരളം 2018ലെ മണ്ഡല മകരവിളക്ക് സീസണില്‍ ബിജെപി ക്രോഡീകരിച്ചെടുത്ത ഹിന്ദു വികാരം ഒരു പരിധിവരെ മണ്ഡലത്തില്‍ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന് നിസംശയം പറയാം. കാരണം സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ കെ സുരേന്ദ്രന് 297396 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ബിജെപി ഹിന്ദുവികാരം ഉയര്‍ത്തിക്കൊണ്ടുവന്നത്.

യുഡിഎഫും ആന്‍റോ ആന്‍റണിയും : ജില്ലയിലെ കോൺഗ്രസിനുള്ളിൽ സർവ സമ്മതനായ നേതാവല്ല ആന്‍റോ ആന്‍റണി. ആദ്യ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ആന്‍റോ മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപം രണ്ടാമത് സ്ഥാനാർഥിയായി എത്തിയപ്പോൾ യുഡിഎഫ് യോഗത്തിൽ കോണ്‍ഗ്രസുകാർ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. യോഗത്തിൽ മറുപടി പറഞ്ഞ ആന്‍റോ വിമർശനം ഉൾക്കൊള്ളുകയും രണ്ടാം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്നുമാണ് പ്രതികരിച്ചത്.

Parliament election 2024  Pathanamthitta lok sabha  Lok Sabha Election 2024  പത്തനംതിട്ട ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
ആന്‍റോ ആന്‍റണി

എന്നാൽ രണ്ടാമത് വിജയിച്ചപ്പോഴും ആന്‍റോ ശൈലി മാറ്റാൻ തയ്യാറാകാതിരുന്നത് വീണ്ടും പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കി. അതുകൊണ്ടുതന്നെ ഇക്കുറി ആന്‍റോയെ മാറ്റി മറ്റൊരാളെ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കണമെന്ന അഭിപ്രായവും ശക്തമായിരുന്നു. അച്ചു ഉമ്മന്‍റെ പേര് വരെ ഉയർന്നുവന്നു. എന്നാൽ, പരമാവധി സിറ്റിങ് എംപിമാർ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിൽ ആന്‍റോയുടെ പേര് ഉറച്ചു നിന്നു.

പക്ഷെ ഇക്കുറി പാട്ടും പാടി ജയിച്ചു പോകാമെന്ന വിശ്വാസം ആന്‍റോയ്ക്ക് പോലും ഇല്ലെന്നാണ് പാർട്ടിക്കാർക്കിടയിലെ സംസാരം. കടുത്ത ത്രികോണ മത്സരത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക. മത സമുദായ വോട്ടുകൾ ആന്‍റോയെ തുണച്ചു എന്നതാണ് ഇത് വരെ നേടിയ വിജയത്തിന് പിന്നിൽ എന്നാണ് പാർട്ടിയും കണക്ക് കൂട്ടുന്നത്.

എന്നാൽ, എതിരാളികൾ ശക്തരായതോടെ വോട്ട് ബാങ്കുകളിൽ ഉണ്ടായ വിള്ളൽ രണ്ടും മൂന്നും തെരഞ്ഞെടുപ്പുകളിൽ ആന്‍റോയുടെ ഭൂരിപക്ഷത്തിൽ കുറവുകൾ വരുത്തി. കോൺഗ്രസ്‌ കോട്ടയായിരുന്ന പത്തനംതിട്ട ജില്ല ഇപ്പോൾ കോൺഗ്രസ്‌ മുക്ത ജില്ലയായി മാറിയെന്നു വേണം കരുതാൻ. കോൺഗ്രസ്‌ അടക്കി ഭരിച്ചിരുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളും എൽഡിഎഫ് പിടിച്ചെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ ഭൂരിപക്ഷവും എൽഡിഎഫ് ഭരണത്തിലാണ്. ഇതിനിടെയാണ് മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ സിപിഎമ്മിലേക്കുളള ചേക്കേറൽ. ആദ്യ തെരഞ്ഞെടുപ്പില്‍ ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സൂത്രധാരനായിരുന്നു പിലിപ്പോസ് തോമസ്.

