ETV Bharat / state

ബിജെപിയുടെ സൂപ്പര്‍ ക്യാച്ചോ? ലീഡര്‍ കരുണാകരന്‍റെ മകള്‍ പത്മജ ബിജെപിയിലേക്കെന്ന് സൂചന

author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:40 PM IST

Updated : Mar 6, 2024, 11:55 PM IST

അപ്രതീക്ഷിത നീക്കത്തിൽ ചേട്ടനേയും തള്ളി പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന.എ കെ ആൻറണിയുടെ മകന് പിന്നാലെ കെ.കരുണാകരൻറെ മകളും ബിജെപിയിൽ എത്തിയത് അപൂർവ്വത.

Tags: *  Enter here.. Padmaja Venugopal  Bjp  tomorrow  ബിജെപി  കോണ്‍ഗ്രസ് നേതാവ്
Padmaja Venugopal take membership in Bjp tomorrow

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും(Padmaja Venugopal). കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഒരിക്കലും മായാത്ത മുഖങ്ങളിലൊന്നായ ലീഡര്‍ കെ കരുണാകരന്‍റെ മകളും കെ മുരളീധരന്‍ എംപിയുടെ സഹോദരിയുമാണ് പത്മജാ വേണുഗോപാല്‍.അത്തരം ഒരു നീക്കം ഇല്ലെന്ന് ആദ്യം പത്മജ പ്രതികരിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി ഡൽഹിയിലുള്ള പത്മജ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് അവർ ഔപചാരികമായി പാർട്ടി അംഗത്വം സ്വീകരിക്കും. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പത്മജയ്ക്ക് കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം നൽകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

നേരത്തെ കെടിഡിസി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തുടരുന്ന അവഗനയാണ് പത്മജയുടെ മനം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലും പാര്‍ട്ടി പരിഗണിക്കാത്തത് അവരില്‍ അസംതൃപ്‌തി ഉണ്ടാക്കിയിരുന്നു. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കേരളത്തിൽ നിന്ന് ഒഴവു വരുന്ന രാജ്യസഭാ സീറ്റ് തനിക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പത്മജയെന്നാണ് അവരോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലീഗുമായുള്ള ധാരണ പ്രകാരം രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം അവർക്ക് വാഗ്ദാനം ചെയ്തതോടെ പത്മജ വഞ്ചിക്കപ്പെട്ടെന്ന തോന്നലിലായെന്നാണ് സൂചന.

പത്മജ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി പത്മജ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2000ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ബിജെപിയിൽ ചേക്കേറി കോൺഗ്രസ് അതികായരുടെ മക്കൾ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയാണ് കേരളത്തിൽ നിന്ന് ആദ്യം ബിജെപിയിലെത്തിയ മക്കളിൽ പ്രമുഖൻ.ഒരു വർഷം മുമ്പ് ബിജെപിയിലെത്തിയ അനിൽ ആൻറണിക്ക് ബിജെപി കാര്യമായ പരിഗണന തന്നെ നൽകി. ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വക്താവ് പദവികൾ നൽകിയ അനിൽ ആൻറണിയെ കേരളത്തിൽ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള പത്തനം തിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമാക്കി.

അടുത്തയിടെയാണ് മുൻ കേരള കോൺഗ്രസ് നേതാവ് പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ അംഗത്വമെടുത്തത്. എന്നാൽ പത്മജ വേണുഗോപാലിൻറെ ബിജെപി പ്രവേശനം ഏവരെയും ഞെട്ടിക്കുകയാണ്. കോൺഗ്രസിൽ നേരിടുന്ന തുടർച്ചയായ അവഗണനയാണ് പത്മജയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കെ കരുണാകരൻറെ മകൾ കോൺഗ്രസ് പാളയം ഉപേക്ഷിക്കുമെന്ന് കരുതാൻ കോൺഗ്രസ് പ്രവർത്തകർക്ക് ബുദ്ധിമുട്ടാകും.

ഒരു കാലത്ത് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് അതികായരുടെ മക്കളെ അടർത്തിയെടുക്കാനായത് ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടമാണ്. പത്മജയ്ക്കും ലോക് സഭാ സീറ്റടക്കമുള്ള പരിഗണനയും സ്ഥാനമാനങ്ങളും ബിജെപിയിൽ ലഭിക്കാനിടയുണ്ട്.എറണാകുളം ചാലക്കുടി സീറ്റുകളിലേക്ക് പത്മജ വേണുഗോപാലിനെ പരിഗണിച്ചേക്കാമെന്ന മട്ടിൽ റിപ്പോർട്ടുകളുണ്ട്. പത്മജയുടെ ചുവടുമാറ്റം വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സഹോദരൻ കെ. മുരളീധരൻറെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരും കോൺഗ്രസിൽ ഏറെയുണ്ട്.മുതിർന്ന നേതാക്കളുടെ മക്കളെന്ന നിലയിലും അല്ലാതെയും പാർട്ടി നൽകിയ എല്ലാസൌജന്യങ്ങളും പദവികളും സ്ഥാനമാനങ്ങളും ആസ്വദിച്ച ശേഷം മറുകണ്ടം ചാടിയ പത്മജയടക്കമുള്ളവരുടെ നിലപാടിനെതിരെ അതി രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Last Updated : Mar 6, 2024, 11:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.