ETV Bharat / state

റബ്ബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക് ; ഉത്തരവാദി കേന്ദ്രമെന്ന് സര്‍ക്കാര്‍, വാഗ്‌ദാനം നടപ്പായില്ലെന്ന് പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Jan 31, 2024, 1:17 PM IST

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ വാക്കൗട്ട്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് റബ്ബറിന്‍റെ വിലത്തകര്‍ച്ച. 250 രൂപ എന്ന ഇടതുമുന്നണി വാഗ്‌ദാനം എട്ട് വര്‍ഷമായിട്ടും നടപ്പായില്ലെന്ന് പ്രതിപക്ഷം.

Assembly  Opeeositionwalkout  പ്രതിപക്ഷ വാക്ക്ഔട്ട്  റബ്ബറിന്‍റെ വിലത്തകര്‍ച്ച
Opposition walkout off assembly accusing government is silent on rubber price fall

തിരുവനന്തപുരം : റബ്ബറിൻ്റെ വില തകർച്ചയുടെ യഥാർത്ഥ ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും എൽ ഡി എഫ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത കിലോയ്ക്ക് 250 രൂപ താങ്ങുവില എന്ന വാഗ്‌ദാനം നടപ്പാക്കാൻ കേന്ദ്ര സഹായമില്ലാതെ സാധിക്കില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ(opposition walkout). എന്നാൽ റബ്ബർ വിലസ്ഥിരതാ ഫണ്ടിന് കഴിഞ്ഞ ബജറ്റിൽ 600 കോടി മാറ്റി വച്ച ശേഷം വെറും 20 കോടി മാത്രം വിതരണം ചെയ്ത് സർക്കാർ ശുദ്ധ തട്ടിപ്പാണ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു(Rubber price fall).

റബ്ബർ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ് സൈറ്റ് ഓഫ് ആക്കി സർക്കാർ തന്നെ ഈ പദ്ധതി പൊളിക്കുകയാണെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. റബ്ബർ വില 250 രൂപയാക്കുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരുറപ്പും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. റബ്ബറിൻ്റെ വിലത്തകർച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സ്വാമിനാഥൻ കമ്മിറ്റി 2006ൽ നൽകിയ ശുപാർശ റബ്ബറിന് കിലോഗ്രാമിന് 300 രൂപ താങ്ങുവില നൽകുക എന്നതാണെന്ന് മോൻസ് ചൂണ്ടിക്കാട്ടി.

2015ൽ ഉമ്മൻ ചാണ്ടി സർക്കാർ റബ്ബറിൻ്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ചു. കേന്ദ്രം സഹായം നൽകട്ടെ എന്നുപറഞ്ഞ് മാറി നിൽക്കുകയല്ല, 270 കോടി രൂപ കർഷകർക്ക് സഹായമായി നൽകുകയാണ് ചെയ്തത്. 250 രൂപ എൽഡിഎഫ് വാഗ്‌ദാനം നടപ്പാക്കിയ ശേഷം 300 രൂപയാക്കി വില ഉയർത്താൻ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. സംസ്ഥാനം ഒന്നും ചെയ്യാതെ എല്ലാം കേന്ദ്രം ചെയ്യട്ടെ എന്ന സമീപനം ശരിയല്ലെന്നും മോൻസ് ജോസഫ് പറഞ്ഞു(Adjournment motion).

എന്നാൽ ഇപ്പോഴത്തെ വിലത്തകര്‍ച്ചയുടെ മുഖ്യ പ്രതി കേന്ദ്ര സർക്കാരാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. റബ്ബറിൻ്റെ വിലത്തകർച്ച തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സമീപിച്ചെങ്കിലും ഒട്ടും അനുകൂല സമീപനമല്ല അവർ സ്വീകരിച്ചത്. ഒരിക്കലും നൻമ ലഭിക്കാത്ത ഒരു നസ്രേത്തായി കേന്ദ്രം നിൽക്കുമ്പോൾ നാം എങ്ങോട്ടാണ് പോകുകയെന്ന് കൃഷി മന്ത്രി ചോദിച്ചു. കേന്ദ്രം സഹായിക്കാതെ എല്ലാം സംസ്ഥാനം ചെയ്യട്ടെ എന്നത് പരിഹാരമല്ലെന്നും കേന്ദ്രത്തിനെതിരെ സമരത്തിന് സംസ്ഥാനം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ധനപ്രതിസന്ധിക്കു കാരണം; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

യു പി എ സർക്കാരിൻ്റെ കാലത്ത് ഏർപ്പെട്ട കരാറുകൾ മൂലമുള്ള അനിയന്ത്രിത ഇറക്കുമതിയും റബ്ബർ വിലത്തകർച്ചയ്ക്ക് കാരണമായതായി കൃഷി മന്ത്രി ആരോപിച്ചു. കിലോയ്ക്ക് 80 രൂപ വില ഉണ്ടായിരുന്നപ്പോഴാണ് ഉമ്മൻ ചാണ്ടി സർക്കാർ 2015ൽ 150 രൂപ താങ്ങുവില നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇപ്പോൾ 170 രൂപ പൊതുകമ്പോളത്തിൽ ഉള്ള സാഹചര്യത്തിൽ താങ്ങുവില അടിയന്തരമായി 250 രൂപയാക്കണം. വില തകർച്ചയിൽ ഒന്നാം പ്രതി കേന്ദ്രമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ താങ്ങുവില വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.