എന്നാൽ, കോൺഗ്രസുമായി തെറ്റി മുൻ ഡിസിസി പ്രസിഡന്‍റും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്ന പീലിപ്പോസ് തോമസ് സിപിഎമ്മിൽ ചേർന്നു. ആ തെരഞ്ഞെടുപ്പിൽ ആന്‍റോയുടെ എതിരാളിയായി പീലിപ്പോസ് തോമസ് ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോൾ ആന്‍റോയുടെ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിലും ഞെട്ടൽ ഉണ്ടാക്കി. നാലാം വട്ടം ആന്‍റോ തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.

മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, കോൺഗ്രസ്‌ നേതാവും മുൻ പത്തനംതിട്ട ജില്ല പ്രസിഡന്‍റുമായ സജി ചാക്കോ എന്നിവർ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ആന്‍റോയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ തൊടുത്താണ് ബാബു ജോർജ് പാർട്ടി വിട്ടത്. ആന്‍റോ ആന്‍റണി ഇക്കുറി തോറ്റിരിക്കുമെന്നും ബാബു ജോർജ് തുറന്നടിച്ചിരുന്നു.

മൊത്തത്തിൽ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നുകൊണ്ടാണ് ആന്‍റോ ഇക്കുറി മത്സരത്തെ നേരിടുക. അതുകൊണ്ടാകാം ഇക്കുറി പത്തനംതിട്ട മണ്ഡലം മാറ്റി നൽകണമെന്ന് ആന്‍റോ പറഞ്ഞതായി ഊഹാപോഹങ്ങൾ ഉയർന്നത്. എംപി എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചരണത്തിനൊപ്പം മത സമുദായ വോട്ടു ബാങ്ക് ഇക്കുറിയും പിന്തുണക്കുമെന്ന വിശ്വാസത്തിലാകും ആന്‍റോ നാലാം അങ്കം ജയിക്കാൻ കളത്തിൽ ഇറങ്ങുക.

എൽഡിഎഫ് പത്തനംതിട്ട പിടിക്കുമോ? ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത എൽഡിഎഫ് ഇക്കുറി പത്തനംതിട്ട ലോക്‌സഭ മണ്ഡലവും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കുന്നത്. ക്രിസ്ത്യൻ വോട്ടുകള്‍ നിർണായകമായ മണ്ഡലങ്ങളില്‍ മുൻ മന്ത്രി ഡോ തോമസ് ഐസക്കിനെയാണ് എൽഡിഎഫ് പരിഗണിച്ചിരിക്കുന്നത്.

മുൻ എംഎല്‍എ രാജു ഏബ്രഹാമിന്‍റെ പേരും ആദ്യ റൗണ്ടിൽ ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗമാണ് തോമസ് ഐസക്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടെയും പരിപാടികളിൽ തോമസ് ഐസക് നേരത്തെ മുതൽ തന്നെ ജില്ലയിൽ സജീവ സാന്നിധ്യമായിരുന്നു.

പ്രവാസികള്‍ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട എന്നത് മനസിലാക്കി അടുത്തിടെ പ്രവാസി മലയാളി സംഗമം, തൊഴിൽ അവസരങ്ങൾ ലഭിക്കാനുള്ള പരിപാടികൾ നടത്തി തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കി തുടങ്ങിയിരുന്നു. പാർട്ടിയുടെ കേഡർ വോട്ട് ബാങ്കിനൊപ്പം ക്രൈസ്‌തവ വോട്ടുകളും കൂടി നേടിയാൽ മണ്ഡലം സ്വന്തമാക്കാം എന്ന കണക്കുകൂട്ടലിൽ ആണ് എൽഡിഎഫ് ക്യാമ്പ്. അതുകൊണ്ട് തന്നെയാണ് ഇക്കുറി തോമസ് ഐസക് /രാജു എബ്രഹാം പേരുകൾ ഉയർന്നു വന്നതും തോമസ് ഐസക്കിന് നറുക്ക് വീണതും.

എന്നാൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പത്തനംതിട്ട. കൊടുമ്പിരി കൊണ്ടിരിക്കുന്ന സഭ തർക്കവും ഇക്കാര്യത്തിലുള്ള പാർട്ടി നിലപാടുകളുമൊക്കെ തെരഞ്ഞെടുപ്പിൽ കാര്യമായി തന്നെ സ്വാധീനം ചെലുത്തും എന്നുതന്നെയാണ് കണക്കക്കുന്നത്. അതുകൊണ്ടു തന്നെ കത്തോലിക്ക, ക്‌നാനായ വിഭാഗങ്ങളെ കൂടെ നിർത്താനുള്ള തന്ത്രങ്ങളും പാർട്ടി മെനയും.

ഇതിനിടെ കിഫ്ബി മസാല ബോണ്ട് വിവാദവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ തോമസ് ഐസക്കിന് നോട്ടിസ് ലഭിച്ചിരുന്നു. കിഫ്‌ബി മസാല ബോണ്ട്‌, ഇഡി അന്വേഷണം എന്നിവയെല്ലാം എതിരാളികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കുന്നത് എങ്ങനെ മറികടക്കാം എന്നത് സംബന്ധിച്ചും പാർട്ടിയിലെ ബുദ്ധികേന്ദ്രങ്ങൾ തലപുകയ്‌ക്കേണ്ടിവരും.

ഇഡിയ്ക്ക് മുന്നിൽ ഹജരാകേണ്ട സാഹചര്യം വരികയും തുടർന്ന് ഇഡി കുരുക്ക് മുറുക്കുകയും ചെയ്‌താൽ കാര്യങ്ങൾ ആകെ മാറി മറിയും. അങ്ങനെ വന്നാൽ പ്ലാൻ ബി എന്ന നിലയിലാണ് മുൻ എംഎൽഎ രാജു ഏബ്രഹാമിന്‍റെ പേരും ഉയർന്നു വന്നതെന്നാണ് കരുതുന്നത്. റാന്നിയില്‍ മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ച് തവണ എംഎല്‍എയായ രാജു എബ്രഹാമിന് ജില്ലയിൽ ക്ലീൻ ഇമേജാണുള്ളത്.

എന്നാൽ, പാർട്ടിയ്ക്കുള്ളിൽ തന്നെ രാജു എബ്രഹാം വിരുദ്ധ ഗ്രൂപ്പുണ്ടെന്നാണ് സൂചന. ഇത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലും മറുവശത്തുണ്ട്. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ഉയർത്തി കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രൂക്ഷമായ വിലക്കയറ്റം, നികുതി വർധന, സപ്ലൈക്കോയിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ എതിർ വിഭാഗം ഉയർത്തും. അതുപോലെ തന്നെ ഇപ്പോൾ സജീവ ചർച്ചയായി ഉയർന്നുവരുന്നില്ലെങ്കിലും കെ റെയിൽ കുറ്റി സ്ഥാപിക്കലിൽ ആളിക്കത്തിയ പ്രതിഷേധാഗ്നിയുടെ കനൽ ഇപ്പോഴും പുകയുന്നുണ്ടെന്നു വേണം കരുതാൻ.

ബജറ്റ് അവതരണത്തിൽ കെ റെയിൽ അടഞ്ഞ അധ്യായമല്ലെന്ന് ധനമന്ത്രി പറഞ്ഞതും കൂട്ടി വായിക്കേണ്ടി വരും. കെ റെയിൽ വിരുദ്ധ നിലപാടുള്ളവരുടെ വോട്ടുകൾ നേടാൻ യുഡിഎഫും എൻഡിഎയും ഈ വിഷയങ്ങളും പ്രചാരണത്തിൽ ആയുധമാക്കും. അതിനെ നേരിടാനുള്ള മാർഗങ്ങളും എൽഡിഎഫ് ക്യാമ്പ് കണ്ടെത്തേണ്ടി വരും.

പിസിയോ സുരേന്ദ്രനോ കുമ്മനമോ അതോ ഉണ്ണിമുകുന്ദനോ? ശബരിമല വിഷയം ഉയർത്തി നടത്തിയ സമരങ്ങളിൽ അണിനിരന്ന ജനക്കൂട്ടം അടുത്തുവന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്‌തപ്പോൾ മണ്ഡലത്തിൽ ഒരിക്കലും കാണാത്ത തരത്തിലുള്ള വളർച്ചയാണ് എൻഡിഎ നേടിയത്. ശബരിമല പ്രചാരണ വിഷയമാക്കി എൻഡിഎ കളം നിറഞ്ഞപ്പോൾ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. എതിരാളികൾക്ക് പോലും ഞെട്ടൽ ഉണ്ടാക്കുന്ന വോട്ട് വിഹിതമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്.

ഈ ആത്മാവിശ്വാസവുമായാണ് എൻഡിഎ ഇക്കുറി അങ്കത്തിനിറങ്ങുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉഴുതുമറിച്ച മണ്ണിൽ ഇക്കുറി വിജയം കൊയ്യാം എന്ന കണക്കുകൂട്ടലിൽ തന്നെയാണ് എൻഡിഎ. ബിജെപി കേന്ദ്ര നേതൃത്വം വിജയം ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട.

2014ല്‍ മത്സരിച്ച എം ടി രമേശ് ഒന്നര ലക്ഷേത്തോളം വോട്ടുകൾ നേടിയപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടിയ ബിജെപി ഇക്കുറിയും ശക്തനായ സ്ഥാനാർഥി വേണം എന്ന നിലപാടിൽ തന്നെയാണ്. അങ്ങനെയാണ് അടുത്തിടെ ബിജെപിയിൽ ലയിച്ച ജനപക്ഷം നേതാവ് പി സി ജോർജിന്‍റെ പേര് ഉയർന്നു വന്നത്.

ലോക്‌സഭ മണ്ഡലത്തിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളില്‍ പി സി ജോർജിന് ശക്തമായ സ്വാധീനമുണ്ട്. ഇതിനൊപ്പം ക്രൈസ്‌തവ സഭകളിലുള്ള പി സി ജോർജിന്‍റെ സ്വാധീനവും എൻഡിഎ വിജയത്തിന് സഹായമാകും എന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. ഇതിനൊപ്പം മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേരുകളും ഉയർന്നിരുന്നു.

എന്നാൽ ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്‍റെ നി‍ർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയില്‍ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. പി കെ കൃഷ്‌ണദാസിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ല ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായം തേടിയിരുന്നു. ഇവരില്‍ കൂടുതല്‍ പേരും പിസി ജോര്‍ജ് വേണ്ട എന്നാണ് അഭിപ്രായപ്പെട്ടതെന്നാണ് സൂചന. കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജിന് പകരം മറ്റൊരു സ്ഥാനാർഥി എന്ന തിലേക്കും ചർച്ചകൾ വഴിതിരിയുന്നു.

പിസി ജോര്‍ജ് വിശ്വാസ്യതയില്ലാത്ത നേതാവാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടുത്തിടെ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തോടെ എൻ ഡി എയിലെ പ്രധാന ഘടക കക്ഷിയായ ബിഡിജെഎസിനും പി സി ജോർജിന്‍റെ സ്ഥാനാർഥിത്വത്തോടെ താൽപര്യമില്ല എന്നു വേണം കരുതാൻ. ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

എന്നാൽ, മത്സരിക്കാൻ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ കെ സുരേന്ദ്രൻ വീണ്ടും പത്തനംതിട്ടയിൽ സ്ഥാനാർഥി ആയി എത്തും എന്നതും തള്ളനാവില്ല. പ്രമുഖ മുന്നണികള്‍ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമ്പോൾ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കാൻ വേണം എന്നതാണ് ജില്ലയിലെ എൻഡിഎ ക്യാമ്പിന്‍റെ ഭൂരിപക്ഷ അഭിപ്രായമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ നേടിയ മൂന്ന് ലക്ഷത്തോളം വോട്ടിനൊപ്പം മോദി ഭരണത്തിലെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾ, വിലക്കയറ്റം, മാസപ്പടി ഉൾപ്പെടെ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രചരണം നടത്തിയാൽ ഇക്കുറി പത്തനംതിട്ട നേടാം എന്ന കണക്കുകൂട്ടലിലാണ് എൻഡിഎ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.